Featured Oddly News

കേക്ക് മോശമായി, ഒരു സാധാരണ പരാതി; ഫുഡ് ഡെലിവറി കമ്പനികൾക്ക് 5,000 കോടി രൂപ പിഴ

ചൈനയിലെ ഒരു കേക്ക് ഓർഡറിനെത്തുടർന്നുണ്ടായ പരാതി, അവിടുത്തെ ഭക്ഷണ വിതരണ മേഖലയിലെ ഞെട്ടിപ്പിക്കുന്ന തട്ടിപ്പുകളാണ് പുറത്തു കൊണ്ടുവന്നിരിക്കുന്നത്. ഒരു ഉപഭോക്താവിന്റെ ചെറിയൊരു പരാതിയിൽ തുടങ്ങിയ അന്വേഷണം ഒടുവിൽ വൻകിട കമ്പനികൾക്ക് 5,000 കോടി രൂപ (3.6 ബില്യൺ യുവാൻ) പിഴ ചുമത്തുന്നതിലാണ് അവസാനിച്ചത്.

ബീജിംഗ് സ്വദേശിയായ ലിയു എന്നയാൾ ഓൺലൈനായി ഓർഡർ ചെയ്ത ജന്മദിന കേക്കിലെ പൂവ് കഴിക്കാൻ യോഗ്യമല്ലെന്ന് കണ്ട് അധികൃതർക്ക് പരാതി നൽകിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. അന്വേഷണത്തിൽ ഈ കേക്ക് വന്നത് ഒരു വ്യാജ ബേക്കറി ശൃംഖലയിൽ നിന്നാണെന്ന് കണ്ടെത്തി. 400-ഓളം ശാഖകളുണ്ടെന്ന് അവകാശപ്പെട്ട ഈ ബേക്കറിക്ക് യഥാർത്ഥത്തിൽ ഒരു കട പോലും ഉണ്ടായിരുന്നില്ല. വ്യാജ ലൈസൻസ് ഉപയോഗിച്ചായിരുന്നു ഇവരുടെ പ്രവർത്തനം.

തുടർന്ന് നടത്തിയ പരിശോധനയിൽ ‘ഗോസ്റ്റ് വെണ്ടേഴ്സ്’ എന്നറിയപ്പെടുന്ന 67,000-ത്തോളം വ്യാജ ഭക്ഷണശാലകളെ അധികൃതർ തിരിച്ചറിഞ്ഞു. ഇവർ സ്വന്തമായി ആഹാരം പാകം ചെയ്യുന്നതിന് പകരം ഓർഡറുകൾ സ്വീകരിക്കുകയും കുറഞ്ഞ നിരക്കിൽ ഭക്ഷണം നൽകുന്ന മൂന്നാം കക്ഷികൾക്ക് അത് കൈമാറുകയും ചെയ്യുകയായിരുന്നു. ലാഭം കൂട്ടാനായി ഗുണനിലവാരം കുറഞ്ഞ രീതിയിൽ തയ്യാറാക്കിയ 36 ലക്ഷത്തിലധികം കേക്കുകളാണ് ഇത്തരത്തിൽ വിറ്റഴിക്കപ്പെട്ടത്.

വെണ്ടർമാരെ കൃത്യമായി പരിശോധിക്കുന്നതിലും ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിലും വീഴ്ച വരുത്തിയതിനാണ് ആലിബാബ, മീറ്റുവൻ , ജെഡി.കോം തുടങ്ങിയ പ്രമുഖ പ്ലാറ്റ്‌ഫോമുകൾക്ക് വൻ തുക പിഴ ചുമത്തിയത്. അന്വേഷണത്തിനിടയിൽ ഉദ്യോഗസ്ഥരെ തടയാനും തെളിവുകൾ നശിപ്പിക്കാനും കമ്പനി ജീവനക്കാർ ശ്രമിച്ചതായും റിപ്പോർട്ടുകളുണ്ട്. ചില ജീവനക്കാർ രഹസ്യവിവരങ്ങൾ അടങ്ങിയ കുറിപ്പുകൾ വിഴുങ്ങാൻ വരെ ശ്രമിച്ചതായും അന്വേഷണ സംഘം പറയുന്നു.

ചൈനയിലെ ഭക്ഷണ വിതരണ മേഖലയിലെ കടുത്ത മത്സരമാണ് ഇത്തരം സുരക്ഷാ വീഴ്ചകൾക്ക് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. കുറഞ്ഞ നിരക്കിൽ ഭക്ഷണം നൽകാനായി പ്ലാറ്റ്‌ഫോമുകൾ നടത്തുന്ന പോരാട്ടം പലപ്പോഴും ഗുണനിലവാരത്തെയും നിയമങ്ങളെയും കാറ്റിൽ പറത്തുന്നതാണ്. ഈ സംഭവത്തോടെ ചൈനയിലെ ഓൺലൈൻ ഭക്ഷണ വിതരണ രംഗത്ത് കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചിരിക്കുകയാണ്.