Spotlight

കോൺഗ്രസിൽ മന്ത്രിക്കുപ്പായം തുന്നി 20ൽഅധികം MLAമാർ; കുഞ്ഞാലിക്കുട്ടി അടുത്ത മുഖ്യമന്ത്രി ആവണമെന്ന് SMF

തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് പിന്നാലെ കോൺഗ്രസിൽ മന്ത്രിസ്ഥാനങ്ങളെ ചൊല്ലിയുള്ള നീക്കങ്ങളും സജീവമായി. തിരഞ്ഞെടുപ്പിൽ വിജയിച്ചെത്തിയാൽ ഇരുപതിലധികം എംഎൽഎമാരാണ് മന്ത്രിപ്പട്ടം ലക്ഷ്യമിടുന്നത്. മുൻകാല പരിചയം, സാമുദായിക സമവാക്യങ്ങൾ, പ്രാദേശിക പരിഗണനകൾ എന്നിവ മുൻനിർത്തി പല നേതാക്കളും ഇതിനോടകം തന്നെ ചരടുവലികൾ തുടങ്ങിക്കഴിഞ്ഞു. ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള തർക്കങ്ങളും ഇതിനിടയിൽ ഉയരാൻ സാധ്യതയുണ്ട്.

യുഡിഎഫ് അധികാരത്തിലെത്തിയാൽ കോൺഗ്രസിന് ലഭിക്കാവുന്ന 11 മന്ത്രിസ്ഥാനങ്ങൾക്കായി വലിയ മത്സരമാണ് നടക്കുന്നത്. വി.ഡി. സതീശൻ മുഖ്യമന്ത്രിയായില്ലെങ്കിൽ അദ്ദേഹം മന്ത്രിസഭയിൽ ഉണ്ടാകുമോ എന്ന കാര്യത്തിൽ അവ്യക്തതയുണ്ട്. എന്നാൽ രമേശ് ചെന്നിത്തലയും സണ്ണി ജോസഫും മന്ത്രിസഭയിൽ ഉണ്ടാകുമെന്ന് ഏകദേശം ഉറപ്പാണ്. കെപിസിസി അധ്യക്ഷസ്ഥാനത്ത് മാറ്റമുണ്ടാകാനാണ് സാധ്യത. ടി.എൻ. പ്രതാപൻ, കെ. മുരളീധരൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, ടി. സിദ്ദിഖ്, പി.സി. വിഷ്ണുനാഥ് തുടങ്ങിയവർ ജയിച്ചാൽ മന്ത്രിസഭയിൽ ഇടംപിടിച്ചേക്കും.

വനിതാ പ്രതിനിധിയായി ഷാനിമോൾ ഉസ്മാൻ, ഉമ തോമസ്, ബിന്ദു കൃഷ്ണ എന്നിവരിൽ ഒരാൾക്ക് അവസരം ലഭിച്ചേക്കും. തിരുവനന്തപുരത്തുനിന്ന് നാടാർ പ്രതിനിധിയായി എൻ. ശക്തനും ലത്തീൻ പ്രതിനിധിയായി എം. വിൻസെന്റും അവകാശവാദം ഉന്നയിക്കുന്നുണ്ട്. എന്നാൽ വിൻസെന്റിന് എതിരെയുള്ള കേസ് തടസ്സമായാൽ ടി.ജെ. വിനോദിനെ പരിഗണിക്കാൻ സാധ്യതയുണ്ട്. പത്തിലധികം മറ്റ് എംഎൽഎമാരും മന്ത്രിസ്ഥാനം മോഹിച്ച് രംഗത്തുണ്ട്.

എ.പി. അനിൽകുമാർ, വി.എസ്. ശിവകുമാർ, വി.ടി. ബൽറാം, മാത്യു കുഴൽനാടൻ, ചാണ്ടി ഉമ്മൻ, എം. ലിജു എന്നിവരും പട്ടികയിലുണ്ട്. അമ്പലപ്പുഴയിൽ നിന്ന് വിജയിച്ചാൽ ജി. സുധാകരനെ മന്ത്രിയാക്കാമെന്ന് കോൺഗ്രസ് നേതൃത്വം വാഗ്ദാനം നൽകിയതായാണ് സൂചന. അങ്ങനെയെങ്കിൽ കോൺഗ്രസിന്റെ മന്ത്രിസ്ഥാനങ്ങളിൽ ഒന്നിൽ സുധാകരനെ ഉൾപ്പെടുത്തേണ്ടി വരും. ഇതോടെ കോൺഗ്രസിനുള്ളിലെ മന്ത്രിസഭാ ചർച്ചകൾ കൂടുതൽ സങ്കീർണ്ണമാകുകയാണ്.

ഇതിനിടെ പി.കെ. കുഞ്ഞാലിക്കുട്ടി അടുത്ത മുഖ്യമന്ത്രിയാകണമെന്ന ആവശ്യവുമായി സുന്നി മഹല്ല് ഫെഡറേഷൻ (എസ്.എം.എഫ്) . ചെമ്മാട് ദാറുൽ ഹുദയിൽ നടന്ന എസ്.എം.എഫ് ഗോൾഡൻ ജൂബിലി പ്രഖ്യാപന വേദിയിൽ വെച്ച് നേതാവ് അസ്‌ലം മഷ്ഹൂർ തങ്ങളാണ് ഇക്കാര്യം പരസ്യമായി പ്രഖ്യാപിച്ചത്. പി.കെ. കുഞ്ഞാലിക്കുട്ടിയും പാണക്കാട് സാദിഖലി തങ്ങളും അടക്കമുള്ള പ്രമുഖ നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു ഈ പരാമർശം. എന്നാൽ വേദിയിലുണ്ടായിരുന്ന മുതിർന്ന നേതാക്കളാരും എസ്.എം.എഫ് ഭാരവാഹിയുടെ ഈ പ്രസ്താവന തിരുത്താൻ തയ്യാറായില്ല എന്നതും ശ്രദ്ധേയമാണ്.