കോട്ടയം മാങ്ങാനത്ത് അമ്മ മരിച്ചതറിയാതെ മാനസിക വെല്ലുവിളി നേരിടുന്ന മകൻ മൃതദേഹത്തിന് മൂന്നുദിവസത്തോളം കാവലിരുന്ന സംഭവം നാടിനെ നൊമ്പരപ്പെടുത്തി. സർവേ ഡിപ്പാർട്ട്മെന്റിൽനിന്നു വിരമിച്ച ഭാനുമതി (80) ആണ് വീടിനുള്ളിൽ മരിച്ചത്. ഇവരുടെ ഏക മകൻ പ്രവീൺ (40) ആണ് മൃതദേഹത്തിനൊപ്പം കഴിഞ്ഞിരുന്നത്. ദിവസങ്ങളോളം വീടിനുള്ളിൽ കഴിഞ്ഞ പ്രവീൺ പുറത്തുള്ളവർ അമ്മയെക്കുറിച്ച് അന്വേഷിച്ചപ്പോൾ അസുഖമായി കിടക്കുകയാണെന്ന് മാത്രമാണ് മറുപടി നൽകിയിരുന്നത്.
വീട്ടിൽനിന്ന് അസഹനീയമായ ദുർഗന്ധം വമിക്കാൻ തുടങ്ങിയതോടെയാണ് അയൽവാസികൾക്കും ബന്ധുക്കൾക്കും സംശയം തോന്നിയത്. തുടർന്ന് ഇവർ വാർഡ് മെമ്പറെയും പോലീസിനെയും വിവരമറിയിച്ചു. പോലീസിന്റെ സഹായത്തോടെ വീടിന്റെ പിൻവാതിൽ തകർത്ത് അകത്തുകയറി പരിശോധിച്ചപ്പോഴാണ് ഭാനുമതിയെ കട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മ മരിച്ച വിവരം തിരിച്ചറിയാൻ സാധിക്കാത്ത അവസ്ഥയിലായിരുന്നു മകൻ പ്രവീൺ.
ഈസ്റ്റ് പോലീസ് സ്ഥലത്തെത്തി പ്രവീണിനെ വീട്ടിൽനിന്ന് മാറ്റിയ ശേഷമാണ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയത്. മൃതദേഹം പിന്നീട് പോസ്റ്റ്മോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി. വർഷങ്ങൾക്ക് മുൻപ് ഭാനുമതിയുടെ ഭർത്താവ് ഭാസ്കരൻ മരിച്ചിരുന്നു. അതിനുശേഷം അമ്മയും മകനും മാത്രമായിരുന്നു ആ വീട്ടിൽ താമസം. ഭാനുമതിക്ക് ലഭിച്ചിരുന്ന പെൻഷൻ തുക കൊണ്ടായിരുന്നു ഇവരുടെ കുടുംബം കഴിഞ്ഞുപോയിരുന്നത്.




