Crime

പ്രതി അദ്നാന്‍ മരിച്ച ശേഷം ഫോണുകള്‍ കിണറ്റിലിട്ടത് ആര് ? നസ്രീന കൊലപാതകത്തില്‍ മൂന്നാമതൊരാള്‍?

കോഴിക്കോട് ചെലവൂരില്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ നിര്‍ണ്ണായകമായ പുതിയ വിവരങ്ങള്‍ പുറത്തുവന്നു. കൊല്ലപ്പെട്ട നസ്രീനയുടെയും പ്രതിയായ അദ്നാന്റെയും മൊബൈല്‍ ഫോണുകള്‍ പെണ്‍കുട്ടിയുടെ വീട്ടിലെ കിണറ്റില്‍ നിന്നാണ് പൊലീസ് കണ്ടെടുത്തത്. നസ്രീനയുടെ രണ്ട് ഫോണുകളും അദ്നാന്റെ ഒരു ഫോണുമാണ് ഫയര്‍ഫോഴ്സിന്റെ സഹായത്തോടെ പുറത്തെടുത്തത്. കഴിഞ്ഞ ദിവസമാണ് നാടിനെ നടുക്കിയ ഈ ദാരുണ സംഭവം നടന്നത്.

അതേസമയം, പ്രതിയും പെണ്‍കുട്ടിയും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കിടക്കുമ്പോള്‍ ഇവരുടെ ഫോണുകള്‍ എങ്ങനെ കിണറ്റിലെത്തി എന്നത് വലിയ ദുരൂഹതയായി തുടരുന്നു. അദ്നാൻ മരിച്ച മുറി ഉള്ളില്‍ നിന്ന് പൂട്ടിയ നിലയിലായിരുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ തെളിവ് നശിപ്പിക്കാനായി മറ്റാരെങ്കിലും ഇടപെട്ടിട്ടുണ്ടോ എന്നാണ് പൊലീസ് ഇപ്പോള്‍ സംശയിക്കുന്നത്. തെളിവുകള്‍ ആസൂത്രിതമായി ഒളിപ്പിക്കാന്‍ കുടുംബാംഗങ്ങള്‍ക്ക് പങ്കുണ്ടോ എന്നും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.

കിണറ്റില്‍ നിന്നും മുറിയില്‍ നിന്നും ലഭിച്ച മൊബൈല്‍ ഫോണുകള്‍ ശാസ്ത്രീയ പരിശോധനയ്ക്കായി സൈബര്‍ സെല്ലിന് കൈമാറും. ഫോണിലെ സന്ദേശങ്ങളും കോള്‍ വിവരങ്ങളും വീണ്ടെടുക്കുന്നതോടെ കൊലപാതകത്തിലേക്ക് നയിച്ച യഥാര്‍ത്ഥ കാരണം വ്യക്തമാകുമെന്നാണ് കരുതുന്നത്. ഈ മാസം ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മൂഴിക്കല്‍ സ്വദേശിനി നസ്രീനയെയും ബന്ധുവായ അദ്നാനെയും പെണ്‍കുട്ടിയുടെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

പ്രാഥമിക നിഗമനമനുസരിച്ച് നസ്രീനയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം അദ്നാൻ സ്വയം ജീവനൊടുക്കുകയായിരുന്നു. നസ്രീനയുടെ വീട്ടില്‍ താമസിച്ചിരുന്ന അദ്നാനെ ചില കുടുംബപ്രശ്നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ഡിസംബറിലാണ് അവിടെ നിന്നും പുറത്താക്കിയത്. പെണ്‍കുട്ടിയുടെ കഴുത്തില്‍ തുണി മുറുക്കിയതായും അദ്നാന്റെ മുഖം ടേപ്പ് കൊണ്ട് പൂര്‍ണ്ണമായും ചുറ്റിയ നിലയിലുമായിരുന്നു. ശ്വാസം മുട്ടിയാണ് ഇരുവര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും സ്ഥിരീകരിക്കുന്നു.