ഓരോ ദിവസവും പതിനായിരക്കണക്കിന് വിമാനങ്ങളാണ് സമുദ്രങ്ങൾക്കും മരുഭൂമികൾക്കും യുദ്ധമേഖലകൾക്കും മഞ്ഞുമൂടിയ ആർട്ടിക് പ്രദേശങ്ങൾക്കും മുകളിലൂടെ ലോകമെമ്പാടും സഞ്ചരിക്കുന്നത്. എന്നാൽ ഭൂമിയിലെ ഒരു പ്രദേശം മാത്രം വിമാന സർവീസുകൾ ഇല്ലാതെ ഒഴിഞ്ഞുകിടക്കുകയാണ്; അതാണ് അന്റാർട്ടിക്ക.
ഫ്ലൈറ്റ് ട്രാക്കർ എടുത്തു നോക്കിയാൽ യൂറോപ്പിലും വടക്കൻ അറ്റ്ലാന്റിക്കിലും തെക്കുകിഴക്കൻ ഏഷ്യയിലുമെല്ലാം നൂറുകണക്കിന് വിമാനങ്ങൾ കാണാമെങ്കിലും, തെക്കേ അമേരിക്കയുടെയും ഓസ്‌ട്രേലിയയുടെയും തെക്കേ അറ്റത്തിന് താഴെയുള്ള ഭാഗം പൂർണ്ണമായും ശൂന്യമായിരിക്കും. ഇതിന് പിന്നിൽ രാഷ്ട്രീയം ഒന്നുമല്ല, മറിച്ച് ഭൗതികശാസ്ത്രവും ഭൂമിശാസ്ത്രവും വ്യോമയാന സുരക്ഷയുമായി ബന്ധപ്പെട്ട ചില കാരണങ്ങളാണ് .
ലണ്ടനിൽ നിന്ന് ലോസ് ആഞ്ചലസിലേക്കോ ടൊറന്റോയിൽ നിന്ന് ടോക്കിയോയിലേക്കോ ഉള്ള വിമാനങ്ങൾ ഭൂമിയുടെ ഗോളാകൃതി പ്രയോജനപ്പെടുത്തി ആർട്ടിക് (ഉത്തരധ്രുവം) പ്രദേശത്തിന് മുകളിലൂടെയാണ് സമയം ലാഭിക്കാൻ പറക്കാറുള്ളത്. ഇതേ രീതി ദക്ഷിണാർദ്ധഗോളത്തിലും പ്രായോഗികമാക്കേണ്ടതാണ്. ഉദാഹരണത്തിന്, സിഡ്നിയിൽ നിന്ന് സാവോ പോളോയിലേക്കുള്ള വിമാനം അന്റാർട്ടിക്കയ്ക്ക് മുകളിലൂടെ പോയാൽ സമയം ഏറെ ലാഭിക്കാം. എന്നാൽ അങ്ങനെ സംഭവിക്കാത്തതിന് പ്രധാന കാരണങ്ങൾ താഴെ പറയുന്നവയാണ്:
ഇരട്ട എഞ്ചിനുള്ള ആധുനിക വിമാനങ്ങൾ ഇറ്റോപ്സ് (ETOPS – Extended-range Twin-engine Operational Performance Standards) നിയമങ്ങൾക്ക് വിധേയമായാണ് സർവീസ് നടത്തുന്നത്. ഒരു എഞ്ചിന് എന്തെങ്കിലും തകരാർ സംഭവിച്ചാൽ ഏറ്റവും അടുത്തുള്ള സുരക്ഷിതമായ വിമാനത്താവളത്തിലേക്ക് പറക്കാൻ വിമാനത്തിന് എത്ര സമയം ലഭിക്കും എന്ന് നിശ്ചയിക്കുന്ന സുരക്ഷാ മാനദണ്ഡമാണിത്. അന്റാർട്ടിക്കയ്ക്ക് മുകളിലൂടെ പറക്കുമ്പോൾ, ഒരു വലിയ വിമാനത്തിന് അടിയന്തരമായി ഇറങ്ങാൻ സാധിക്കുന്ന ഒരു വിമാനത്താവളം പോലും രണ്ടോ മൂന്നോ മണിക്കൂർ പരിധിക്കുള്ളിൽ ഇല്ല. ഈ പ്രദേശത്ത് അടിയന്തര ലാൻഡിംഗ് സംവിധാനങ്ങൾ ഇല്ലാത്തത് വ്യോമയാന നിയന്ത്രണ ഏജൻസികളെ സംബന്ധിച്ച് ഒരു വലിയ തടസ്സമാണ്.
മറ്റൊരു പ്രധാന വെല്ലുവിളി അന്റാർട്ടിക്കയിലെ കടുത്ത കാലാവസ്ഥയാണ്. വളരെ പെട്ടെന്ന് ചുഴലിക്കാറ്റിന്റെ വേഗത കൈവരിക്കുന്ന ‘കറ്റാബാറ്റിക്’ (Katabatic) കാറ്റുകൾ ഇവിടെ വീശാറുണ്ട്. ഈ പ്രദേശത്തെ കാലാവസ്ഥ കൃത്യമായി പ്രവചിക്കുന്നത് തികച്ചും പ്രയാസകരമാണ്. കൂടാതെ, ദിശ അറിയാനുള്ള നാവിഗേഷൻ സംവിധാനങ്ങളിലെ തകരാറാണ് അടുത്ത പ്രശ്നം. വിമാനങ്ങൾ സാധാരണയായി മാഗ്നറ്റിക് കോമ്പസുകളെ ആശ്രയിക്കാറുണ്ട്, എന്നാൽ ദക്ഷിണ കാന്തിക ധ്രുവം (South Magnetic Pole) അന്റാർട്ടിക്കയ്ക്കുള്ളിൽ ആയതിനാൽ ഈ പ്രദേശത്ത് കോമ്പസുകളുടെ പ്രവർത്തനം കൃത്യമാകില്ല. ആധുനിക ജിപിഎസ് (GPS) സംവിധാനങ്ങൾ ഉണ്ടെങ്കിലും, പഴയ ബാക്കപ്പ് സംവിധാനങ്ങൾ ഇപ്പോഴും കാന്തിക ദിശകളെ ആശ്രയിക്കുന്നതിനാൽ ഇത് വലിയൊരു അപകടസാധ്യതയാണ്.
ഭാവിയിൽ ജിപിഎസ് സാങ്കേതികവിദ്യയും വിമാനങ്ങളുടെ സുരക്ഷാ സംവിധാനങ്ങളും കൂടുതൽ മെച്ചപ്പെടുമ്പോൾ അന്റാർട്ടിക്കയ്ക്ക് മുകളിലൂടെയുള്ള ദീർഘദൂര സർവീസുകൾ സാധ്യമായേക്കാം. നിലവിൽ, ഗവേഷകർക്ക് വേണ്ടിയുള്ള ചില പ്രത്യേക വിമാനങ്ങളും ഓസ്‌ട്രേലിയ, ചിലി എന്നിവിടങ്ങളിൽ നിന്നുള്ള വിനോദസഞ്ചാര വിമാനങ്ങളും മാത്രമാണ് അന്റാർട്ടിക്കയുടെ ആകാശത്തിലൂടെ പരിമിതമായി യാത്ര നടത്തുന്നത്. അതിനാൽ തൽക്കാലം സുരക്ഷ മുൻനിർത്തി അന്റാർട്ടിക്കയുടെ ആകാശം വിമാനങ്ങളില്ലാതെ ശാന്തമായി തുടരുകയാണ്.




