Crime

ആണ്‍കുട്ടിയെ വേണം; ഗര്‍ഭിണിയായ ഭാര്യയേയും രണ്ട് പെണ്‍മക്കളേയും സ്വിമ്മിങ് പൂളില്‍ തള്ളിയിട്ട് കൊലപ്പെടുത്തി

തെലങ്കാനയിലെ വാറങ്കലിൽ ഗർഭിണിയായ യുവതിയെയും രണ്ട് പെൺമക്കളെയും സ്വിമ്മിങ് പൂളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. കേസിൽ യുവതിയുടെ ഭർത്താവ് അസ്ഹറുദ്ദീനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് 26 വയസ്സുള്ള ഫർഹാത്തും എട്ടും ആറും വയസ്സുള്ള മക്കളായ ഉമേറ, അയേഷ എന്നിവരും വാറങ്കൽ-ഖമ്മം ദേശീയപാതയ്ക്ക് സമീപമുള്ള പൂളിൽ മരിച്ച നിലയിൽ കാണപ്പെട്ടത്.

കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ളതും വാടകയ്ക്ക് നൽകാറുള്ളതുമായ കൃത്രിമക്കുളത്തിലാണ് ഇവരെ കണ്ടെത്തിയത്. രാത്രി ബന്ധുക്കൾക്കൊപ്പം പൂളിനടുത്തെത്തിയ ഇവർ മിനിറ്റുകൾക്കുള്ളിൽ അപകടത്തിൽപ്പെട്ടതായാണ് പുറംലോകം അറിഞ്ഞത്. ഉടൻ തന്നെ മൂവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഭാര്യയും മക്കളും അബദ്ധത്തിൽ പൂളിൽ വീണതാണെന്നായിരുന്നു അസ്ഹറുദ്ദീൻ ആദ്യം പോലീസിനോട് പറഞ്ഞിരുന്നത്.

എന്നാൽ അസ്ഹറുദ്ദീനെതിരെ യുവതിയുടെ പിതാവ് പോലീസിൽ പരാതി നൽകിയതോടെയാണ് സംഭവത്തിൽ വഴിത്തിരിവുണ്ടായത്. പ്രണയിച്ച് വിവാഹിതരായവരാണെങ്കിലും ഇവർക്കിടയിൽ നിരന്തരം തർക്കങ്ങൾ നിലനിന്നിരുന്നു. മൂന്നാമതും പെൺകുഞ്ഞ് ജനിക്കുന്നതിനോട് അസ്ഹറുദ്ദീന് താൽപ്പര്യമില്ലായിരുന്നുവെന്നും ഗർഭച്ഛിദ്രം നടത്താൻ ഇയാൾ ഫർഹത്തിനെ നിർബന്ധിച്ചിരുന്നതായും പിതാവിന്റെ പരാതിയിൽ വ്യക്തമാക്കുന്നുണ്ട്.

മൂന്നാമത്തെ കുഞ്ഞും പെണ്ണാണെന്ന് അറിഞ്ഞതോടെ പ്രതി ഭാര്യയെയും മക്കളെയും കുളത്തിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. അസ്ഹറുദ്ദീന്റെ മൊബൈൽ ഫോൺ രേഖകളും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചപ്പോഴാണ് മൊഴിയിലെ കള്ളങ്ങൾ പുറത്തായത്. മൊഴിയിലെ വൈരുദ്ധ്യങ്ങൾ കൂടി ശ്രദ്ധയിൽപ്പെട്ടതോടെ പോലീസ് ഇയാൾക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുക്കുകയായിരുന്നു.