ദുബായിലെ സമ്പന്നരായ ഇന്ത്യൻ പ്രവാസികൾ പങ്കെടുക്കുന്ന നെറ്റ്ഫ്ലിക്സ് റിയാലിറ്റി ഷോയായ ‘ദേസി ബ്ലിങ്ങിൽ’ പ്രമുഖ വ്യവസായി ദമ്പതികളായ സതീഷ് സൻപാലും ഭാര്യ തബിന്ദ സൻപാലും നടത്തിയ ചില പ്രതികരണങ്ങൾ വലിയ വിവാദങ്ങൾക്ക് കാരണമായിരിക്കുകയാണ്. ഭർത്താവ് മറ്റ് സ്ത്രീകൾക്കൊപ്പം സമയം ചിലവഴിക്കുന്നതിൽ തനിക്ക് യാതൊരു എതിർപ്പുമില്ലെന്ന തബിന്ദയുടെ നിലപാടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലടക്കം വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്.
ഷോയിൽ സതീഷ് തന്റെ ജീവിതരീതിയെക്കുറിച്ച് സംസാരിച്ചതോടെയാണ് ഈ വിവാദങ്ങളുടെ തുടക്കം. പണം ദൈവത്തെപ്പോലെ തന്നെ പ്രധാനപ്പെട്ടതാണെന്നും, സ്ത്രീകൾ തന്നെ ശ്രദ്ധിക്കുന്നത് ഇഷ്ടമുള്ളതുകൊണ്ടാണ് താൻ ആകർഷകമായ വസ്ത്രങ്ങൾ ധരിക്കുന്നതെന്നും സതീഷ് തുറന്നുപറഞ്ഞു. ഭർത്താവിന്റെ ഈ വാക്കുകളെ പൂർണ്ണമായി പിന്തുണയ്ക്കുന്ന രീതിയിലാണ് ഭാര്യ തബിന്ദ പിന്നീട് സംസാരിച്ചത്.
സതീഷിന് മറ്റ് സ്ത്രീകളോടൊപ്പം പാർട്ടി ചെയ്യാനും സമയം ചിലവഴിക്കാനും ഒരുപാട് ഇഷ്ടമാണെന്നും, പണ്ട് തനിക്ക് അസൂയ തോന്നിയിരുന്നെങ്കിലും ഇപ്പോൾ അദ്ദേഹത്തെ പൂർണ്ണമായി വിശ്വസിക്കുന്നുണ്ടെന്നും തബിന്ദ വ്യക്തമാക്കി. ഭർത്താവ് മറ്റ് സ്ത്രീകൾക്കൊപ്പം പോകുന്നതിൽ തനിക്ക് പ്രശ്നമില്ലെന്നും, എന്നാൽ സ്ഥിരമായി ഒരേ സ്ത്രീയോടൊപ്പം സമയം ചിലവഴിച്ചാൽ അവിടെ വൈകാരികമായ അടുപ്പം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ അത് സമ്മതിക്കില്ലെന്നും തബിന്ദ കൂട്ടിച്ചേർത്തു.
കൂടാതെ, ഭാര്യ എല്ലാ ദിവസവും രാവിലെ ഭർത്താവിന്റെ കാൽ തൊട്ട് വന്ദിച്ചാൽ വീട്ടിൽ ഐശ്വര്യം വരുമെന്നാണ് സതീഷ് വിശ്വസിക്കുന്നതെന്നും, അതുകൊണ്ട് താൻ എല്ലാ ദിവസവും രാവിലെ ഭർത്താവിന്റെ കാൽ തിരുമ്മി കൊടുക്കാറുണ്ടെന്നും തബിന്ദ ഷോയിൽ വെളിപ്പെടുത്തി. ഈ പ്രസ്താവനകൾ പുറത്തുവന്നതോടെ ദമ്പതികൾക്കെതിരെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് ഉയരുന്നത്.
വിവാഹേതര ബന്ധങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഇത്തരം നിലപാടുകൾക്കെതിരെ സിനിമാ സംവിധായിക ലക്ഷ്മി ആർ. അയ്യർ ഉൾപ്പെടെയുള്ള പ്രമുഖർ രംഗത്തെത്തി. ഒരേ സ്ത്രീ സ്ഥിരമായി കൂടെയില്ലെങ്കിൽ ഭർത്താവ് മറ്റ് സ്ത്രീകളോടൊപ്പം പോകുന്നത് തെറ്റല്ലെന്ന് ഭാര്യ പറയുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും, ഇത്തരം വിഡ്ഢിത്തങ്ങൾ സാധാരണ വൽക്കരിക്കരുതെന്നും ലക്ഷ്മി പറഞ്ഞു. ദാമ്പത്യത്തിലെ വിശ്വസ്തതയും സത്യസന്ധതയും ഇന്നും ഏറെ വിലപ്പെട്ടതാണെന്നും, തെറ്റായ കാര്യങ്ങൾ ശരിയാണെന്ന് വരുത്തിതീർക്കാൻ സോഷ്യൽ മീഡിയയെ അനുവദിക്കരുതെന്നും അവർ ഓർമ്മിപ്പിച്ചു.




