Featured Sports

ലക്നൗവിനെതിരെ ബെംഗളൂരുവിന് ‘സൂപ്പർ’ ജയം, ആറാടിയ കോലിക്ക് ഓറഞ്ച് ക്യാപ്, ഒന്നാമതെത്തി ആർസിബി

റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ബാറ്റർമാരും ബോളർമാരും ഒരുപോലെ തിളങ്ങിയ മത്സരത്തിൽ ലക്നൗ സൂപ്പർ ജയന്റ്സിന് ദയനീയ പരാജയം. തീർത്തും ഏകപക്ഷീയമായ പോരാട്ടത്തിൽ 5 വിക്കറ്റിനാണ് ആർസിബി വിജയിച്ചത്. ലക്നൗ മുന്നോട്ടുവെച്ച 147 റൺസ് എന്ന ചെറിയ ലക്ഷ്യം വെറും 15.1 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ ബെംഗളൂരു മറികടന്നു.

വിരാട് കോലി (34 പന്തിൽ 49), ക്യാപ്റ്റൻ രജത് പാട്ടീദാർ (13 പന്തിൽ 27), ജിതേഷ് ശർമ (9 പന്തിൽ 23) എന്നിവരുടെ ബാറ്റിങ് മികവാണ് ആർസിബിയെ അനായാസം വിജയതീരത്ത് എത്തിച്ചത്. നേരത്തെ ബോളിങ്ങിൽ നാല് വിക്കറ്റെടുത്ത റാസിഖ് സലാം ദറും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഭുവനേശ്വർ കുമാറുമാണ് ലക്നൗവിനെ തകർത്തത്. ഈ വിജയത്തോടെ ആർസിബി പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. ലക്നൗ നിലവിൽ ഏഴാം സ്ഥാനത്താണ്.

തന്റെ സ്ട്രൈക്ക് റേറ്റിനെ വിമർശിച്ചവർക്ക് മറുപടി നൽകുന്ന പ്രകടനമാണ് വിരാട് കോലി കാഴ്ചവെച്ചത്. ഓപ്പണർ ഫിൽ സോൾട്ട് (7) പെട്ടെന്ന് പുറത്തായെങ്കിലും ദേവ്‌ദത്ത് പടിക്കലിനെ കൂട്ടുപിടിച്ച് കോലി തകർത്തടിച്ചു. മുഹമ്മദ് ഷമിയെയും പ്രിൻസ് യാദവിനെയും ബൗണ്ടറികൾ പായിച്ച് കോലി ആവേശം നിറച്ചതോടെ പവർപ്ലേയിൽ തന്നെ ആർസിബി മികച്ച സ്കോർ നേടി. എട്ടാം ഓവറിൽ പടിക്കൽ (10) പുറത്തായതിന് പിന്നാലെ രജത് പാട്ടീദാർ ക്രീസിലെത്തി. അർധസെഞ്ചറിക്ക് ഒരു റൺ അകലെ കോലി ആവേശ് ഖാന് വിക്കറ്റ് നൽകി മടങ്ങിയെങ്കിലും റൺവേട്ടക്കാരിൽ ഒന്നാമതെത്തി ഓറഞ്ച് ക്യാപ് സ്വന്തമാക്കി.

പിന്നീട് പാട്ടീദാറിനെയും ജിതേഷ് ശർമയെയും ഒരേ ഓവറിൽ നഷ്ടമായെങ്കിലും ടിം ഡേവിഡും (14*) റൊമാരിയോ ഷെപ്പേർഡും (14*) ചേർന്ന് ആർസിബിയെ ജയത്തിലേക്ക് നയിച്ചു. ലക്നൗവിന് വേണ്ടി പ്രിൻസ് യാദവ് മൂന്നും ആവേശ് ഖാൻ രണ്ടും വിക്കറ്റ് വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത ലക്നൗ നിരയിൽ മിച്ചൽ മാർഷ് (40), മുകുൾ ചൗധരി (39), ആയുഷ് ബദോനി (38) എന്നിവർ മാത്രമാണ് പൊരുതിയത്. 20 ഓവറിൽ 146 റൺസിന് ലക്നൗ ഓൾഔട്ടാവുകയായിരുന്നു. റാസിഖ് സലാം നാലും ഭുവനേശ്വർ കുമാർ മൂന്നും വിക്കറ്റുകൾ നേടി ലക്നൗവിനെ തളച്ചു.