അമേരിക്കയിലെ 29 സംസ്ഥാനങ്ങളിൽ അതിവേഗം പടരുന്ന ബിഎ.3.2 (BA.3.2) എന്ന കോവിഡ് ഉപഭേദം ‘സിക്കാഡ’ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഒമിക്രോൺ കുടുംബത്തിൽപ്പെട്ട ഈ വൈറസ് വകഭേദം 2024 അവസാനത്തോടെ ദക്ഷിണാഫ്രിക്കയിലാണ് ആദ്യമായി കണ്ടെത്തിയത്. നിലവിൽ ലോകമെമ്പാടുമുള്ള 23 രാജ്യങ്ങളിൽ ഇത് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും എവിടെയും ഇതൊരു പ്രധാന ഭീഷണിയായി മാറിയിട്ടില്ല.
സിക്കാഡ വകഭേദത്തിന്റെ സ്പൈക് പ്രോട്ടീനിൽ 70 മുതൽ 75 വരെ പുതിയ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. ഇത് പഴയ ഒമിക്രോൺ വകഭേദത്തേക്കാൾ ഇരട്ടിയിലധികമാണ്. അതിനാൽ തന്നെ മുൻപ് കോവിഡ് വന്നവർക്കും വാക്സിൻ എടുത്തവർക്കും ഈ വൈറസിനെ പ്രതിരോധിക്കാനുള്ള ശേഷി കുറവായേക്കാം എന്ന് അമേരിക്കൻ ആരോഗ്യ ഏജൻസിയായ സിഡിസി സൂചിപ്പിക്കുന്നു.
വർഷങ്ങളോളം നിശബ്ദമായി പരിണമിച്ച ശേഷം പെട്ടെന്ന് പ്രത്യക്ഷപ്പെട്ടതിനാലാണ് ഇതിന് ‘സിക്കാഡ’ എന്ന പേര് നൽകിയിരിക്കുന്നത്. ലോകാരോഗ്യ സംഘടന (WHO) ഈ വകഭേദത്തെ നിരീക്ഷണ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇതൊരു വലിയ അപകടകാരിയാണെന്ന് ഇതുവരെ വിലയിരുത്തിയിട്ടില്ല.
തൊണ്ടവേദന, പനി, വിറയൽ, ചുമ, ക്ഷീണം, തലവേദന, മൂക്കടപ്പ് എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ. ഓക്കാനം, ഛർദ്ദി, വയറിളക്കം, മണമോ രുചിയോ നഷ്ടപ്പെടൽ എന്നിവ അപൂർവ്വമായി കണ്ടുവരാറുണ്ട്. സാധാരണ ഒമിക്രോൺ ബാധിക്കുന്നത് പോലെ തന്നെ ശ്വസനനാളത്തിന്റെ മുകൾ ഭാഗത്തെയാണ് ഇത് ബാധിക്കുന്നത്.
നിലവിലുള്ള വാക്സിനുകൾ പുതിയ വകഭേദത്തിനെതിരെ എത്രത്തോളം ഫലപ്രദമാണെന്നതിൽ ഗവേഷണം നടക്കുന്നുണ്ടെങ്കിലും, ഗുരുതരമായ രോഗാവസ്ഥയിൽ നിന്നും മരണത്തിൽ നിന്നും സംരക്ഷണം നൽകാൻ വാക്സിനേഷൻ ഇപ്പോഴും അത്യാവശ്യമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
സിക്കാഡ വകഭേദം ഇന്ത്യയിൽ വലിയൊരു ഭീഷണിയാണോ എന്ന ചോദ്യത്തിന് ഇപ്പോൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ഉത്തരം. ലോകമെമ്പാടും റിപ്പോർട്ട് ചെയ്ത സിക്കാഡ കേസുകൾ ഭൂരിഭാഗവും നിസ്സാരമായവയോ സാധാരണ ചികിത്സയിലൂടെ ഭേദമായവയോ ആണ്. ഇന്ത്യയിൽ ഇതുവരെ ഈ വകഭേദം മൂലമുള്ള കേസുകളിൽ വർദ്ധനവ് റിപ്പോർട്ട് ചെയ്തിട്ടില്ല. എങ്കിലും ആരോഗ്യ വിദഗ്ധർ ഇതിന്റെ വ്യാപനം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.




