Featured Spotlight

നീറ്റ്‌: കള്ളൻ കപ്പലിൽ തന്നെ? ചോദ്യം തയ്യാറാക്കാൻ എൻടിഎ നിയോഗിച്ച സമിതിയിലെ പ്രൊഫസർ അറസ്റ്റിൽ

നീറ്റ്‌ യു.ജി.-2026 ചോദ്യക്കടലാസ്‌ ചോര്‍ച്ചാ കേസില്‍ മുഖ്യസൂത്രധാരനെന്ന് സംശയിക്കുന്ന മഹാരാഷ്‌ട്ര സ്വദേശിയായ കെമിസ്‌ട്രി ലക്‌ചറര്‍ പി.വി. കുല്‍ക്കര്‍ണിയെ സി.ബി.ഐ. പിടികൂടി.

ലാത്തൂരിലെ ദയാനന്ദ സയന്‍സ്‌ കോളജിലെ അധ്യാപകനായ ഇയാള്‍, എന്‍.ടി.എയുടെ ചോദ്യപേപ്പര്‍ തയാറാക്കുന്ന സംഘത്തില്‍ അംഗമായിരുന്നു എന്ന സൂചനകളുണ്ട്. പുനെയില്‍ വെച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇതോടെ ഈ അഴിമതിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം എട്ടായി ഉയര്‍ന്നു.

നേരത്തെ പിടിയിലായ മനീഷ വാഗ്‌മെയറുമായി ചേര്‍ന്നാണ് കുല്‍ക്കര്‍ണി ഈ തട്ടിപ്പ് ആസൂത്രണം ചെയ്തതെന്ന് സി.ബി.ഐ. കരുതുന്നു. ഏപ്രില്‍ അവസാനത്തോടെ വിദ്യാര്‍ഥികളെ സംഘടിപ്പിക്കുകയും പുനെയിലെ തന്റെ വീട്ടില്‍ വെച്ച് ഇവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുകയും ചെയ്തു.

പരീക്ഷാ ചോദ്യങ്ങളും അവയുടെ ശരിയുത്തരങ്ങളും ഈ ക്ലാസില്‍ വെച്ച് ഇയാള്‍ വിദ്യാര്‍ഥികള്‍ക്ക് കൈമാറി. മേയ് മൂന്നിന് നടന്ന പരീക്ഷയില്‍ ഈ ചോദ്യങ്ങള്‍ തന്നെ വന്നത് ക്ലാസില്‍ പങ്കെടുത്തവര്‍ക്ക് സഹായകമായി. ഇതിനായി ലക്ഷങ്ങളാണ് വിദ്യാര്‍ഥികളില്‍ നിന്ന് വാങ്ങിയത്. സംഭവത്തില്‍ ഉള്‍പ്പെട്ട ഇടനിലക്കാരെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണെന്ന് മന്ത്രാലയം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *