Crime

പ്രഫസര്‍ ലൈംഗികമായി ഉപദ്രവിച്ചു…’; മരണത്തിനു മുൻപ് വീഡിയോ ചിത്രീകരിച്ച് വിദ്യാർഥിനി, 3 സഹപാഠികൾക്കും പ്രഫസര്‍ക്കുതേിരേ കേസ്

ഷിംല: ഹിമാചല്‍പ്രദേശിലെ ധര്‍മശാലയില്‍ കോളജ് വിദ്യാര്‍ഥിനിയുടെ മരണവുമായി ബന്ധപ്പെട്ട് പ്രഫസര്‍ക്കും മൂന്ന് വിദ്യാര്‍ഥിനികള്‍ക്കുമെതിരേ കേസ്. റാഗിങ്, ലൈംഗികാതിക്രമം എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരേ ചുമത്തിയത്. ധര്‍മശാല ഗവ. ഡിഗ്രി കോളജിലെ ഭൂമിശാസ്ത്ര വിദ്യാര്‍ഥിനിയാണ് കഴിഞ്ഞ 26-ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കേ മരിച്ചത്.

പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് കേസ്. കഴിഞ്ഞ സെപ്റ്റംബര്‍ 18-ന് ഹര്‍ഷിത, അക്രിതി, കൊമോളിക എന്നീ വിദ്യാര്‍ഥിനികള്‍ ചേര്‍ന്ന് മകളെ ക്രൂരമായ റാഗിങ്ങിന് ഇരയാക്കിയെന്നും അശോക് കുമാര്‍ എന്ന പ്രഫസര്‍ ലൈംഗികമായി ഉപദ്രവിച്ചെന്നും പരാതിയില്‍ പറയുന്നു. മാനസികമായി തളര്‍ന്ന പെണ്‍കുട്ടി ഒട്ടേറെ ആശുപത്രികളില്‍ ചികിത്സ തേടി. ഏറ്റവുമൊടുവില്‍, ലുധിയാനയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ കഴിഞ്ഞ 26-ന് മരിച്ചു.

പ്രഫസറില്‍നിന്ന് നേരിട്ട ദുരനുഭവങ്ങള്‍ വിവരിച്ച് പെണ്‍കുട്ടി മൊബൈല്‍ ഫോണില്‍ വീഡിയോ സന്ദേശം റെക്കോഡ് ചെയ്തിരുന്നു. പ്രതിഷേധിച്ചപ്പോള്‍ പ്രതികളായ വിദ്യാര്‍ഥിനികള്‍ ചേര്‍ന്ന് ഭീഷണിപ്പെടുത്തിയെന്നും വീഡിയോയില്‍ പറയുന്നു. പെണ്‍കുട്ടി മരിക്കുന്നതിനു മുമ്പ്, കഴിഞ്ഞ 20-ന് താന്‍ പോലീസിലും മുഖ്യമന്ത്രിയുടെ ഹെല്‍പ്‌ലൈന്‍ നമ്പരിലും പരാതിപ്പെട്ടെങ്കിലും പ്രതികരണമുണ്ടായില്ലെന്നു പിതാവ് പറഞ്ഞു.
എന്നാല്‍, പരാതിയില്‍ റാഗിങ് മാത്രമാണ് പരാമര്‍ശിച്ചിരുന്നതെന്നും അതേക്കുറിച്ച് അന്വേഷിച്ചുവരുകയായിരുന്നെന്നും പോലീസ് പറയുന്നു. പ്രഫസര്‍ക്കെതിരേ ആരോപണമുയര്‍ന്നതോടെ അതും അന്വേഷണപരിധിയില്‍ ഉള്‍പ്പെടുത്തി. അന്വേഷണത്തിന്റെ ഭാഗമായി, പെണ്‍കുട്ടി ചികിത്സയില്‍ കഴിഞ്ഞ ആശുപത്രികളില്‍നിന്നു വിവരങ്ങള്‍ ശേഖരിക്കും.

ഒന്നാംവര്‍ഷത്തെ പരീക്ഷയില്‍ പരാജയപ്പെട്ടതിന്റെ നിരാശയിലായിരുന്നു പെണ്‍കുട്ടിയെന്നാണ് കോളജ് പ്രിന്‍സിപ്പലിന്റെ പ്രതികരണം. റാഗിങ്ങിനെക്കുറിച്ച് പെണ്‍കുട്ടി പരാതിപ്പെട്ടിരുന്നില്ലെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. ആദ്യവര്‍ഷത്തെ പരീക്ഷയില്‍ മൂന്ന് വിഷയങ്ങള്‍ക്കു തോറ്റിട്ടും പെണ്‍കുട്ടി രണ്ടാംവര്‍ഷപ്രവേശനം ആവശ്യപ്പെട്ടു. ഈയാവശ്യമുന്നയിച്ച് പ്രഫസറെ സമീപിച്ചു.

എന്നാല്‍, ഒരിക്കല്‍ക്കൂടി ഒന്നാംവര്‍ഷം പ്രവേശനം നേടാനായിരുന്നു പ്രഫസറുടെ നിര്‍ദേശം. പരീക്ഷയില്‍ തോറ്റതിലും രണ്ടാംവര്‍ഷം പ്രവേശനം നേടാനാവാത്തതിലും നിരാശയായ പെണ്‍കുട്ടി ജൂലൈ 29 മുതല്‍ ക്ലാസിലെത്തിയിരുന്നില്ല. മാതാപിതാക്കളെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ലെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.