വിജയവഴിയിൽനിന്ന് തോൽവിയിലേക്ക് വീണ ചെന്നൈ സൂപ്പർ കിങ്സിന് തിരിച്ചടിയായി മുൻനിര ബാറ്റർ ആയുഷ് മാത്രേയുടെ പരുക്ക്. ഐപിഎല്ലിലെ ചെന്നൈയുടെ നിർണായക താരമായ ആയുഷിന് മൂന്നാഴ്ചയോളം വിശ്രമം വേണ്ടിവരുമെന്നാണ് സൂചന. കഴിഞ്ഞ ശനിയാഴ്ച സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിനിടെയാണ് പതിനെട്ടുകാരനായ താരത്തിന് ഇടത് തുടയിലെ പേശിവലിവ് അനുഭവപ്പെട്ടത്. തിങ്കളാഴ്ച മുംബൈയിലെത്തുന്ന താരം സ്കാനിങ്ങിന് വിധേയനാകും. ഇതിന് ശേഷമേ കളിക്കണോ എന്ന കാര്യത്തിൽ അന്തിമതീരുമാനം എടുക്കൂ. വ്യാഴാഴ്ച മുംബൈ ഇന്ത്യൻസിനെതിരെയാണ് ചെന്നൈയുടെ അടുത്ത മത്സരം.
ഹൈദരാബാദിനെതിരായ കളിയിൽ ഇംപാക്ട് പ്ലെയറായി ഇറങ്ങിയ ആയുഷ്, റൺസിനായി ഓടുന്നതിനിടെയാണ് പരുക്കിന്റെ പിടിയിലായത്. ഉടൻ തന്നെ ഫിസിയോ പരിശോധിച്ചെങ്കിലും താരം ബാറ്റിങ് തുടർന്നെങ്കിലും വൈകാതെ പുറത്തായി. നിലവിൽ താരത്തിന് വലിയ വേദനയില്ലെന്നും പരുക്ക് അത്ര ഗുരുതരമല്ലെന്നുമാണ് ടീം അധികൃതർ നൽകുന്ന സൂചന. എങ്കിലും തിങ്കളാഴ്ചത്തെ സ്കാനിങ് റിപ്പോർട്ട് വന്നാൽ മാത്രമേ പരുക്കിന്റെ കൃത്യമായ അവസ്ഥ വ്യക്തമാകൂ. നിലവിലെ സാഹചര്യത്തിൽ ആയുഷ് പുറത്തിരിക്കേണ്ടി വരുന്നത് ടീമിന് വലിയ നഷ്ടമാകും.
മൂന്നാം നമ്പറിൽ മികച്ച പ്രകടനം നടത്തുന്ന ആയുഷിനെ ഓപ്പണറാക്കാനും ചെന്നൈ ആലോചിച്ചിരുന്നു. ഇന്ത്യയുടെ അണ്ടർ 19 ക്യാപ്റ്റനായ ഈ മുംബൈ താരം സിഎസ്‌കെയ്ക്കായി കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനാണ്. ആയുഷ് കളിച്ചില്ലെങ്കിൽ കാർത്തിക് ശർമയോ ഉർവിൽ പട്ടേലോ പകരം ടീമിലെത്തും. നേരത്തെ പേസർ ഖലീൽ അഹ്മദും പരുക്കേറ്റ് ടൂർണമെന്റിൽ നിന്ന് പുറത്തായിരുന്നു. കൊൽക്കത്തയ്ക്കെതിരായ മത്സരത്തിനിടെ പരിക്കേറ്റ ഖലീലിന് പരിക്കിൽ നിന്ന് പൂർണ്ണമായി മുക്തനാകാൻ ഏകദേശം 12 ആഴ്ചകൾ വേണ്ടിവരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അതേസമയം, പരുക്കേറ്റിട്ടും ആയുഷ് ബാറ്റിങ് തുടർന്നതിനെ വിമർശിച്ച് ആർ. അശ്വിൻ രംഗത്തെത്തി. വേദനയോടെ മുടന്തിയിട്ടും താരത്തെ തുടർന്ന് കളിക്കാൻ അനുവദിച്ചത് ശരിയായില്ലെന്ന് അശ്വിൻ പറഞ്ഞു. ഫീൽഡ് ചെയ്യാതിരുന്നിട്ടും പേശിവലിവ് ഉണ്ടായെങ്കിൽ അത് ഹൈഡ്രേഷൻ പ്രശ്നമാകാമെന്നും, അല്ലാത്തപക്ഷം പരുക്കുള്ളപ്പോൾ റിട്ടയേർഡ് ഔട്ടായി മടങ്ങുകയായിരുന്നു വേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഫിസിയോ പരിശോധിച്ചിട്ടും താരത്തെ വീണ്ടും ഓടാൻ പ്രേരിപ്പിച്ചത് അശ്രദ്ധയാണെന്നും അശ്വിൻ തന്റെ യൂട്യൂബ് ചാനലിലൂടെ തുറന്നടിച്ചു.




