ബുലന്ദ്ഷഹര്‍: ‘സിമെന്റ് ഓര് ഡ്രം’ (സിമെന്റ് ആന്‍ഡ് ഡ്രം) – ഭാര്യയുടെ മൊബൈല്‍ ഫോണിലെ ഈ മൂന്ന് വാക്കുകള്‍ കണ്ട് ഭര്‍ത്താവ് ഭയന്നുപോയി. തുടര്‍ന്ന് തന്റെ പങ്കാളിയെ കാമുകനൊപ്പം പോകാന്‍ അനുവദിച്ചു. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്നിന്നുള്ള രാജ്കുമാറിന്റെ കഥയാണിത്.
ഭാര്യക്ക് അവിഹിത ബന്ധമുണ്ടായിരുന്നുവെന്ന് രാജ്കുമാര് പറയുന്നു. ഇതേച്ചൊല്ലി ഇരുവരും വഴക്കിടുമായിരുന്നു. ഴിഞ്ഞ ജൂലൈയില്‍ ഭാര്യ രാജ്കുമാറിനെയും ആറ് മാസം പ്രായമുള്ള കുഞ്ഞിനെയും ഉപേക്ഷിച്ച് മാതാപിതാക്കളോടൊപ്പം താമസിക്കാനെന്നു പറഞ്ഞ് പോയി. പക്ഷേ, അവള് ഒരു മാസം കാമുകനൊപ്പം കഴിഞ്ഞുവെന്ന് രാജ്കുമാര് ആരോപിക്കുന്നു.
‘ഞാന്‍ അവളെ നേരിടാന്‍ ശ്രമിക്കുമ്പോഴെല്ലാം അവള് തെളിവ് ചോദിച്ചു. അടുത്തിടെ, ഭാര്യ കാമുകനെ വിളിക്കുമ്പോള്‍, അവളുടെ ഫോണ്‍ തട്ടിയെടുത്തു. നോക്കിയപ്പോള്‍ അതില്‍ കുറെ നഗ്നചിത്രങ്ങള്‍. ‘സിമെന്റ് ഔര്‍ ഡ്രം’ (സിമെന്റ് ആന്‍ഡ് ഡ്രം) എന്ന അടിക്കുറിപ്പോടെ ഫെയ്ബുക്കില്‍ പങ്കിട്ട കൊലപാതക കഥകളും. ‘നീല ഡ്രം ഔര്‍ സിമെന്റ്’ (നീല ഡ്രം ആന്‍ഡ് സിമെന്റ്) എന്ന വാചകത്തിനൊപ്പം തന്റെ ചിത്രവും രാജ്കുമാര് കണ്ടു. കൊല്ലാനുള്ള ഗൂഢാലോചനയായി രാജ്കുമാര് ഇതിനെ വ്യാഖ്യാനിച്ചു.
2025 മാര്‍ച്ചില്‍ മുസ്കന്‍ റസ്തോഗി എന്ന സ്ത്രീയും കാമുകനായ സാഹില്‍ ശുക്ലയും ചേര്‍ന്ന് ഭര്‍ത്താവ് സൗരഭ് രജ്പുത്തിനെ കൊലപ്പെടുത്തിയ സംഭവം ഓര്‍മിപ്പിക്കുന്നതാണ് ‘നീല ഡ്രം ആന്‍ഡ് സിമെന്റ്’ എന്ന വാക്കുകള്‍.
അവര്‍ ഒരുമിച്ച് സൗരഭിന്റെ മൃതദേഹം 15 കഷണങ്ങളാക്കി മീററ്റിലെ ബ്രഹ്മപുരി പ്രദേശത്തുള്ള വീട്ടില്‍ സീല്‍ ചെയ്ത സിമെന്റ് നിറച്ച നീല ഡ്രമ്മിനുള്ളില്‍ ഇടുകയായിരുന്നു. വഴക്കിനിടെ, ഭാര്യ നീല ഡ്രമ്മില്‍ തന്നെ പായ്ക്ക് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുമായിരുന്നെന്ന് രാജ്കുമാര് പറയുന്നു.
രാജ്കുമാര് പോലീസില്‍ പരാതി നല്കി. മധ്യസ്ഥ ചര്‍ച്ചയ്ക്കിടെ ഭാര്യ കാമുകനൊപ്പം ജീവിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കി. തുടര്‍ന്ന് അതിന് അനുവദിക്കുകയായിരുന്നു.




