രാജസ്ഥാനിലെ കോട്ടയിൽ വിദ്യാർത്ഥി ആത്മഹത്യകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ ഹോസ്റ്റലുകളിലെ സീലിംഗ് ഫാനുകൾക്ക് ചുറ്റും ഇരുമ്പ് ഗ്രില്ലുകൾ സ്ഥാപിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. രാജ്യത്തെ കോച്ചിംഗ് ഹബ്ബ് എന്നറിയപ്പെടുന്ന കോട്ടയിൽ വിദ്യാർത്ഥികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിന് പകരം ഇത്തരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. ഇൻസ്റ്റാഗ്രാമിൽ പ്രചരിക്കുന്ന വീഡിയോയിൽ ഹോസ്റ്റൽ മുറികളിലെ ഫാനുകൾ ഇരുമ്പ് കൂടുകൾക്കുള്ളിൽ സുരക്ഷിതമാക്കിയ നിലയിലാണ് കാണുന്നത്.
എല്ലാ വർഷവും ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് ഐഐടി- ജെഇഇ, നീറ്റ് തുടങ്ങിയ പരീക്ഷകൾക്കായി കോട്ടയിലെത്തുന്നത്. എന്നാൽ കടുത്ത പഠനസമ്മർദ്ദവും മത്സരപ്പരീക്ഷകളുടെ ഭാരവും കാരണം സമീപവർഷങ്ങളിൽ ഇവിടെ വിദ്യാർത്ഥി ആത്മഹത്യകൾ വർധിച്ചു വരികയാണ്. ഇത് തടയാനായി സ്പ്രിംഗ് ഘടിപ്പിച്ച ഫാനുകളും മറ്റും നേരത്തെ തന്നെ അധികൃതർ നിർബന്ധമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഫാനുകൾക്ക് ചുറ്റും ഗ്രില്ലുകൾ കൂടി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എന്നാൽ ഇത്തരം സംവിധാനങ്ങൾ എല്ലാ ഹോസ്റ്റലുകളിലും ഔദ്യോഗികമായി നടപ്പിലാക്കിയതാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
ശാരീരികമായ ഇത്തരം സുരക്ഷാ ക്രമീകരണങ്ങൾക്കൊപ്പം വിദ്യാർത്ഥികൾക്ക് കൗൺസിലിംഗും മാനസിക പിന്തുണയും നൽകുന്നതിനും പ്രാദേശിക ഭരണകൂടം ഊന്നൽ നൽകുന്നുണ്ട്. ഒറ്റപ്പെടലും പരാജയഭീതിയുമാണ് പലപ്പോഴും വിദ്യാർത്ഥികളെ തളർത്തുന്നതെന്നും ഇതിന് ശാശ്വതമായ പരിഹാരമാണ് വേണ്ടതെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഹോസ്റ്റലുകളിലും കോച്ചിംഗ് സെന്ററുകളിലും മെന്റർഷിപ്പ് സംവിധാനങ്ങൾ ശക്തിപ്പെടുത്താൻ നിർദ്ദേശമുണ്ട്.
സോഷ്യൽ മീഡിയയിൽ ഈ വീഡിയോയ്ക്കെതിരെ സമ്മിശ്ര പ്രതികരണങ്ങളാണ് വരുന്നത്. വിദ്യാഭ്യാസ സമ്പ്രദായത്തിലെ പോരായ്മകൾ തിരുത്തുന്നതിന് പകരം ഇത്തരം പ്രഹസനങ്ങൾ കാണിക്കുന്നത് ശരിയല്ലെന്ന് ഒരു വിഭാഗം വാദിക്കുന്നു. “ഇനി ഫാൻ എങ്ങനെ വൃത്തിയാക്കും?” എന്ന പരിഹാസം മുതൽ, ഇത്തരം ഗ്രില്ലുകൾ കൊണ്ട് ആത്മഹത്യാ പ്രവണത തടയാനാകില്ലെന്ന ഗൗരവകരമായ നിരീക്ഷണങ്ങൾ വരെ കമന്റുകളായി വരുന്നുണ്ട്. ശാരീരികമായ തടസ്സങ്ങൾ കൊണ്ട് മാത്രം ഈ പ്രതിസന്ധി പരിഹരിക്കാനാവില്ലെന്നും പഠനരീതിയിലും മാനസിക പിന്തുണയിലും വലിയ മാറ്റങ്ങൾ അനിവാര്യമാണെന്നുമാണ് പൊതുവായ അഭിപ്രായം.




