Featured Lifestyle

മിന്നൽ കല്യാണം! ഒരു പകൽ കൊണ്ട് കെട്ടുറപ്പിച്ചു, അതിഥികൾ വെറും 30 പേർ; ചണ്ഡീഗഡ് ദമ്പതികൾ വൈറൽ

24 മണിക്കൂറുകൊണ്ട് തീരുമാനം, അതിഥികള്‍ വെറും 30 പേര്‍. ചണ്ഡീഗഡിലെ ഈ ദമ്പതികളുടെ വിവാഹ വാർത്തയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോള്‍ വൈറല്‍. ആഴ്ചകളോളം നീളുന്ന ഒരുക്കങ്ങളും മാസങ്ങൾ നീണ്ട ആസൂത്രണവും വർഷങ്ങളുടെ സമ്പാദ്യവും ആവശ്യമായ ഒന്നാണ് സാധാരണയായി ഇന്ത്യൻ വിവാഹങ്ങൾ. എന്നാൽ ഈ ദമ്പതികൾ തങ്ങളുടെ വിവാഹവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും വെറും ഒരു ദിവസം കൊണ്ട് പൂർത്തിയാക്കി എല്ലാവരെയും ഞെട്ടിച്ചു.

വധുവാണ് ഇങ്ങനെയൊരു ‘പെട്ടെന്നുള്ള വിവാഹം’ എന്ന ആശയം ആദ്യം മുന്നോട്ട് വെച്ചത്. വധു എല്ലാവരെയും വിളിച്ച് കാര്യം അവതരിപ്പിച്ചപ്പോൾ പങ്കാളിയും മാതാപിതാക്കളും വീട്ടുകാരും ഒട്ടും വൈകാതെ തന്നെ സമ്മതം മൂളി. വിവാഹത്തിൻ്റെ മനോഹരമായ ദൃശ്യങ്ങൾ വധു സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. വെറും 30 അതിഥികൾ മാത്രമാണ് ഈ ചടങ്ങിൽ പങ്കെടുത്തത്.

അകാൻഷ വർമ്മ എന്ന യുവതി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഈ പോസ്റ്റ് ചുരുങ്ങിയ സമയത്തിനുള്ളിൽ പതിനായിരക്കണക്കിന് ആളുകളാണ് കണ്ടത്. തന്റെ മാതാപിതാക്കൾക്ക് പോലും ഇതിനെക്കുറിച്ച് മുൻകൂട്ടി അറിവുണ്ടായിരുന്നില്ലെന്നും, പെട്ടെന്നുണ്ടായ ചിന്തയിൽ നിന്നാണ് ഇതെല്ലാം സംഭവിച്ചതെന്നും അവർ കുറിച്ചു. അനാവശ്യമായ സമ്മർദ്ദങ്ങളോ ബഹളങ്ങളോ ഇല്ലാതെ സ്നേഹത്തിന് പ്രാധാന്യം നൽകിക്കൊണ്ട് നടന്ന ഈ വിവാഹം പരമ്പരാഗത രീതികളെ പൊളിച്ചെഴുതുന്നതാണെന്നും അവർ പറഞ്ഞു.

സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ ഈ വാർത്ത വലിയ ചർച്ചയായിട്ടുണ്ട്. പലരും ഇതൊരു നല്ല മാതൃകയാണെന്ന് അഭിപ്രായപ്പെട്ടപ്പോൾ, മറ്റു ചിലർ ഇത് മുൻകൂട്ടി പ്ലാൻ ചെയ്ത നാടകമാണോ എന്ന് സംശയം പ്രകടിപ്പിച്ചു. “എനിക്കും ഇതുപോലെ വിവാഹം കഴിക്കാനാണ് ആഗ്രഹം”, “ഒരു നാടകവുമില്ലാത്ത ലളിതമായ വിവാഹം” എന്നിങ്ങനെ പോസിറ്റീവ് കമൻ്റുകൾക്കൊപ്പം തന്നെ, “ആരാണ് ഈ ആളുകൾ?”, “ഇതൊന്നും വിശ്വസിക്കാൻ കഴിയുന്നില്ല” എന്നിങ്ങനെയുള്ള പ്രതികരണങ്ങളും വരുന്നുണ്ട്. എങ്കിലും, വധുവിൻ്റെ ധീരമായ തീരുമാനത്തെ അഭിനന്ദിക്കുകയാണ് ഭൂരിഭാഗം പേരും.