ഡെസ്റ്റിനേഷൻ വെഡ്ഡിംഗുകൾ ട്രെൻഡായി മാറുന്ന കാലത്ത്, വിദേശ രാജ്യങ്ങൾക്കും ബീച്ചുകൾക്കും പകരം വിവാഹവേദിയായി ശ്മശാനം തിരഞ്ഞെടുത്ത് വ്യത്യസ്തരായിരിക്കുകയാണ് ഉത്തരാഖണ്ഡിലെ ഒരു ജോഡി. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ശ്മശാനത്തിൽ വെച്ച് വിവാഹിതരായ ഇവരുടെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലായി. എന്നാൽ ഈ വേറിട്ട പരീക്ഷണം വലിയ വിവാദങ്ങൾക്കാണ് വഴിതെളിച്ചത്. നവദമ്പതികൾക്കും അവരുടെ കുടുംബത്തിനുമെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനങ്ങളാണ് ഇപ്പോൾ ഉയരുന്നത്.
ഉത്തരാഖണ്ഡിലെ അൽമോറയിലുള്ള മാർച്ചുല എന്ന സ്ഥലത്തെ ശ്മശാനത്തിലാണ് ഈ വിവാഹം നടന്നത്. രാംഗംഗ, ബദൻഗഢ് നദികൾ സംഗമിക്കുന്ന ഈ പ്രദേശത്തെ ശ്മശാനത്തിന് നടുവിൽ പ്രത്യേകം മണ്ഡപം ഒരുക്കിയായിരുന്നു ചടങ്ങുകൾ. ഗാസിയാബാദിൽ നിന്നുള്ള വധൂവരന്മാരാണ് ശ്മശാനത്തെ വിവാഹവേദിയാക്കാൻ തീരുമാനിച്ചത്. വരണമാല്യം ചാർത്തുന്നതടക്കമുള്ള പ്രധാന ചടങ്ങുകളെല്ലാം ഇവിടെ വെച്ച് തന്നെയാണ് പൂർത്തിയാക്കിയത്.
വിവാഹ ദൃശ്യങ്ങൾ പ്രചരിച്ചതോടെ ഇത് മതവിശ്വാസങ്ങളെയും ആചാരങ്ങളെയും അപമാനിക്കുന്നതിന് തുല്യമാണെന്ന് ചൂണ്ടിക്കാട്ടി നിരവധി പേർ രംഗത്തെത്തി. മൃതദേഹങ്ങൾ സംസ്കരിക്കുന്ന പവിത്രമായ ഒരിടത്ത് ഇത്തരം ആഘോഷങ്ങൾ നടത്തുന്നത് അംഗീകരിക്കാനാവില്ലെന്നും സാമൂഹിക നിയമങ്ങളുടെ ലംഘനമാണിതെന്നും വിമർശകർ പറയുന്നു. സംഭവത്തിൽ ദമ്പതികൾക്കെതിരെ നിയമനടപടി വേണമെന്ന ആവശ്യവും ശക്തമാണ്. അതേസമയം, ശ്മശാനത്തിൽ അനുമതിയില്ലാതെ ചടങ്ങ് നടത്തിയത് നിയമലംഘനമാണെന്ന് തഹസിൽദാർ ആബിദ് അലി അറിയിച്ചു. അധികൃതർ സംഭവത്തിൽ ഗൗരവമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




