Crime

ഫാക്ടറിയില്‍ ഒപ്പം ജോലി ചെയ്യുന്ന സ്ത്രീയുടെ നാലു വയസ്സുള്ള മകളെ പീഡിപ്പിച്ചു; ആസ്സാംകാര്‍ അറസ്റ്റില്‍

കൊച്ചി: കൊച്ചിയില്‍ വീണ്ടും അന്യസംസ്ഥാന തൊഴിലാളികളുടെ മകളെ അന്യസംസ്ഥാന തൊഴിലാളികള്‍ പീഡനത്തിന് ഇരയാക്കി. കുറുപ്പംപടിയിലെ പ്ലൈവുഡ് സ്ഥാപനത്തില്‍ വെള്ളിയാഴ്ചയാണ് നാലു വയസ്സുള്ള കുട്ടി പീഡനത്തിന് ഇരയായത്. സംഭവത്തില്‍ അസം സ്വദേശികളായ സജലാല്‍, ഉബൈദുള്ള എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. കുട്ടി ഇപ്പോള്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്.

പ്രതികളായ അസം സ്വദേശികള്‍ പെണ്‍കുട്ടിയുടെ അമ്മയുടെ സഹപ്രവര്‍ത്തകരാണെന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ പെണ്‍കുട്ടിക്കൊപ്പം നടക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. പെണ്‍കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പോലീസ് അറിയിച്ചു. മറുനാടന്‍ തൊഴിലാളികളുടെ മകളാണ് ഇര.

പ്രതികളെ കുട്ടി തിരിച്ചറിഞ്ഞതായി റൂറല്‍ എസ്പി സ്ഥിരീകരിച്ചു. ഇരുവരെയും പോലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്തു വരികയാണ്. കുട്ടി ശാരീരിക അസ്വാസ്ഥ്യത്തെക്കുറിച്ച് മാതാപിതാക്കളോട് പരാതിപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. നേരത്തേ ബീഹാറില്‍ നിന്നുള്ള തൊഴിലാളിയുടെ മകളെ മറ്റൊരു അന്യസംസ്ഥാന തൊഴിലാളി തട്ടിക്കൊണ്ടു വന്ന് പീഡനത്തിന് ഇരയാക്കിയ ശേഷം കൊലപ്പെടുത്തിയിരുന്നു.