1947 ഓഗസ്റ്റ് 15-ന് ഇന്ത്യക്ക് ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് സ്വാതന്ത്ര്യം ലഭിച്ചെങ്കിലും, ഗോവ ഉൾപ്പെടെയുള്ള ചില പ്രദേശങ്ങൾ പിന്നെയും 14 വർഷത്തോളം പോർച്ചുഗീസ് ഭരണത്തിന് കീഴിലായിരുന്നു. ഈ കാലഘട്ടത്തിൽ പോർച്ചുഗീസ് ഇന്ത്യയ്ക്ക് (ഗോവ, ദാമൻ, ദിയു) സ്വന്തമായി ഒരു എയർലൈൻ ഉണ്ടായിരുന്നു എന്ന വസ്തുത പലർക്കും അജ്ഞാതമാണ്. ‘ടി.എ.ഐ.പി’ എന്നറിയപ്പെട്ടിരുന്ന ഈ വിമാനക്കമ്പനി 1955 മുതൽ 1961 വരെയാണ് പ്രവർത്തിച്ചിരുന്നത്.
ഗോവയെ ഇന്ത്യയോട് ചേർക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു പോർച്ചുഗീസ് പ്രദേശങ്ങൾക്ക് മേൽ ഏർപ്പെടുത്തിയ ഉപരോധത്തെ മറികടക്കുക എന്നതായിരുന്നു ഈ എയർലൈനിന്റെ പ്രധാന ലക്ഷ്യം. ഇന്ത്യയുടെ വിമാനത്താവളങ്ങളോ മറ്റ് സൗകര്യങ്ങളോ ഉപയോഗിക്കാതെ തന്നെ ഗോവയെ പോർച്ചുഗലുമായും മറ്റ് വിദേശ രാജ്യങ്ങളുമായും ബന്ധിപ്പിക്കാൻ ഇതിലൂടെ സാധിച്ചു.
ഇതിനായി ഗോവ, ദാമൻ, ദിയു എന്നിവിടങ്ങളിൽ വലിയ വിമാനങ്ങൾ ഇറങ്ങാൻ തക്ക രീതിയിലുള്ള ആധുനിക വിമാനത്താവള സൗകര്യങ്ങളും അവർ ഒരുക്കിയിരുന്നു. വെള്ള സാരിയുടുത്ത എയർ ഹോസ്റ്റസുമാരും പൈലറ്റുമാരും ഉൾപ്പെട്ട ഈ വിമാനക്കമ്പനിയുടെ പഴയ ചിത്രങ്ങളും ടിക്കറ്റുകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
1961 ഡിസംബർ 19-നാണ് ഇന്ത്യ ഗോവയെ ഔദ്യോഗികമായി തങ്ങളോടൊപ്പം ചേർത്തത്. ഇതിന് തൊട്ടുമുമ്പ്, ഗോവയിലെ സാധാരണക്കാരെ കറാച്ചി വഴി പോർച്ചുഗലിലേക്ക് മാറ്റാൻ ഈ വിമാനങ്ങൾ ഉപയോഗിച്ചിരുന്നു. 1961 ഡിസംബർ 18-ന് ഇന്ത്യൻ സൈന്യം ഗോവയിൽ പ്രവേശിച്ച ദിവസം ദാബോലിം വിമാനത്താവളത്തിൽ ബോംബാക്രമണം നടന്നിരുന്നു. എന്നാൽ അവിടെയുണ്ടായിരുന്ന ടി.എ.ഐ.പിയുടെ ഒരു വിമാനവും പോർച്ചുഗലിന്റെ മറ്റൊരു വിമാനവും തകർക്കപ്പെടാതെ രക്ഷപ്പെട്ടു.
അന്ന് രാത്രി തന്നെ വിമാനത്താവളത്തിലെ റൺവേ താൽക്കാലികമായി നന്നാക്കി ഈ രണ്ട് വിമാനങ്ങളും കറാച്ചിയിലേക്ക് പറന്നു. അവിടെ നിന്നാണ് അവ ലിസ്ബണിലെത്തിയത്. ഇതോടെ ഈ എയർലൈനിന്റെ ചരിത്രം അവസാനിച്ചു. പിന്നീട് 1987-ലാണ് ഗോവ ഇന്ത്യയിലെ ഒരു സംസ്ഥാനമായി മാറിയത്.




