കോവിഡ് മഹാമാരിക്ക് ശേഷമുള്ള ഏറ്റവും വലിയ തകർച്ചയിലൂടെയാണ് ലോകത്തെ തൊഴിൽ വിപണി കടന്നുപോകുന്നത്. ഈ പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്ന ഒരു യുവാവിന്റെ കുറിപ്പ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. മാസ്റ്റേഴ്സ് ബിരുദം ഉണ്ടായിട്ടും ഒരു വർഷത്തിനിടെ 12,000-ത്തിലധികം ജോലികൾക്ക് അപേക്ഷിച്ചിട്ടും ഒരെണ്ണം പോലും ലഭിക്കാത്തതിന്റെ നിരാശയാണ് അദ്ദേഹം പങ്കുവെക്കുന്നത്.
“അടുത്ത മാസത്തോടെ ഞാൻ തൊഴിലില്ലാതെ ഇരുന്നിട്ട് കൃത്യം ഒരു വർഷമാകും. 2025 മെയിലാണ് ഞാൻ മാസ്റ്റേഴ്സ് പൂർത്തിയാക്കിയത്. ലിങ്ക്ഡ്ഇൻ, ഇൻഡീഡ് തുടങ്ങിയ വിവിധ തൊഴിൽ പോർട്ടലുകൾ വഴി ഏകദേശം 12,000-ത്തോളം അപേക്ഷകൾ നൽകിക്കഴിഞ്ഞു,” റെഡിറ്റിൽ പങ്കുവെച്ച കുറിപ്പിൽ അദ്ദേഹം പറയുന്നു. ഇപ്പോൾ തനിക്ക് ഭയമോ നാണമോ തോന്നുന്നില്ലെന്നും മനസ്സ് പൂർണ്ണമായും മരവിച്ച അവസ്ഥയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്രയും കാലം താൻ എങ്ങനെ അതിജീവിച്ചു എന്ന് പോലും അറിയില്ലെന്നാണ് ഇദ്ദേഹം പറയുന്നത്.
ഈ കുറിപ്പ് വൈറലായതോടെ സമാനമായ അനുഭവങ്ങൾ പങ്കുവെച്ച് നിരവധി പേർ രംഗത്തെത്തി. കമ്പനികളുടെ നിയമന രീതികൾ താറുമാറായി കിടക്കുകയാണെന്ന് പലരും അഭിപ്രായപ്പെട്ടു. അപേക്ഷകരെ തിരഞ്ഞെടുക്കാൻ കമ്പനികൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിക്കുന്നതിനാൽ പല യോഗ്യരായ ഉദ്യോഗാർത്ഥികളും പുറന്തള്ളപ്പെടുകയാണെന്നും ചിലർ ചൂണ്ടിക്കാട്ടുന്നു.
ഇത്രയധികം ജോലികൾക്ക് എങ്ങനെ അപേക്ഷിക്കാൻ കഴിഞ്ഞു എന്ന് ആശ്ചര്യപ്പെടുന്നവരും കുറവല്ല. തന്ത്രപരമായ രീതിയിൽ അപേക്ഷകൾ നൽകാത്തതാവാം പരാജയത്തിന് കാരണമെന്ന് ചിലർ ഉപദേശിക്കുമ്പോഴും, നിലവിലെ സാഹചര്യം അത്രമേൽ മോശമാണെന്നാണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നത്. തൊഴിലന്വേഷകർ അനുഭവിക്കുന്ന കടുത്ത മാനസിക സമ്മർദ്ദത്തിലേക്കാണ് ഈ സംഭവം വിരൽ ചൂണ്ടുന്നത്.




