Spotlight

‘ആ വൻമരത്തെ അണികൾ വീഴ്ത്തി, തോളിലേറ്റിയ ജനങ്ങൾ തന്നെ താഴെയിറക്കും’; ഷാഫിക്കെതിരെ സൈബർ ആക്രമണം കടുക്കുന്നു

നിയമസഭാ തിരഞ്ഞെടുപ്പിൽ അറുപത്തിയൊൻപതോളം മണ്ഡലങ്ങളിൽ പ്രചാരണം നടത്തി കേരളത്തിലെ ഏറ്റവും വലിയ ജനപ്രിയ നേതാവ് എന്ന വിശേഷണം സ്വന്തമാക്കിയ വ്യക്തിയാണ് ഷാഫി പറമ്പിൽ. എന്നാൽ തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ മുഖ്യമന്ത്രി പദത്തെച്ചൊല്ലി നടന്ന ചർച്ചകളിൽ ഷാഫിക്കെതിരെ സമൂഹമാധ്യമങ്ങളിൽ കടുത്ത വിമർശനമാണ് ഉയരുന്നത്. കെ.സി. വേണുഗോപാലിനായി ഷാഫി പിന്തുണ തേടിയെന്ന വാർത്തകൾ പുറത്തുവന്നതോടെയാണ് ഈ പ്രതിഷേധങ്ങൾ ആരംഭിച്ചത്.

തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ഉമ്മൻചാണ്ടിയെ അനുസ്മരിച്ചുകൊണ്ട് ഷാഫി ഫേസ്‌ബുക്കിൽ പങ്കുവെച്ച പോസ്റ്റിന് താഴെ ഇപ്പോൾ വിമർശനങ്ങളുടെ പെരുമഴയാണ്. ആദ്യദിവസങ്ങളിൽ വിജയാഹ്ലാദ പ്രകടനങ്ങളായിരുന്നു കമന്റ് ബോക്സിലുണ്ടായിരുന്നതെങ്കിൽ, ഇപ്പോൾ അത് വെല്ലുവിളികൾക്കും അധിക്ഷേപങ്ങൾക്കും വഴിമാറിയിരിക്കുകയാണ്. യുവ എം.എൽ.എമാരെ സ്വാധീനിച്ച് കെ.സി. വേണുഗോപാലിന് അനുകൂലമായ നിലപാടെടുക്കാൻ ഷാഫി ശ്രമിച്ചുവെന്നാണ് പ്രധാന ആരോപണം.

യു.ഡി.എഫ് പ്രവർത്തകരോട് ഷാഫി മാപ്പ് പറയണമെന്നും ജനഹിതം മറന്ന് സ്വാർത്ഥ താൽപ്പര്യങ്ങൾക്കായി നിലകൊള്ളുന്ന നേതാവിനെ ജനങ്ങൾ തന്നെ താഴെയിറക്കുമെന്നും കമന്റുകളിൽ കാണാം. ഗ്രൂപ്പിനേക്കാൾ വലുത് പാർട്ടിയാണെന്നും ഷാഫി എന്ന വലിയ നേതാവിനെ അണികൾ തന്നെ കൈവിടുമെന്നും പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വി.ഡി. സതീശൻ സ്വീകരിച്ച നിലപാടാണ് ഷാഫിയുടെ ഇപ്പോഴത്തെ നീക്കങ്ങൾക്ക് പിന്നിലെന്ന് വിശ്വസിക്കുന്നവരും കുറവല്ല.

വടകരയിലെ മിന്നും വിജയത്തിന് ശേഷമാണ് ഷാഫിക്ക് കോൺഗ്രസിനുള്ളിൽ വലിയൊരു താരപരിവേഷം ലഭിച്ചത്. കേരളത്തിലുടനീളം അദ്ദേഹം നടത്തിയ പ്രചാരണങ്ങളിൽ വലിയ ജനപങ്കാളിത്തം ദൃശ്യമായിരുന്നു. ഷാഫിയെ ജനപ്രിയ നേതാവാക്കി മാറ്റുന്നതിൽ നിർണ്ണായക പങ്കുവഹിച്ച അതേ സോഷ്യൽ മീഡിയ തന്നെയാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ നീക്കങ്ങൾ പാളിയപ്പോൾ ഇപ്പോൾ അദ്ദേഹത്തിനെതിരെ തിരിഞ്ഞിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

Leave a Reply

Your email address will not be published. Required fields are marked *