കായംകുളം: ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ നഗരസഭ കൗൺസിലർ തിങ്കളാഴ്ച നിക്ഷേപ തട്ടിപ്പിൽ പിടിയിൽ. കായംകുളം നഗരസഭ 26-ാം വാർഡിൽ നിന്ന് സ്വതന്ത്ര സ്ഥാനാർഥിയായി വിജയിച്ച നുജുമുദ്ദീൻ ആലുംമൂട്ടിലാണ് അറസ്റ്റിലായത്. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ മുൻ ജില്ലാ പ്രസിഡന്‍റായിരുന്നു ഇയാൾ.
കായംകുളം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വ്യാപാരി വ്യവസായി കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് നമ്പര്‍ എ/1091ന്റെ ചാരുംമൂട് ബ്രാഞ്ചില്‍ നിക്ഷേപമായും ചിട്ടി തുകയായും നിരവധി ആളുകളില്‍നിന്ന് ഒരു കോടിയില്‍പരം രൂപ തട്ടിയെടുത്ത കേസിലാണ് കായംകുളം ചേരാവള്ളി ആലുംമൂട്ടില്‍ വീട്ടില്‍ നുജുമുദ്ദീ(65)നെ പോലീസ് അറസ്റ്റ് ചെയ്തത്.
നുജുമുദ്ദീന്‍ കായംകുളം നഗരസഭാ 26-ാം വാര്‍ഡില്‍ സ്വതന്ത്രനായി ജയിച്ച് ഞായറാഴ്ചയാണ് നഗരസഭാ കൗണ്‍സിലറായി സത്യപ്രതിജ്ഞ ചെയ്തത്. 2020 മുതല്‍ 2024 വരെ വ്യാപാരി വ്യവസായി കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രസിഡന്റായിരുന്നു ഇദ്ദേഹം. കായംകുളത്തും ചാരുംമൂട്ടിലും സ്വര്‍ണ വ്യാപാര സ്ഥാപനങ്ങള്‍ നടത്തിയിരുന്ന ഇയാളുടെ നേതൃത്വത്തില്‍ സൊസൈറ്റി ആദ്യ ഘട്ടത്തില്‍ മാവേലിക്കര താലൂക്കിന്റെ വിവിധ ഭാഗങ്ങളിലുളള വ്യാപാരികളില്‍നിന്നു നിക്ഷേപങ്ങള്‍ സ്വീകരിച്ചിരുന്നു. പിന്നീട് ചിട്ടി ഇടപാടുകള്‍ തുടങ്ങി. തുടര്‍ന്ന് പൊതുജനങ്ങളില്‍നിന്നു പണം സ്വീകരിക്കാന്‍ തുടങ്ങി. വന്‍ പലിശ വാഗ്ദാനം ചെയ്തിരുന്ന നിക്ഷേപത്തുക തിരിച്ചു കൊടുക്കാതാകുകയും ചിട്ടികളില്‍ അടച്ച തുക നല്‍കാതാകുകയും ചെയ്തതോടെ 2024 അവസാനം മുതല്‍ നിക്ഷേപകര്‍ പ്രതിഷേധിച്ച് തുടങ്ങി. പണം തിരികെ ചോദിച്ചവരെ ഭീഷണിപ്പെടുത്തിയതോടെ നിക്ഷേപകര്‍ പോലീസില്‍ പരാതി നല്‍കി.
നൂറനാട് പോലീസ് സ്‌റ്റേഷനില്‍ നുജുമുദ്ദീനും മറ്റു കൂട്ടു പ്രതികള്‍ക്കുമെതിരേ ഏഴ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കോ-ഓപ്പറേറ്റീവ് വകുപ്പ് സഹകരണ നിയമ പ്രകാരം അന്വേഷണം നടത്തി 6,18,68,346 രൂപയുടെ നഷ്ടമാണ് സൊസൈറ്റിക്ക് ഉണ്ടായിട്ടുളളതെന്ന് തിട്ടപ്പെടുത്തിയിട്ടുണ്ട്.
നൂറനാട് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ അന്വേഷണത്തിനായി ആലപ്പുഴ ജില്ലാ പോലീസ് മേധാവി എം.പി മോഹനചന്ദ്രന്‍ ചെങ്ങന്നൂര്‍ ഡിവൈ.എസ്.പി. ബിനുകുമാര്‍.എം.കെയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിരുന്നു.
നുജുമുദ്ദീനെ കായംകുളത്തെ സ്ഥാപനത്തില്‍നിന്നു നൂറനാട് എസ്.എച്ച്.ഒ. എസ്.ശ്രീകുമാറിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.
എസ്.ഐ. അജിത്. കെ, രാജേന്ദ്രന്‍. ബി, സിവില്‍ പോലീസ് ഓഫീസര്‍ ജയേഷ്. വി എന്നിവരും ഉണ്ടായിരുന്നു. കൂട്ടു പ്രതികളെ അറസ്റ്റ് ചെയ്യാനുളള നടപടികള്‍ ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്.




