Oddly News

40 വർഷത്തെ കാത്തിരിപ്പ്, 22 ലക്ഷം രൂപ! ഇന്ത്യയിലെ ജിംഖാന ക്ലബ്ബുകളിൽ അംഗത്വം നേടുക അത്ര എളുപ്പമല്ല !

ചില ക്ലബ്ബുകളിൽ നമ്മൾ എളുപ്പത്തിൽ അംഗങ്ങളാകും, എന്നാൽ മറ്റ് ചില ക്ലബ്ബുകളിലെ അംഗത്വത്തിനായി പതിറ്റാണ്ടുകളോളം കാത്തിരിക്കേണ്ടി വരും. ഇന്ത്യയിലെ ജിംഖാന സംസ്കാരത്തിൽ അംഗത്വം എന്നത് വെറുമൊരു നീന്തൽക്കുളത്തിലോ ടെന്നീസ് കോർട്ടിലോ കയറാനുള്ള അനുമതിയല്ല. അത് പാരമ്പര്യം, ഉദ്യോഗസ്ഥ മേധാവിത്വം, സാമൂഹിക ബന്ധങ്ങൾ, പണ്ടേയുള്ള സമ്പന്ന സംസ്കാരം, തലമുറകളോളം നീളുന്ന ക്ഷമ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു.

ചില കുടുംബങ്ങൾ തങ്ങളുടെ കുട്ടികൾ വലുതാകുമ്പോൾ അംഗത്വം കിട്ടുമെന്ന പ്രതീക്ഷയിൽ അവരുടെ ചെറുപ്പത്തിൽത്തന്നെ പേര് രജിസ്റ്റർ ചെയ്യാറുണ്ട്. ഇപ്പോൾ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന ഡൽഹി ജിംഖാന ക്ലബ് വീണ്ടും വാർത്തകളിൽ നിറയുന്നത് അവിടുത്തെ പുൽത്തകിടികൾ കൊണ്ടല്ല, മറിച്ച് കേന്ദ്ര സർക്കാരുമായുള്ള ഭൂമി തർക്കത്തിന്റെ പേരിലാണ്. ലൂട്ടിയൻസ് ഡൽഹിയിൽ 27.3 ഏക്കറിലായി പരന്നുകിടക്കുന്ന ഈ ക്ലബ്ബിന്, പ്രതിരോധ ആവശ്യങ്ങൾക്കും പൊതു സുരക്ഷയ്ക്കുമായി ഭൂമി വേണമെന്ന് കാണിച്ച് സർക്കാർ അടുത്തിടെ ഒഴിപ്പിക്കൽ നോട്ടീസ് നൽകിയിരുന്നു. ഈ വിഷയം ഇപ്പോൾ ഡൽഹി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇതോടെ, ഈ ക്ലബ്ബിൽ എങ്ങനെയാണ് അംഗത്വം ലഭിക്കുക എന്ന ചോദ്യം വീണ്ടും ഉയർന്നു വരികയാണ്.

ബ്രിട്ടീഷ് ഭരണകാലത്താണ് ‘ജിംഖാന’ എന്ന വാക്ക് ഇന്ത്യയിൽ പ്രചാരത്തിലാകുന്നത്. റിപ്പോർട്ടുകൾ പ്രകാരം 1854-ൽ ആദ്യമായി രേഖപ്പെടുത്തപ്പെട്ട ഈ വാക്ക്, ‘പന്തു കളിക്കുന്ന സ്ഥലം’ എന്നർത്ഥം വരുന്ന ‘ഗേന്ദ്-ഖാന’ എന്ന ഹിന്ദി പ്രയോഗത്തിൽ നിന്നാണ് ഉണ്ടായതെന്ന് കരുതപ്പെടുന്നു. പിന്നീട് ‘ജിംനേഷ്യം’ പോലുള്ള ഇംഗ്ലീഷ് വാക്കുകളുടെ സ്വാധീനത്താൽ ഇത് ‘ജിംഖാന’ എന്നായി മാറി. ഇന്ത്യയിലുണ്ടായിരുന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥർ കുതിരസവാരി, കായികം, വിനോദം, ഒത്തുചേരലുകൾ എന്നിവയ്ക്കായി തുടങ്ങിയതാണ് ഇത്തരം ക്ലബ്ബുകൾ. കാലക്രമേണ ഇവ കായികം, സ്വാധീനം, സാമൂഹിക പദവി എന്നിവയുടെ കേന്ദ്രങ്ങളായി മാറി.

