കൊച്ചി: ഏറ്റുമാനൂരിലെ ട്വന്റി 20 സ്ഥാനാർത്ഥിയായ വീണ നായർക്ക് മണ്ഡലത്തിൽ വോട്ടില്ലാത്തത് പാർട്ടിയെ പ്രതിസന്ധിയിലാക്കി. ചങ്ങനാശ്ശേരിയിൽ വോട്ടുണ്ടെന്നായിരുന്നു വീണയുടെ ധാരണയെങ്കിലും പട്ടികയിൽ പേരില്ലാത്തതിനാൽ പുതിയ സ്ഥാനാർത്ഥിയെ കണ്ടെത്താനുള്ള നീക്കത്തിലാണ് ട്വന്റി 20 നേതൃത്വം.
സമാനമായ സാഹചര്യമാണ് പെരുമ്പാവൂരിലും ഉണ്ടായിരിക്കുന്നത്. സ്ഥാനാർത്ഥി ലക്ഷ്മി പ്രിയയുടെ പേര് വോട്ടേഴ്സ് ലിസ്റ്റിൽ ഇല്ലാത്തതിനാൽ അവരെ മാറ്റാൻ പാർട്ടി തീരുമാനിച്ചു. പകരം ഒരു കോൺഗ്രസ് നേതാവിനെ പെരുമ്പാവൂരിൽ മത്സരിപ്പിക്കാനാണ് ഇപ്പോൾ ആലോചന നടക്കുന്നത്.
പെരുമ്പാവൂർ മണ്ഡലത്തിലെ ലക്ഷ്മിപ്രിയയുടെ പ്രചരണത്തിന് വേണ്ടി ഇന്നലെ വൈകിട്ട് നിശ്ചയിച്ചിരുന്ന റോഡ് ഷോ മാറ്റിവെച്ചിരുന്നു. നിർണായക സാഹചര്യത്തിൽ ഉടലെടുത്ത പ്രതിസന്ധി പ്രചാരണ പരിപാടികൾക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്. വോട്ടേഴ്‌സ് ലിസ്റ്റിൽ പേര് ചേർക്കാനാകുമോയെന്ന് തിരക്കിട്ട പരിശോധനയും നടത്തുന്നുണ്ടെങ്കിലും നടക്കാൻ സാധ്യതയില്ല. പകരം സ്ഥാനാർഥിയെ കണ്ടെത്താനായി പാർട്ടി നേതൃത്വം അടിയന്തര ചർച്ചകൾ ആരംഭിച്ചു.
സിനിമ താരവും ‘അമ്മ’ സംഘടനയുടെ വൈസ് പ്രസിഡന്റുമായ ലക്ഷ്മിപ്രിയയെ വലിയ ആവേശത്തോടെയാണ് ട്വന്റി-20 പെരുമ്പാവൂരിൽ അവതരിപ്പിച്ചത്. എന്നാൽ വോട്ടർ പട്ടികയിലെ പേര് സംബന്ധിച്ച സാങ്കേതിക പ്രശ്നം തിരിച്ചടിയാവുകയായിരുന്നു. നേരത്തെ ബിജെപി അനുകൂല നിലപാടുകൾ പരസ്യമായി പ്രകടിപ്പിച്ചിട്ടുള്ള ലക്ഷ്മിപ്രിയ, വികസന രാഷ്ട്രീയത്തോടുള്ള ആഭിമുഖ്യം മുൻനിർത്തിയാണ് ഇത്തവണ ട്വന്റി-20 സ്ഥാനാർഥിയായത്.




