Featured Oddly News

ലോകത്തിലെ ആദ്യ ‘റോബോട്ട് പുരോഹിതന്‍’; ബുദ്ധക്ഷേത്രത്തിൽ വിസ്മയമായി ഹ്യൂമനോയ്ഡ് റോബോട്ട് ‘ഗാബി’

ബുദ്ധപൂർണിമ ആഘോഷങ്ങൾക്ക് മുന്നോടിയായി ദക്ഷിണ കൊറിയയിലെ സിയോളിലുള്ള ജോഗി ക്ഷേത്രത്തിൽ ‘ഗാബി’ എന്ന പേരിൽ റോബോട്ട് സന്യാസിയെ അവതരിപ്പിച്ചു. 130 സെന്റിമീറ്റർ ഉയരമുള്ള ഈ ഹ്യൂമനോയ്ഡ് റോബോട്ട് പരമ്പരാഗത ബുദ്ധമത വസ്ത്രങ്ങൾ ധരിച്ചാണ് ചടങ്ങിലെത്തിയത്. മറ്റ് സന്യാസിമാരെപ്പോലെ കൈകൾ കൂപ്പി വണങ്ങാനും ആചാരങ്ങൾ അനുകരിക്കാനും ഗാബിക്ക് സാധിക്കും.

ചടങ്ങിനിടെ സന്യാസിമാർ റോബോട്ടിന്റെ കഴുത്തിൽ 108 മുത്തുകളുള്ള ജപമാല അണിയിച്ചു. സിദ്ധാർത്ഥ ഗൗതമന്റെ പേരിൽ നിന്നും കരുണ എന്നർത്ഥം വരുന്ന കൊറിയൻ വാക്കിൽ നിന്നുമാണ് ‘ഗാബി’ എന്ന പേര് സ്വീകരിച്ചത്. ദക്ഷിണ കൊറിയയിലെ ഏറ്റവും വലിയ ബുദ്ധമത വിഭാഗമായ ജോഗി ഓർഡറാണ് ഈ ചടങ്ങ് സംഘടിപ്പിച്ചത്.



എന്നാൽ ഈ റോബോട്ട് സന്യാസിയുടെ വീഡിയോകൾ പുറത്തുവന്നതോടെ വലിയ രീതിയിലുള്ള പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ആത്മീയതയും സാങ്കേതികവിദ്യയും തമ്മിലുള്ള ഈ കൂടിച്ചേരലിനെ ചിലർ കൗതുകത്തോടെ നോക്കിക്കാണുമ്പോൾ മറ്റുചിലർ ഇതിനെ വിമർശിക്കുന്നുണ്ട്.

“ആത്മാവില്ലാത്ത ഒരു വസ്തുവിന് എങ്ങനെയാണ് ജ്ഞാനോദയം ലഭിക്കുന്നത്?” എന്നും, “ഇതൊരു സന്യാസിയല്ല, മറിച്ച് വിശ്വാസത്തെ പരിഹസിക്കലാണ്” എന്നും പലരും അഭിപ്രായപ്പെട്ടു. റോബോട്ടിന്റെ ശാരീരിക രൂപത്തെക്കുറിച്ചും പരിഹാസരൂപേണയുള്ള കമന്റുകൾ സോഷ്യൽ മീഡിയയിൽ നിറയുകയാണ്.