ഇന്ത്യയിലെ പല പ്രമുഖ ജിംഖാനകൾക്കും നൂറ്റാണ്ടിലധികം പഴക്കമുണ്ട്. ആധുനിക ജിമ്മുകൾ പോലെയല്ല, മറിച്ച് ടെന്നീസ് കോർട്ടുകൾ, ബാറുകൾ, ലൈബ്രറികൾ, കാർഡ് റൂമുകൾ, കോട്ടേജുകൾ, വലിയ പുൽത്തകിടികൾ എന്നിവയുള്ള വലിയൊരു ആഡംബര ലോകമാണ് ഇവ. ഇന്നും ഇന്ത്യൻ നഗരങ്ങളിലെ സമ്പന്നർക്കിടയിൽ ഈ ക്ലബ്ബുകൾക്ക് വലിയ സ്ഥാനമുണ്ട്. ചിലത് സർക്കാർ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടിരിക്കുമ്പോൾ, മറ്റു ചിലത് പാരമ്പര്യത്തിന്റെ പദവി ചിഹ്നമായി നിലകൊള്ളുന്നു. വിപണിയിൽ പുതിയ ആഡംബര ക്ലബ്ബുകൾ വന്നിട്ടും പഴയ ജിംഖാനകളുടെ മൂല്യം കുറയാത്തതിന് കാരണം അവിടുത്തെ അംഗത്വത്തിന്റെ ദൗർലഭ്യമാണ്.

ഡൽഹി ജിംഖാനയിലെ അംഗത്വ രീതികളെക്കുറിച്ച് അന്വേഷിച്ചപ്പോൾ ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. നിലവിൽ പ്രത്യേക സ്വാധീനമോ തസ്തികയോ ഇല്ലാത്ത ഒരു സാധാരണക്കാരൻ അപേക്ഷിച്ചാൽ അംഗത്വം ലഭിക്കാൻ ഏകദേശം 40 വർഷം കാത്തിരിക്കണം. നിലവിൽ ഈ ക്ലബ്ബിൽ 5,600 സ്ഥിരം അംഗങ്ങളാണുള്ളത്. നിലവിലുള്ള ആരെങ്കിലും രാജിവെക്കുകയോ മരിക്കുകയോ ചെയ്യുമ്പോൾ മാത്രമാണ് പുതിയൊരാൾക്ക് അവസരം ലഭിക്കുന്നത്. ഈ പരിമിത എണ്ണമാണ് നീണ്ട കാത്തിരിപ്പ് പട്ടികയ്ക്ക് കാരണം.

ഇതിൽ സർക്കാർ ഉദ്യോഗസ്ഥർക്കും അല്ലാത്തവർക്കും വ്യത്യസ്ത സമയക്രമവും ഫീസുമാണുള്ളത്. സർക്കാർ വിഭാഗത്തിലുള്ളവർക്ക് 15 മുതൽ 20 വർഷം വരെ കാത്തിരിക്കേണ്ടി വരുമ്പോൾ ഫീസ് 5.5 ലക്ഷം രൂപയാണ്. എന്നാൽ സാധാരണക്കാർക്ക് 35 മുതൽ 40 വർഷത്തെ കാത്തിരിപ്പും 22 ലക്ഷം രൂപയോളവുമാണ് ചെലവ്. രണ്ട് വിഭാഗക്കാർക്കും വെയ്റ്റിംഗ് ലിസ്റ്റിൽ പേര് വരാൻ മാത്രം 1.5 ലക്ഷം രൂപ നൽകണം. സ്ഥിരം അംഗങ്ങളുടെ മക്കൾക്ക് ചില ഇളവുകളോടെ കുറച്ചുകൂടി എളുപ്പത്തിൽ അംഗത്വം ലഭിക്കുമെങ്കിലും കോവിഡ് കാലത്തിന് ശേഷം കഴിഞ്ഞ ആറ് വർഷമായി ഈ പ്രക്രിയയും നിർത്തിവെച്ചിരിക്കുകയാണ്. ഇത് ക്ലബ്ബിൽ യുവാക്കളുടെ കുറവിനും പുതിയ അംഗത്വങ്ങൾ പൂർണ്ണമായി തടസ്സപ്പെടുന്നതിനും കാരണമായിട്ടുണ്ട്.

