Crime

മറ്റൊരു ബന്ധമുണ്ടെന്ന് സംശയം; കാമുകിയെ കൊന്ന് കഷ്ണങ്ങളാക്കി തല ഓടയിലെറിഞ്ഞു, തലയില്ലാത്ത ഉടല്‍ ചാക്കിലാക്കി പാലത്തിന് താഴെ തള്ളി

ആഗ്രയില്‍ കാമുകിയെ കൊന്ന് മൃതദേഹം കഷ്ണങ്ങളാക്കി ചാക്കുകളിലാക്കി ഓടയിൽ എറിഞ്ഞ് യുവാവ്. വിനയ് രജ്പുത് എന്ന യുവാവാണ് അതിക്രൂരകൃത്യമായ ഈ നടത്തിയത്. നാല് വർഷത്തോളം ഇയാളുടെ സുഹൃത്തായിരുന്ന മിൻസി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയവും, വിവാഹത്തിന് വിസമ്മതിച്ചതുമാണ് കൊലപാതകത്തിന് കാരണം.

മിന്‍സിയും വിനയ്​യും ഒരു ഓഫീസിലാണ് ജോലി ചെയ്​തിരുന്നത്. കഴിഞ്ഞ ജനുവരി 23-ന് ഷോപ്പിങ്ങിന് പോവുകയാണെന്ന് പറഞ്ഞാണ് യുവതി വീട്ടില്‍ നിന്നും ഇറങ്ങിയത്. ഏറെ വൈകിയിട്ടും മിന്‍സിയെ കാണാതായതോടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. പിന്നാലെ നാല് ടീമുകളായി തിരിഞ്ഞ പൊലീസ് സംഘം സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി.

അന്വേഷണത്തിന് ഒടുവില്‍ പാര്‍വതി വിഹാറില്‍ നിന്നും യുവതിയുടെ തലയില്ലാത്ത ഉടല്‍ കണ്ടെത്തി. ഇതോടെ പോലീസ് സിസിടിവി ദൃശ്യങ്ങളുടെ പരിശോധന ഊര്‍ജിതമാക്കി. തുടര്‍ന്ന് മിന്‍സിയുടെ സ്കൂട്ടറില്‍ വിനയ് സഞ്ചരിക്കുന്നത് കണ്ടെത്തി. 12 മണിക്കൂറിനുള്ളില്‍ തന്നെ ഇയാളെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലില്‍ യുവതിയുമായി താന്‍ പ്രണയത്തിലായിരുന്നുവെന്നും മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് കൊലപാതകമെന്നും വിനയ് പറഞ്ഞു.

യുവാവ് തന്നെയാണ് മിന്‍സിയെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയത്. ഇവിടെ വച്ച് ഇരുവരും തമ്മില്‍ തര്‍ക്കമായി. തര്‍ക്കത്തിനൊടുവില്‍ വിനയ് മിന്‍സിയെ കുത്തിക്കൊന്നു. കൊലപാതകത്തിന് ശേഷം മൃതദേഹം കഷ്ണങ്ങളാക്കി ചാക്കുകളിലാക്കി. ഉടൽ ഭാഗം പാർവതി വിഹാർ എന്ന സ്ഥലത്ത് ഉപേക്ഷിച്ചു, തല ഓടയിൽ എറിഞ്ഞു. സംശയം തോന്നാതിരിക്കാന്‍ കൊലപാതകത്തിന് ശേഷവും വിനയ് യുവതിയെ വീട്ടുകാരെ ബന്ധപ്പെട്ടുകൊണ്ടിരുന്നു. പരാതി കൊടുക്കാന്‍ പൊലീസ് സ്റ്റേഷനിലും പോയിരുന്നു. യുവതിയുടെ തല ഇതുവരെ കണ്ടെത്തായിട്ടില്ല. ഇതിനായുള്ള അന്വേഷണം തുടരുകയാണ് പൊലീസ്.