ഐപിഎൽ 2026 സീസണിന്റെ തുടക്കത്തിൽ തിരിച്ചടികൾ നേരിടുന്ന ചെന്നൈ സൂപ്പർ കിംഗ്‌സ് (CSK) ആരാധകർക്ക് ആശ്വാസം പകരുന്ന വാർത്തകൾ പുറത്തുവരുന്നു. ഇതിഹാസ താരം എം.എസ്. ധോണി പരിക്കിൽ നിന്ന് മുക്തനായി ടീമിലേക്ക് തിരിച്ചെത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. അടുത്ത 48 മണിക്കൂറിനുള്ളിൽ നടക്കുന്ന നിർണ്ണായക ഫിറ്റ്‌നസ് പരിശോധന ധോണിയുടെ മടങ്ങിവരവ് നിശ്ചയിക്കും.
പരിശീലന ക്യാമ്പിനിടെ കാലിനേറ്റ പരിക്ക് (Calf strain) കാരണം ഈ സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളിലും 44-കാരനായ ധോണിക്ക് കളിക്കാൻ സാധിച്ചിരുന്നില്ല. രാജസ്ഥാൻ റോയൽസ്, പഞ്ചാബ് കിംഗ്‌സ്, റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു എന്നിവരോട് തുടർച്ചയായി പരാജയപ്പെട്ട അഞ്ച് വട്ടത്തെ ചാമ്പ്യന്മാരായ ചെന്നൈ നിലവിൽ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്താണ്. ധോണിയുടെ അഭാവം ടീമിന്റെ പ്രകടനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്.
ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് പ്രകാരം, ഫിറ്റ്‌നസ് ടെസ്റ്റിൽ വിജയിക്കുകയാണെങ്കിൽ ഏപ്രിൽ 11 ശനിയാഴ്ച ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഡൽഹി ക്യാപ്പിറ്റൽസിനെതിരെ നടക്കുന്ന മത്സരത്തിൽ ധോണി കളത്തിലിറങ്ങും. കഴിഞ്ഞ മത്സരങ്ങളിൽ ടീമിനൊപ്പം യാത്ര ചെയ്യാതിരുന്ന ധോണി, ഇപ്പോൾ പരിശീലന സെഷനുകളിൽ സജീവമാണ്. കഴിഞ്ഞ ദിവസം നടന്ന നെറ്റ്‌സ് പ്രാക്ടീസിൽ അദ്ദേഹം ദീർഘനേരം ബാറ്റിംഗ് പരിശീലനം നടത്തിയിരുന്നു. കാര്യമായ അസ്വസ്ഥതകളില്ലാതെ അദ്ദേഹം ബാറ്റ് ചെയ്യുന്നത് ആരാധകർക്ക് പ്രതീക്ഷ നൽകുന്നുണ്ടെങ്കിലും പൂർണ്ണ കായികക്ഷമത ഉറപ്പാക്കിയ ശേഷം മാത്രം അദ്ദേഹത്തെ കളിപ്പിച്ചാൽ മതിയെന്ന നിലപാടിലാണ് ഫ്രാഞ്ചൈസി.
ആദ്യ മൂന്ന് മത്സരങ്ങളും തോറ്റ ചെന്നൈക്ക് ഡൽഹിക്കെതിരെയുള്ള പോരാട്ടം സീസണിലെ വഴിത്തിരിവാകുമെന്ന് കരുതപ്പെടുന്നു. ധോണിയുടെ ബാറ്റിംഗ് മികവിനും വിക്കറ്റ് കീപ്പിംഗിനും അപ്പുറം, അദ്ദേഹത്തിന്റെ തന്ത്രപരമായ നീക്കങ്ങളാണ് ടീമിന് ഇപ്പോൾ അത്യാവശ്യം. ധോണിയുടെ തിരിച്ചുവരവ് ടീമിന് വലിയൊരു ആവേശമാകുമെന്നും സിഎസ്കെയുടെ വിജയക്കുതിപ്പിന് അത് കാരണമാകുമെന്നുമാണ് ആരാധകരുടെ പ്രതീക്ഷ.




