റായ്പൂരിൽ നടന്ന ആവേശകരമായ പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസിനെ അവസാന പന്തിൽ രണ്ടു വിക്കറ്റിന് തകർത്ത് റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. മുംബൈ ഉയർത്തിയ 167 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ആർസിബിക്ക് അവസാന ഓവറിൽ 15 റൺസായിരുന്നു വേണ്ടിയിരുന്നത്. അവസാന ഓവറിലെ നാലാം പന്തിൽ ഭുവനേശ്വർ കുമാർ സിക്സർ അടിച്ചതോടെ മത്സരം ആർസിബിയുടെ കൈകളിലായി. അവസാന പന്തിൽ രണ്ടു റൺസ് വേണമെന്നിരിക്കെ റാസിഖ് സലാം അത് ഓടിയെടുത്ത് ബെംഗളൂരുവിന് അവിശ്വസനീയ ജയം സമ്മാനിച്ചു. ബാറ്റുകൊണ്ട് പൊരുതിയ ക്രുണാൽ പാണ്ഡ്യയുടെയും ബോളുകൊണ്ട് മുംബൈയെ തകർത്ത ഭുവനേശ്വർ കുമാറിന്റെയും പ്രകടനമാണ് ആർസിബിക്ക് തുണയായത്. ഈ തോൽവിയോടെ മുംബൈ ഇന്ത്യൻസ് പ്ലേഓഫ് കാണാതെ പുറത്തായി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ആർസിബിക്ക് തുടക്കത്തിൽ തന്നെ വലിയ ആഘാതമേറ്റു. സൂപ്പർ താരം വിരാട് കോലി റണ്ണൊന്നുമെടുക്കാതെ ഗോൾഡൻ ഡക്കായി മടങ്ങി. തുടർച്ചയായ രണ്ടാം തവണയാണ് കോലി പൂജ്യനായി പുറത്താകുന്നത്. പിന്നാലെ വന്ന ദേവ്ദത്ത് പടിക്കലും ക്യാപ്റ്റൻ രജത് പാട്ടീദാറും വേഗത്തിൽ പുറത്തായതോടെ പവർപ്ലേയിൽ മൂന്ന് വിക്കറ്റിന് 47 റൺസ് എന്ന നിലയിലായി ആർസിബി. പിന്നീട് ക്രുണാൽ പാണ്ഡ്യയും ജേക്കബ് ബെതേലും ചേർന്ന് പടുത്തുയർത്തിയ 55 റൺസിന്റെ കൂട്ടുകെട്ടാണ് ആർസിബിയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. ബെതേൽ പതറിയെങ്കിലും മറുവശത്ത് ക്രുണാൽ പാണ്ഡ്യ തകർത്തടിച്ചു.
ഇടയ്ക്ക് ജിതേഷ് ശർമയും ക്രുണാലും ചേർന്ന് പ്രതീക്ഷ നൽകിയെങ്കിലും 16-ാം ഓവറിൽ കോർബിൻ ബോഷ് രണ്ടു വിക്കറ്റുകൾ വീഴ്ത്തിയത് ആർസിബിയെ സമ്മർദ്ദത്തിലാക്കി. ടിം ഡേവിഡ് ഗോൾഡൻ ഡക്കായി മടങ്ങിയതോടെ മത്സരം വീണ്ടും മുറുകി. 73 റൺസെടുത്ത ക്രുണാൽ 18-ാം ഓവറിൽ പുറത്തായതോടെ ആർസിബി തോൽവി മുന്നിൽ കണ്ടു. എന്നാൽ 19-ാം ഓവറിൽ ബുമ്ര മൂന്ന് റൺസ് മാത്രം വഴങ്ങിയതോടെ മുംബൈയ്ക്ക് വിജയപ്രതീക്ഷയുണ്ടായെങ്കിലും അവസാന നിമിഷം ഭുവനേശ്വർ കുമാറിന്റെ ബാറ്റിങ് മികവ് ബെംഗളൂരുവിന് വിജയം ഉറപ്പാക്കി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈ ഇന്ത്യൻസ് 166 റൺസാണ് എടുത്തത്. 28 റൺസിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായ മുംബൈയെ തിലക് വർമയും നമൻ ധീറും ചേർന്നാണ് രക്ഷിച്ചത്. ഭുവനേശ്വർ കുമാറിന്റെ തകർപ്പൻ ബോളിംഗാണ് മുംബൈയെ കുറഞ്ഞ സ്കോറിൽ ഒതുക്കിയത്. ഹാർദിക്കിന് പകരം മുംബൈയെ നയിച്ച സൂര്യകുമാർ യാദവ് ബാറ്റിംഗിൽ നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്തായി നിരാശപ്പെടുത്തി. ഈ തകർപ്പൻ ജയത്തോടെ 14 പോയിന്റായ ആർസിബി പ്ലേഓഫിന് തൊട്ടടുത്തെത്തി. നാല് വിക്കറ്റ് വീഴ്ത്തുകയും ബാറ്റിംഗിൽ ടീമിനെ ജയിപ്പിക്കുകയും ചെയ്ത ഭുവനേശ്വർ കുമാറാണ് കളിയിലെ താരം.




