തിരുവനന്തപുരം: നഗരത്തിലെ ഫ്‌ളാറ്റില്‍ പട്ടാപ്പകല്‍ വയോധികയെ തലയ്‌ക്കടിച്ചുവീഴ്‌ത്തി സ്വര്‍ണം കവര്‍ന്ന കേസില്‍ അയല്‍ക്കാരി അടക്കം നാലുപേര്‍ അറസ്‌റ്റില്‍. ശരത്ത്, രാജന്‍, ഷീബ, റീന എന്നിവരാണു പിടിയിലായത്. ഇവരെ സംഭവം നടന്ന ഫ്‌ളാറ്റില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. സംഘാംഗമായ ബാബുവിനായി തെരച്ചില്‍ ഊര്‍ജിതമാക്കിയതായി പോലീസ് അറിയിച്ചു.
മണക്കാട് ശ്രീ ശിവം റെസിഡന്‍സിയിലെ അഞ്ചാം നമ്പര്‍ ഫ്‌ളാറ്റില്‍ കഴിഞ്ഞ 13 ന് രാവിലെ പത്തരയോടെയാണ് സംഭവം. താമസക്കാരിയായ ചന്ദ്ര എന്ന വയോധികയെ തലയ്‌ക്കടിച്ചു വീഴ്‌ത്തിയ ശേഷം ധരിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ കവരുകയായിരുന്നു. കോര്‍പ്പറേഷന്‍ മാലിന്യ ശേഖരണ തൊഴിലാളികള്‍ എന്ന വ്യാജേന എത്തിയാണ് സംഘം കവര്‍ച്ച നടത്തിയത്. പിന്നാലെ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘത്തിന്റെ ചടുലനീക്കം അയല്‍ഫ്‌ളാറ്റിലെ താമസക്കാരി ഉള്‍പ്പെടുന്ന തസ്‌കരസംഘത്തെ വലയിലാക്കി.
മോഷണസ്വര്‍ണം വിറ്റഴിച്ച ജുവലറിയില്‍ നിന്നുള്ള രഹസ്യവിവരമാണ് പ്രതികളിലേക്ക് എത്താന്‍ സഹായിച്ചത്. ശരത്തും ഷീബയും ചേര്‍ന്നാണു കവര്‍ച്ചയുടെ തിരക്കഥ ഒരുക്കിയത്. തുടര്‍ന്ന് റീനയും സംഘത്തില്‍ ചേര്‍ന്നു. മുമ്പ് ജയിലില്‍ ഒരുമിച്ചു കഴിഞ്ഞിരുന്ന രാജനെയും ബാബുവിനെയും ദൗത്യത്തിനായി ഒപ്പം കൂട്ടിയതായും പോലീസ് കണ്ടെത്തി.




