കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മുംബൈ നഗരത്തിൽ ട്രെയിനുകൾ സാധാരണ വേഗതയിൽ ഓടുന്നത് കാണാൻ പോലും കഴിഞ്ഞിരുന്നില്ല. മഹാരാഷ്ട്രയിൽ കാലവർഷം കനത്തതോടെ ട്രെയിനുകൾ വൈകിയോടുന്നതും റെയിൽവേ ട്രാക്കുകൾ വെള്ളത്തിൽ മുങ്ങുന്നതും സ്റ്റേഷനുകൾക്ക് കേടുപാടുകൾ സംഭവിക്കുന്നതുമാണ് നഗരത്തിൽ കണ്ടുകൊണ്ടിരിക്കുന്നത്. ഇതിനിടയിലാണ് മഴയെപ്പോലും തോൽപ്പിച്ച് വന്ദേ ഭാരത് എക്സ്പ്രസ്സ് കുതിച്ചുപാഞ്ഞ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. വെള്ളപ്പൊക്കത്തിൽ മുങ്ങിയ റെയിൽവേ ട്രാക്കിലൂടെ യാതൊരു തടസ്സവുമില്ലാതെ വന്ദേ ഭാരത് അതിവേഗത്തിൽ മുന്നോട്ട് കുതിക്കുന്നതാണ് വീഡിയോയിലുള്ളത്.
മുംബൈയിലെ കാഞ്ചൂർമാർഗിന് സമീപമാണ് ഈ സംഭവം നടന്നതെന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ പറയുന്നു. വെള്ളത്തിൽ മുങ്ങിയ ട്രാക്കിലൂടെ പോകുമ്പോഴും ട്രെയിനിന്റെ വേഗത കുറയ്ക്കേണ്ടതില്ലെന്ന് ലോകോ പൈലറ്റ് തീരുമാനിച്ച രീതിയാണ് വീഡിയോയെ കൂടുതൽ നാടകീയമാക്കിയത്. അതിവേഗത്തിൽ ട്രെയിൻ പാഞ്ഞുപോയപ്പോൾ വെള്ളം വൻതോതിൽ മുകളിലേക്ക് തെറിക്കുകയും ട്രാക്കിന് മുകളിലൂടെ പോകുന്ന ഹൈവേയിലേക്ക് വരെ അത് മഴപോലെ പെയ്യുകയും ചെയ്തു.
ട്രെയിനിന്റെ കരുത്തിനെ പലരും പ്രശംസിച്ചപ്പോൾ തന്നെ, ഈ വീഡിയോ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ച് നിർമ്മിച്ചതാണോ എന്ന് സംശയിക്കുന്നവരും കുറവല്ല. ഇത് മുംബൈയിൽ നിന്നുള്ള ദൃശ്യങ്ങളല്ല എന്ന് അവകാശപ്പെടുന്നവരുമുണ്ട്. എന്നാൽ ഈ വീഡിയോയുടെ വിശ്വാസ്യതയോ കൂടുതൽ വിവരങ്ങളോ ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. കനത്ത മഴയെത്തുടർന്ന് ജൂലൈ 6 തിങ്കളാഴ്ച രാവിലെ മുംബൈയിലെ ലോക്കൽ ട്രെയിൻ സർവീസുകൾ വലിയ തോതിൽ തടസ്സപ്പെട്ടിരുന്നു. വിവിധ ലൈനുകളിൽ സർവീസുകൾ 3 മുതൽ 16 മിനിറ്റ് വരെ വൈകിയ ഓടിയത് ഓഫീസ് സമയത്ത് യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിച്ചു. സെൻട്രൽ റെയിൽവേയിലെ സി.എസ്.എം.ടി – കല്യാൺ റൂട്ടിലാണ് ട്രെയിൻ ഗതാഗതത്തെ മഴ ഏറ്റവും കൂടുതൽ ബാധിച്ചത്.
“വന്ദേ ഭാരത് എക്സ്പ്രസ്സ് അഭിനയിച്ച ഒരു സിനിമ രംഗം പോലെ തോന്നുന്നു!” എന്ന കുറിപ്പോടെ ‘ട്രെയിൻവാലെ ഭയ്യ’ എന്ന എക്സ് (ട്വിറ്റർ) അക്കൗണ്ടിലാണ് ഈ വീഡിയോ പ്രത്യക്ഷപ്പെട്ടത്. പങ്കുവെച്ച് രണ്ട് ദിവസത്തിനുള്ളിൽ എട്ട് ലക്ഷത്തിനടുത്ത് ആളുകളാണ് ഈ വീഡിയോ കണ്ടത്. ആ പാലത്തിലൂടെ പോയ ആളുകൾ ഒരു നിമിഷം ശരിക്കും ഭയന്നുപോയിട്ടുണ്ടാകുമെന്നും ഇത് തികച്ചും അപകടകരമായ യാത്രയാണെന്നും ഒരു ഉപയോക്താവ് കുറിച്ചു. ഹൈവേയിലൂടെ പോയവർ പെട്ടെന്ന് ഇത്രയും വലിയ വെള്ളപ്പാച്ചിൽ എവിടെ നിന്ന് വന്നു എന്ന് കരുതി പേടിച്ചിട്ടുണ്ടാകുമെന്നാണ് മറ്റൊരാൾ കമന്റ് ചെയ്തത്. കണ്ടിട്ട് യഥാർത്ഥമാണെന്ന് തോന്നുന്നില്ലെന്നും ഇത് എ.ഐ നിർമ്മിതമായിരിക്കാമെന്നും മറ്റ് ചിലർ അഭിപ്രായപ്പെട്ടു.




