തന്റെ മരണശേഷം ശരീരം വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനായി ഗവൺമെന്റ് മെഡിക്കൽ കോളേജിന് വിട്ടുനൽകുമെന്ന് പ്രഖ്യാപിച്ചപ്പോള്‍ പരിഹസിച്ച നാട്ടുകാര്‍ക്കുള്ള മറുപടിയായി ജീവിച്ചിരിക്കെ സ്വന്തം മരണാനന്തര ചടങ്ങുകൾ നടത്താനൊരുങ്ങി മധ്യപ്രദേശ് സ്വദേശി.
സത്‌ന ജില്ലയിലെ ഉച്ചെഹ്‌റയിലുള്ള അത്രബേദിയ ഗ്രാമവാസി രാംലോട്ടൻ കുശ്വാഹയാണ് തന്റെ ‘തേരഹ്വി’ (മരണാനന്തരമുള്ള പതിമൂന്നാം ചടങ്ങ്), ‘വർഷി’ എന്നീ കർമ്മങ്ങൾ ജീവിച്ചിരിക്കെ തന്നെ നടത്താൻ തീരുമാനിച്ചത്. മേയ് 13-ന് നിശ്ചയിച്ചിരിക്കുന്ന ചടങ്ങുകൾക്കായി ശരവേദി കാർഡുകൾ അച്ചടിച്ച് അദ്ദേഹം ബന്ധുക്കളെയും സുഹൃത്തുക്കളെയും ക്ഷണിച്ചു കഴിഞ്ഞു.
തന്റെ മരണശേഷം ശരീരം സത്‌ന ഗവൺമെന്റ് മെഡിക്കൽ കോളേജിന് വിട്ടുനൽകുമെന്ന് കുശ്വാഹ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ മരണാനന്തര ചടങ്ങുകൾക്കുള്ള ഭാരിച്ച ചിലവ് ഒഴിവാക്കാനാണ് ഇയാൾ മൃതദേഹദാനത്തിന് മുതിരുന്നത് എന്ന് പറഞ്ഞ് ഒരു വിഭാഗം ആളുകൾ അദ്ദേഹത്തെ പരിഹസിച്ചു. ഈ പരിഹാസങ്ങൾക്കുള്ള മറുപടിയായാണ് തന്റെ മരണാനന്തര ചടങ്ങുകൾ സ്വന്തം മേൽനോട്ടത്തിൽ തന്നെ നടത്താൻ അദ്ദേഹം തീരുമാനിച്ചത്.
ഔഷധ സസ്യങ്ങളുടെയും തനത് വിത്തിനങ്ങളുടെയും സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന കുശ്വാഹയെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ‘മൻ കി ബാത്ത്’ പരിപാടിയിലൂടെ പ്രശംസിച്ചിട്ടുണ്ട്. 2024-ൽ ഭോപ്പാലിൽ നടന്ന ചടങ്ങിൽ അദ്ദേഹത്തിന് സംസ്ഥാന ജൈവവൈവിധ്യ പുരസ്കാരവും ലഭിച്ചിരുന്നു.
മൃതദേഹദാനം പോലുള്ള സാമൂഹിക പ്രതിബദ്ധതയുള്ള തീരുമാനങ്ങളെ സമൂഹം എങ്ങനെ കാണുന്നു എന്നതിനോടുള്ള ഒരു പ്രതിഷേധം കൂടിയാണ് കുശ്വാഹയുടെ ഈ അപൂർവ്വ നീക്കം. പ്രദേശവാസികൾക്കിടയിൽ ഈ സംഭവം വലിയ ചർച്ചയായിരിക്കുകയാണ്.




