Crime

ചിത്രങ്ങളയച്ച്‌ ഇടപാടുകാരുമായി വിലപേശി സിന്ധു; സെക്സ് റാക്കറ്റ് ചാറ്റ് പുറത്ത് , ജോലിക്ക് 4.70 ലക്ഷം രൂപ

കൊച്ചി∙ മോഡലിങ് വാഗ്ദാനം നൽകി കേരളത്തിൽ നിന്നുള്ള യുവതികളെ ദുബായിലേക്ക് കടത്തി പെൺവാണിഭത്തിന് ഇരയാക്കിയ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. കേസിലെ ഒന്നാം പ്രതിയായ സിന്ധു എന്ന സ്റ്റോയിസി (56) യുവതികളുടെ ചിത്രങ്ങൾ അയച്ചുകൊടുത്ത് വിലപേശൽ നടത്തിയിരുന്നതിന്റെ നിർണായക തെളിവുകൾ അന്വേഷണസംഘം കണ്ടെത്തി.

മുംബൈയിൽ നിന്ന് അറസ്റ്റ് ചെയ്ത സിന്ധുവിനെ കൊച്ചിയിലെത്തിച്ച് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. സിന്ധുവാണ് ഈ സെക്സ് റാക്കറ്റിന്റെ പ്രധാന കണ്ണി എന്നാണ് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. കൊച്ചിയിലെ ഗുണ്ടാ-ക്രിമിനൽ സംഘങ്ങളുമായി ഇവർക്ക് അടുത്ത ബന്ധമുണ്ടെന്നും റിപ്പോർട്ടിലുണ്ട്. കേസിൽ മൂന്നും നാലും പ്രതികളായ മഞ്ജിമ പി., അലീന എബ്രഹാം എന്നിവരെ നേരത്തെ തന്നെ കോടതി റിമാൻഡ് ചെയ്തിരുന്നു. നിലവിൽ ദുബായിലുള്ള രണ്ടും അഞ്ചും പ്രതികളായ സ്ത്രീകളെ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.

കഴിഞ്ഞ ഫെബ്രുവരി ആദ്യമാണ് തന്റെ മകളുടെ പേരിലുള്ള ഇവന്റ് മാനേജ്മെന്റ് കമ്പനിയിൽ മേക്ക്അപ്പ് ആർട്ടിസ്റ്റായി ജോലി നൽകാമെന്ന് പറഞ്ഞ് സിന്ധു പരാതിക്കാരിയായ യുവതിയെ ദുബായിലേക്ക് കൊണ്ടുപോകുന്നത്. ജോലി ശരിയാക്കുന്നതിനായി 4.70 ലക്ഷം രൂപയും ഇവർ വാങ്ങിയിരുന്നു. ദുബായിലെത്തിച്ച യുവതിയെ ബർദുബായിലെ റോളർ സ്ട്രീറ്റിലുള്ള ഒരു അപ്പാർട്ടമെന്റിൽ തടങ്കലിൽ പാർപ്പിച്ചു. തുടർന്ന് കോളയിൽ വെളുത്ത പൊടി കലർത്തി നൽകി മയക്കിയ ശേഷം പുരുഷന്മാർക്ക് ലൈംഗികമായി ഉപയോഗിക്കാൻ വിൽക്കുകയായിരുന്നു എന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. മൂന്നും നാലും പ്രതികളായ മഞ്ജിമയും അലീനയും പണം വാങ്ങിയ ശേഷമാണ് പുരുഷന്മാരെ പരാതിക്കാരിയുടെ മുറിയിലേക്ക് കടത്തിവിട്ടത്. യുവതിയെ കൂട്ടബലാത്സംഗം ചെയ്യുന്ന ദൃശ്യങ്ങൾ സിന്ധു മൊബൈലിൽ പകർത്തി യുവതിയുടെ ഭർത്താവിനും ബന്ധുക്കൾക്കും അയച്ചു കൊടുക്കുകയും ചെയ്തു.

ദുബായിലേക്ക് കടത്തിയ യുവതികളുടെ ചിത്രങ്ങൾ വാട്സ്ആപ്പ് വഴി അയച്ച് സിന്ധു ഇടപാടുകാരുമായി വിലപേശിയതിന്റെ വ്യക്തമായ തെളിവുകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. സിന്ധുവിന്റെ ഫോൺ രേഖകൾ അന്വേഷണസംഘം വിശദമായി പരിശോധിച്ച് വരികയാണ്. മറ്റൊരു യുവതിയെയും ഇതേ രീതിയിൽ ചതിയിൽപ്പെടുത്തി ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി സൂചനയുണ്ട്. കേസിലെ രണ്ടാം പ്രതി പരാതിക്കാരിയെ ചൂരൽ കൊണ്ട് ക്രൂരമായി മർദിച്ചെന്നും, അഞ്ചാം പ്രതി ശാരീരികമായും മാനസികമായും പീഡിപ്പിച്ച് പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു.

മഞ്ജിമയും അലീനയും സിന്ധുവുമായി നിരന്തരം വാട്സ്ആപ്പിൽ ബന്ധപ്പെട്ടിരുന്നതിനും ഇവർക്ക് യുപിഐ വഴി സിന്ധു പണം കൈമാറിയതിനും തെളിവുകളുണ്ട്. കൂടാതെ, നാലാം പ്രതി അലീനയുടെ സുഹൃത്തും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ ഔറംഗസേബ് എന്നയാൾക്ക് സിന്ധു പണം അയച്ചു നൽകിയതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.