Featured Sports

ഇങ്ങനെയുണ്ടോ ദൗർഭാഗ്യം! ഫോറടിച്ച് തുടങ്ങി, അപ്രതീക്ഷിത റൺഔട്ട്, ഒന്നും ചെയ്യാനാകാതെ പന്ത്– വീഡിയോ

ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ ഓപ്പണറായി ഇറങ്ങിയ ലക്നൗ സൂപ്പർ ജയന്റ്സ് നായകൻ ഋഷഭ് പന്ത് നിരാശപ്പെടുത്തി. ഒൻപത് പന്തുകളിൽ നിന്ന് വെറും ഏഴ് റൺസ് മാത്രമാണ് താരം നേടിയത്. മത്സരത്തിന്റെ തുടക്കത്തിൽ ഒരു ഫോർ നേടിയെങ്കിലും തികച്ചും അപ്രതീക്ഷിതമായ രീതിയിൽ പന്ത് റൺഔട്ടാവുകയായിരുന്നു.

മുകേഷ് കുമാർ എറിഞ്ഞ മൂന്നാം ഓവറിലെ അവസാന പന്തിലാണ് നാടകീയമായ പുറത്താകൽ നടന്നത്. നോൺ സ്ട്രൈക്കർ എൻഡിലായിരുന്ന പന്ത്, മിച്ചൽ മാർഷ് അടിച്ച പന്ത് ബൗളറുടെ കയ്യിൽ തട്ടി വിക്കറ്റിൽ പതിച്ചതോടെ പുറത്താവുകയായിരുന്നു. ഈ സമയത്ത് ക്രീസിന് പുറത്തായിരുന്ന പന്തിന് എന്താണ് സംഭവിച്ചതെന്ന് ആദ്യം മനസ്സിലായില്ല. ക്രീസ് വിടുമ്പോൾ താരം വലിയ രീതിയിൽ നിരാശയും ദേഷ്യവും പ്രകടിപ്പിക്കുന്നുണ്ടായിരുന്നു.

ദേശീയ ടീമിലേക്കുള്ള മടങ്ങിവരവ് ലക്ഷ്യമിടുന്ന പന്തിന് ഈ സീസൺ വളരെ പ്രധാനമാണ്. എന്നാൽ അപ്രതീക്ഷിതമായി ഓപ്പണറുടെ വേഷത്തിലെത്തിയ താരം പരാജയപ്പെട്ടതോടെ ലക്നൗവിന്റെ ബാറ്റിങ് നിരയും പതറി. ആദ്യം ബാറ്റ് ചെയ്ത ലക്നൗ 18.4 ഓവറിൽ 141 റൺസിന് എല്ലാവരും പുറത്തായി. 36 റൺസ് നേടിയ അബ്ദുൽ സമദാണ് ടീമിനായി കൂടുതൽ റൺസ് കണ്ടെത്തിയത്.

നായകൻ പുറത്തായതിന് പിന്നാലെ മുൻനിര ബാറ്റർമാരായ എയ്ഡൻ മാർക്രം (11), ആയുഷ് ബദോനി (0), നിക്കോളാസ് പുരാൻ (8) എന്നിവരും പെട്ടെന്ന് മടങ്ങിയത് ലക്നൗവിന് വലിയ തിരിച്ചടിയായി. പവർപ്ലേയിൽ ഭേദപ്പെട്ട തുടക്കം ലഭിച്ചിരുന്നെങ്കിലും പിന്നീട് 71 റൺസിനിടെ അഞ്ച് വിക്കറ്റുകൾ നഷ്ടമായത് ടീമിനെ പ്രതിസന്ധിയിലാക്കി. തുടർച്ചയായ വിക്കറ്റ് വീഴ്ചയാണ് കുറഞ്ഞ സ്കോറിൽ ലക്നൗവിനെ ഒതുക്കിയത്.