Crime

അലമാരയിൽ ‘കൈക്കൂലിപ്പണം’ 4.27 കോടി; കബളിപ്പിക്കാൻ സർക്കാർ ഉദ്യോഗസ്ഥന്റെ ലളിത ജീവിതം

ഭുവനേശ്വർ ∙ ഒഡീഷയിൽ വിജിലൻസ് പിടിയിലായ ഡപ്യൂട്ടി ഡയറക്ടർ ദേബബ്രത മൊഹന്തി കൈക്കൂലി വാങ്ങി സമ്പാദിച്ച കോടികൾ പിടിക്കപ്പെടാതിരിക്കാൻ വീട്ടിൽ സൂക്ഷിച്ചത് അതീവ ജാഗ്രതയോടെ. ഔദ്യോഗിക പദവിയോ സമ്പത്തോ അയൽക്കാരോ സഹപ്രവർത്തകരോ അറിയാതിരിക്കാൻ ലളിത ജീവിതമാണ് ഇയാൾ നയിച്ചിരുന്നത്.

ഔദ്യോഗിക വാഹനമുണ്ടായിട്ടും വീടിന് കിലോമീറ്ററുകൾ അകലെ ഇറങ്ങി നടന്നുപോവുകയായിരുന്നു ഇയാളുടെ പതിവ്. സർവീസിലിരിക്കെ പണം നിക്ഷേപിച്ചാൽ രേഖകൾ ഹാജരാക്കേണ്ടി വരുമെന്ന ഭയത്താൽ 4.27 കോടി രൂപ അലമാരിയിലും ട്രോളി ബാഗുകളിലുമായി ഒളിപ്പിച്ചു. വിരമിച്ച ശേഷം ഈ പണം നിക്ഷേപിക്കാനായിരുന്നു മൊഹന്തിയുടെ പദ്ധതി.

കൽക്കരി ഡിപ്പോയിലേക്കുള്ള ചരക്കുകടത്തിന് അനുമതി നൽകാൻ 30,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് മൊഹന്തി പിടിയിലായത്. തുടർന്ന് ഇയാളുടെ ഫ്ലാറ്റിൽ നടത്തിയ പരിശോധനയിലാണ് ഒഡീഷ വിജിലൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തുകയായ 4.27 കോടി രൂപ പിടിച്ചെടുത്തത്. സംഭവത്തിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റും (ഇ.ഡി) അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വിവരങ്ങൾ കൈമാറാൻ ആവശ്യപ്പെട്ട് ഇ.ഡി സംസ്ഥാന വിജിലൻസിന് കത്ത് നൽകി. വർഷങ്ങളായുള്ള അവിഹിത സമ്പാദ്യമാണ് ഇത്തരത്തിൽ ലളിത ജീവിതത്തിന്റെ മറവിൽ ഇയാൾ വീട്ടിൽ സൂക്ഷിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *