Oddly News

ട്രംപിന്റെ ഭീഷണിക്കു മുന്നിൽ പതറില്ല, ഇറാൻ ആണവനിലത്തിനു മുന്നില്‍ വീണ വായിച്ച് അലി ഖംസാരി- വേറിട്ട പ്രതിഷേധം തരംഗമാകുന്നു- വീഡിയോ

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം മുറുകുന്നതിനിടെ, ഇറാന്റെ പ്രധാന ഊർജ്ജ നിലയത്തിന് മുന്നിൽ വ്യത്യസ്തമായ ഒരു പ്രതിഷേധവുമായി എത്തിയിരിക്കുകയാണ് ഇറാനിയൻ കലാകാരനായ അലി ഘംസാരി. ഡൊണാൾഡ് ട്രംപ് ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ദമാവന്ദ് പവർ പ്ലാന്റിന് മുന്നിൽ തന്റെ പരമ്പരാഗത സംഗീതോപകരണമായ ‘താർ’ (taar) വായിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ പ്രതിഷേധം അറിയിച്ചത്. യുദ്ധഭീഷണികൾക്കിടയിൽ സമാധാനത്തിന് വേണ്ടിയുള്ള ഒരു അഭ്യർത്ഥനയായാണ് അദ്ദേഹം ഈ സംഗീത പ്രകടനത്തെ കാണുന്നത്.

“ഞാനിപ്പോൾ ദമാവന്ദ് പവർ പ്ലാന്റിന് മുന്നിലാണ്. ആക്രമിക്കപ്പെടുമെന്ന് ഭീഷണി നിലനിൽക്കുന്ന ഒരിടമായതുകൊണ്ട് നിങ്ങളും ഇവിടെ ഉണ്ടായിരുന്നെങ്കിൽ എന്ന് എനിക്ക് പറയാനാകില്ല. എന്റെ ഈ സംഗീതം സമാധാനത്തിന് വഴിതുറക്കുമെന്നും വീടുകളിലെ വിളക്കുകൾ അണഞ്ഞുപോകാതിരിക്കാൻ സഹായിക്കുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു,” എന്ന് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ അദ്ദേഹം പറഞ്ഞു.

ആഗോള എണ്ണ വ്യാപാരത്തിന്റെ പ്രധാന പാതയായ ഹോർമുസ് കടലിടുക്ക് തുറന്നു കൊടുത്തില്ലെങ്കിൽ ഇറാന്റെ വൈദ്യുതി നിലയങ്ങളും പാലങ്ങളും തകർക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് മറുപടിയായാണ് അലി ഘംസാരി ഇത്തരമൊരു നിലപാട് സ്വീകരിച്ചത്.

ഹോർമുസ് കടലിടുക്ക് ഉടൻ തുറന്നില്ലെങ്കിൽ ചൊവ്വാഴ്ച ഇറാനിലെ പവർ പ്ലാന്റുകൾക്കും പാലങ്ങൾക്കും നേരെ ശക്തമായ ആക്രമണം ഉണ്ടാകുമെന്ന് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴി ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനെത്തുടർന്ന് രാജ്യത്തെ പൊതുസ്വത്തുക്കൾ സംരക്ഷിക്കാൻ ഇറാനിയൻ അധികൃതർ ജനങ്ങളോട് ആഹ്വാനം ചെയ്തു.

ഇതിന്റെ ഭാഗമായി ഏപ്രിൽ 7-ന് പവർ പ്ലാന്റുകൾക്ക് ചുറ്റും മനുഷ്യച്ചങ്ങല തീർക്കാൻ കലാകാരന്മാരും വിദ്യാർത്ഥികളും കായികതാരങ്ങളും ഉൾപ്പെടെയുള്ളവർ മുന്നോട്ടുവന്നിട്ടുണ്ട്. യുദ്ധത്തിന്റെ നിഴലിലും കലയെ പ്രതിരോധത്തിന്റെ ആയുധമാക്കാമെന്ന് തെളിയിക്കുകയാണ് അലി ഘംസാരിയുടെ ഈ വേറിട്ട പ്രതിഷേധം.