Featured Spotlight

പ്രായവിവാദം; കുംഭമേള വൈറൽ പെൺകുട്ടി ഗർഭിണി, യാത്രചെയ്ത് പൊലീസിന് മുന്നിൽ ഹാജരാകാനാകില്ലെന്ന് ഭർത്താവ്

കൊച്ചി: കുംഭമേളയിലൂടെ വൈറലായ പെൺകുട്ടി ഗർഭിണിയാണെന്നും നിലവിലെ സാഹചര്യത്തിൽ യാത്ര ചെയ്ത് പൊലീസിന് മുന്നിൽ ഹാജരാകാൻ കഴിയില്ലെന്നും ഭർത്താവ് ഫർമാൻ ഖാൻ അറിയിച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിച്ചുവെന്ന മാതാപിതാക്കളുടെ പരാതിയിൽ നേരിട്ട് ഹാജരാകാൻ മധ്യപ്രദേശ് പൊലീസ് നിർദേശിച്ചതിനെ തുടർന്നാണ് ഫർമാൻ ഖാൻ മറുപടി നൽകിയത്. മധ്യപ്രദേശ് ഖർഗോണിലെ വനിതാ എസ്.ഐയെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഈ കേസിൽ ഇരുവരെയും അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി മെയ് 20 വരെ തടഞ്ഞിട്ടുണ്ട്.

കുടുംബാംഗങ്ങൾ നിർബന്ധിച്ച് മറ്റൊരു വിവാഹത്തിന് ശ്രമിക്കുന്നുവെന്ന പരാതിയുമായി ഇവർ നേരത്തെ തമ്പാനൂർ പൊലീസിനെ സമീപിച്ചിരുന്നു. 2008 ജനുവരി 1 ജനനത്തീയതിയായി രേഖപ്പെടുത്തിയ സർട്ടിഫിക്കറ്റ് പ്രകാരം വിവാഹസമയത്ത് പെൺകുട്ടിക്ക് 18 വയസ്സ് പൂർത്തിയായിരുന്നു. ആധാർ കാർഡ്, പാൻ കാർഡ് എന്നിവയിലും മധ്യപ്രദേശിലെ വോട്ടർ പട്ടികയിലും ഇതേ പ്രായമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ തെളിവുകളുടെ അടിസ്ഥാനത്തിൽ പൊലീസ് അനുമതിയോടെ സി.പി.എം നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു ഇവരുടെ വിവാഹം. തുടർന്ന് പൂവാർ പഞ്ചായത്തിൽ വിവാഹം രജിസ്റ്റർ ചെയ്യുകയും ചെയ്തു.

എന്നാൽ വിവാഹത്തിന് പിന്നാലെ മധ്യപ്രദേശ് സർക്കാർ പെൺകുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് റദ്ദാക്കുകയും ഫർമാനെതിരെ പോക്സോ നിയമപ്രകാരം കേസെടുക്കുകയും ചെയ്തു. ഇതിനെതിരെ രൂക്ഷമായ പ്രതികരണവുമായി രാഹുൽ ഈശ്വർ രംഗത്തെത്തി. പെൺകുട്ടിക്ക് 18 വയസ്സ് തികഞ്ഞതാണെന്നും സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് അവരെ വേട്ടയാടുകയാണെന്നും അദ്ദേഹം ആരോപിച്ചു. വർഷങ്ങൾക്ക് മുമ്പ് തയ്യാറാക്കിയ രേഖകൾ വ്യാജമാണെന്ന് പറയുന്നത് അംഗീകരിക്കാനാവില്ലെന്നും ഇവർക്ക് നിയമപരമായ എല്ലാ പിന്തുണയും നൽകുമെന്നും രാഹുൽ ഈശ്വർ വ്യക്തമാക്കി. കേരളത്തിൽ ജീവിക്കാൻ ആഗ്രഹിക്കുന്ന ഇവരെ കേരളം പിന്തുണയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.