Oddly News

‘ഗ്രീന്‍ലന്‍ഡ്‌ എനിക്ക്‌ വേണം’; ഡെന്മാര്‍ക്കിനു മുന്നില്‍ ഭീഷണിയുമായി ഡോണള്‍ഡ്‌ ട്രംപ്‌

വാഷിങ്‌ടണ്‍: ഡെന്മാര്‍ക്കിനു മുന്നില്‍ ഭീഷണിയുമായി യു.എസ്‌. പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപ്‌. ഗ്രീന്‍ലന്‍ഡിന്മേലുള്ള അവകാശവാദം ഉടന്‍ അവസാനിപ്പിക്കണമെന്നു ട്രംപ്‌ ഡെന്‍മാര്‍ക്കിനോട്‌ ആവശ്യപ്പെട്ടു. ‘ദേശീയ സുരക്ഷയുടെ വീക്ഷണകോണില്‍നിന്ന്‌ ഞങ്ങള്‍ക്ക്‌ ഗ്രീന്‍ലന്‍ഡ്‌ ആവശ്യമാണ്‌.’- അദ്ദേഹം പറഞ്ഞു.

ഡെന്മാര്‍ക്കിന്റെ നിയന്ത്രണത്തിലുള്ള സ്വയംഭരണ പ്രദേശമാണു ഗ്രീന്‍ലന്‍ഡ്‌. ഗ്രീന്‍ലന്‍ഡിന്റെ മേലുള്ള അമേരിക്കന്‍ അവകാശവാദം ‘ഭ്രമം’ ആണെന്നു ഗ്രീന്‍ലന്‍ഡിന്റെ പ്രധാനമന്ത്രി ജെന്‍സ്‌ ഫ്രെഡറിക്‌ നീല്‍സണ്‍ പ്രതികരിച്ചു. തങ്ങളുടെ രാജ്യത്തിന്റെ ഒരു അംശം പോലും യു.എസിനു വിട്ടുകൊടുക്കില്ലെന്നു ഡെന്‍മാര്‍ക്ക്‌ പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്‌സണ്‍ പറഞ്ഞു.

ഡെന്‍മാര്‍ക്കും അതിന്റെ ഭാഗമായ ഗ്രീന്‍ലന്‍ഡും നാറ്റോ അംഗമാണെന്നും സഖ്യത്തിന്റെ സുരക്ഷാ ഗ്യാരണ്ടിക്ക്‌ തങ്ങള്‍ വരുന്നുവെന്നും ഫ്രെഡറിക്‌സണ്‍ കൂട്ടിച്ചേര്‍ത്തു. ട്രംപ്‌ സര്‍ക്കാരില്‍ മുതിര്‍ന്ന ഉദ്യോഗസ്‌ഥനായ സ്‌റ്റീഫന്‍ മില്ലറുടെ ഭാര്യ കാറ്റി മില്ലര്‍ ഗ്രീന്‍ലന്‍ഡിന്റെ ഭൂപടം അമേരിക്കന്‍ പതാകയുടെ നിറങ്ങളില്‍ ‘ഉടന്‍’ എന്ന വാചകത്തോടൊപ്പംചേര്‍ത്ത്‌ സാമൂഹിക മാധ്യമങ്ങളില്‍ പോസ്‌റ്റ്‌ ചെയ്‌തതിന്‌ ശേഷമാണ്‌ ഡാനിഷ്‌ പ്രധാനമന്ത്രി പ്രതികരണം നടത്തിയത്‌. ഗ്രീന്‍ലന്‍ഡിലെ ജനസംഖ്യ 57,000 ആണ്‌. 1979 മുതല്‍ സ്വയംഭരണ പ്രദേശമാണ്‌. പ്രതിരോധവും വിദേശ നയവും ഡെന്മാര്‍ക്ക്‌ നിയന്ത്രണത്തിലാണ്‌.

ഗ്രീന്‍ലന്‍ഡിലെ ഭൂരിഭാഗം ആളുകളും ഡെന്‍മാര്‍ക്കില്‍നിന്നുള്ള സ്വാതന്ത്ര്യം ആഗ്രഹിക്കുമ്പോള്‍, തെരഞ്ഞെടുപ്പ്‌ സര്‍വേകളില്‍ അമേരിക്കയുടെ ഭാഗമാകാനുള്ള ശക്‌തമായ എതിര്‍പ്പ്‌ കാണിക്കുന്നു.