Featured Spotlight

‘അങ്ങനെയെങ്കില്‍ ഉമ തോമസ് ജയിച്ചേക്കും..’; തൃക്കാക്കരയിലെ സാധ്യതകള്‍ അഖില്‍ മാരാര്‍ പറയുന്നു

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ പോളിങ് ശതമാനം വർധിച്ചത് ഭരണവിരുദ്ധ വികാരം കൊണ്ടല്ലെന്ന് എൻഡിഎ സ്ഥാനാർത്ഥി അഖിൽ മാരാർ . പിണറായി സർക്കാരിനോടും നിലവിലെ എംഎൽഎയോടും എതിർപ്പുള്ളവരും, മാറ്റം ആഗ്രഹിക്കുന്ന നിഷ്പക്ഷ വോട്ടർമാരും എൻഡിഎയ്ക്ക് ഒപ്പം നിന്നതാണ് വോട്ടിങ് ഉയരാൻ കാരണമെന്ന് അദ്ദേഹം പറഞ്ഞു. ഈ വോട്ടുകൾ തനിക്ക് അനുകൂലമാകുമെന്നും അതിന്റെ ഫലം മെയ് നാലിന് അറിയാമെന്നും അഖിൽ മാരാർ വ്യക്തമാക്കി.

തൃക്കാക്കര യുഡിഎഫിന്റെ ഉറച്ച കോട്ടയാണെന്നും അവിടെ ഭരണവിരുദ്ധ വികാരം കൊണ്ട് മാത്രം വോട്ട് കൂടേണ്ട കാര്യമില്ലെന്നുമാണ് അഖിലിന്റെ വാദം. പുതുതലമുറയിലെ വോട്ടുകളും ബിജെപിയുടെ വോട്ടുകളും തനിക്ക് കൃത്യമായി ലഭിച്ചിട്ടുണ്ട്. ബിജെപി വോട്ടുകൾ മാത്രം 25,000-ത്തിന് മുകളിൽ കിട്ടുമെന്നും ട്വന്റി-20യുടെ വോട്ടുകൾ കൂടി ലഭിച്ചാൽ ഇത്തവണ മണ്ഡലത്തിൽ ചരിത്രം തിരുത്തിക്കുറിക്കപ്പെടുമെന്നും അദ്ദേഹം ഫെയ്‌സ്ബുക്കിൽ കുറിച്ചു.

മുൻകാല കണക്കുകൾ നിരത്തിയാണ് അഖിൽ തന്റെ വാദങ്ങൾ വ്യക്തമാക്കുന്നത്. 2016-ൽ പോളിങ് കൂടിയപ്പോൾ ബിജെപിയുടെ വോട്ടുകൾ വർധിച്ചിരുന്നു. ഇത്തവണ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യപ്പെട്ട 20,000 വോട്ടുകളിൽ വലിയൊരു ഭാഗം കോൺഗ്രസിന്റേതാണെന്നും ഇത് ഉമ തോമസിന് തിരിച്ചടിയാകുമെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. പുതിയ വോട്ടർമാരിൽ ഭൂരിഭാഗവും തന്നോടൊപ്പമാണെന്നും അദ്ദേഹം അവകാശപ്പെടുന്നു.

പുതുതലമുറയിലെ വോട്ടർമാർ ശക്തമായ രാഷ്ട്രീയ ബന്ധമോ വീട്ടുകാരുടെ നിർബന്ധമോ ഇല്ലാതെ വോട്ട് ചെയ്തിട്ടുണ്ടെങ്കിൽ അത് തനിക്കായിരിക്കും ലഭിക്കുകയെന്ന് അഖിൽ പറയുന്നു. എന്നാൽ മുസ്ലിം വോട്ടുകൾ സംഘടിതമായി യുഡിഎഫിന് ലഭിച്ചാൽ മാത്രമേ ഉമ തോമസിന് രക്ഷയുണ്ടാകൂ. സിപിഎം വോട്ടുകൾ കൃത്യമായി പെട്ടിയിലായാൽ ഉമ തോമസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടാലും അത്ഭുതപ്പെടാനില്ലെന്നും അഖിൽ മാരാർ കൂട്ടിച്ചേർത്തു.