പേരിൽ ജിംഖാന എന്നുണ്ടെങ്കിലും ഇത് വെറുമൊരു കായിക ക്ലബ്ബല്ല. ഡൽഹി ജിംഖാന ക്ലബ് അതിനുള്ളിൽത്തന്നെ വലിയൊരു ലോകമാണ്. 26 പുൽ ടെന്നീസ് കോർട്ടുകൾ, സ്ക്വാഷ്, ബാഡ്മിന്റൺ കോർട്ടുകൾ, നീന്തൽക്കുളം എന്നിവയ്ക്ക് പുറമെ റെസ്റ്റോറന്റുകൾ, ബാറുകൾ, ലൈബ്രറികൾ, മസാജ് സെന്ററുകൾ, അതിഥികൾക്കായുള്ള കോട്ടേജുകൾ എന്നിവയെല്ലാം ഇവിടെയുണ്ട്. ബിസിനസ്സ് ചർച്ചകൾക്കും കുടുംബ സംഗമങ്ങൾക്കും വിവാഹങ്ങൾക്കും വരെ ആളുകൾ ഈ ക്ലബ്ബിനെയാണ് ആശ്രയിക്കുന്നത്. ഇതിനൊപ്പം കർശനമായ വസ്ത്രധാരണ രീതിയും ഇവിടെയുണ്ട്. ആധുനിക ക്ലബ്ബുകൾ ജീൻസും ടി-ഷർട്ടും അനുവദിക്കുമ്പോൾ ഡൽഹി ജിംഖാനയിൽ ഫോർമൽ സ്യൂട്ടുകൾ, ബന്ധ്ഗാല, ജോധ്പൂരി കോട്ടുകൾ, കോളറുള്ള ഷർട്ടുകൾ, പരമ്പരാഗത വസ്ത്രങ്ങളായ അച്കൻ, ചുരിദാർ എന്നിവയൊക്കെയാണ് അനുവദനീയം. ഷോട്സ്, കായിക വസ്ത്രങ്ങൾ, സ്ലോഗൻ അടങ്ങിയ ടി-ഷർട്ടുകൾ, കീറിയ ജീൻസുകൾ, റബ്ബർ ചെരുപ്പുകൾ എന്നിവ ധരിച്ച് പ്രധാന കെട്ടിടത്തിൽ പ്രവേശിക്കാൻ കഴിയില്ല. സ്പോർട്സ് കളിക്കുന്നതിനും പ്രത്യേക വസ്ത്രധാരണ രീതിയുണ്ട്.

ഡൽഹി ജിംഖാന മാത്രമല്ല, ഇന്ത്യയിലെ മറ്റ് പ്രമുഖ ജിംഖാനകളുടെ അവസ്ഥയും സമാനമാണ്. മുംബൈ ജിംഖാനയുമായി ബന്ധപ്പെട്ടപ്പോൾ നിലവിൽ യാതൊരു ഒഴിവുമില്ലെന്നും, ഒഴിവില്ലാത്തതിനാൽ ഫീസ് അറിയുന്നതിൽ അർത്ഥമില്ലെന്നുമാണ് അവർ മറുപടി നൽകിയത്. ചെന്നൈ ജിംഖാനയെക്കുറിച്ചുള്ള വിവരങ്ങളും വളരെ പരിമിതമാണ്. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായി നോയിഡയിലെ സ്റ്റെല്ലാർ ജിംഖാന പോലുള്ള പുതിയ പ്രൈവറ്റ് ക്ലബ്ബുകൾ നിശ്ചിത തുക വാങ്ങി എളുപ്പത്തിൽ അംഗത്വം നൽകുന്നുണ്ട്. അവിടെ 5 വർഷത്തേക്ക് 2.25 ലക്ഷം രൂപയും ലൈഫ് ടൈം അംഗത്വത്തിന് 6 ലക്ഷം രൂപയുമാണ് ഈടാക്കുന്നത്. പഴയ ക്ലബ്ബുകൾ ഇപ്പോഴും പാരമ്പര്യത്തിലും പ്രഭിത്വത്തിലും വിശ്വസിക്കുമ്പോൾ പുതിയവ പ്രീമിയം സബ്‌സ്‌ക്രിപ്ഷൻ രീതിയിലാണ് പ്രവർത്തിക്കുന്നത്. ഇത്രയും കാലം ആളുകൾ എന്തിനാണ് കാത്തിരിക്കുന്നത് എന്ന് ചോദിച്ചാൽ, പ്രധാന നഗരങ്ങളിലെ മികച്ച സൗകര്യങ്ങൾക്കൊപ്പം സമൂഹത്തിലെ ഉന്നതരായ ഐഎഎസ് ഉദ്യോഗസ്ഥർ, സൈനിക മേധാവികൾ, നയതന്ത്രജ്ഞർ, ജഡ്ജിമാർ എന്നിവരുമായി ബന്ധം സ്ഥാപിക്കാനും തങ്ങളുടെ ഉയർന്ന സാമൂഹിക പദവി കാണിക്കാനും കൂടിയാണ് ഈ കാത്തിരിപ്പ്.

Leave a Reply

Your email address will not be published. Required fields are marked *