Featured Lifestyle

ലോക്‌സഭയില്‍ തൃണമൂല്‍ എം.പി. ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീം മുന്‍ അംഗം കീര്‍ത്തി ആസാദ് ഇ-സിഗരറ്റ്‌ വലിച്ചെന്ന്‌ ആരോപണം- വീഡിയോ

ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ്‌ എം.പി. കീര്‍ത്തി ആസാദ്‌ ലോക്‌സഭയില്‍ പുകവലിച്ചെന്ന ആരോപണത്തെച്ചൊല്ലി വിവാദം. ആസാദ്‌ ഇ-സിഗരറ്റ്‌ വലിക്കുന്ന ദൃശ്യമെന്നാരോപിച്ച്‌ ബി.ജെ.പി. നേതാവ്‌ അമിത്‌ മാളവ്യയാണ്‌ ‘എക്‌സി’ല്‍ 35 സെക്കന്‍ഡ്‌ നീളുന്ന വീഡിയോ പങ്കുവച്ചത്‌.
ലോക്‌സഭയില്‍ ഇരിക്കുന്ന ആസാദ്‌ പുകവലിക്കുന്നതുപോലുള്ള അംഗവിക്ഷേപം നടത്തുന്നതാണ്‌ ദൃശ്യത്തിലുള്ളത്‌. എന്നാല്‍, സിഗരറ്റോ ഇ-സിഗരറ്റോ പുകയോ ദൃശ്യമല്ല. ചുരുട്ടിപ്പിടിച്ച കൈ അഞ്ച്‌ സെക്കന്‍ഡ്‌ വായോടു ചേര്‍ത്ത്‌ പിടിച്ചിരിക്കുന്നതു കാണാം.
പാര്‍ലമെന്റിനുള്ളില്‍ ഒരു തൃണമൂല്‍ എം.പി. പുകവലിക്കുന്നുവെന്ന്‌ ബി.ജെ.പി. നേതാവ്‌ അനുരാഗ്‌ താക്കുര്‍ എം.പി. കഴിഞ്ഞയാഴ്‌ച ആരോപിച്ചിരുന്നു. അത്‌ മറ്റാരുമല്ല, ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീം മുന്‍ അംഗം കൂടിയായ കീര്‍ത്തി ആസാദാണെന്നാണ്‌ അമിത്‌ മാളവ്യ ആരോപിച്ചത്‌. പാര്‍ലമെന്റില്‍ ഇ-സിഗരറ്റ്‌ കൊണ്ടുവന്ന്‌ വലിക്കുന്ന ആസാദിനെപ്പോലുള്ളവര്‍ക്ക്‌ നിയമവും ചട്ടവുമൊന്നും പ്രശ്‌നമല്ലെന്നു മാളവ്യ കുറ്റപ്പെടുത്തി. പുകവലിക്കുന്നതു കുറ്റകരമല്ലായിരിക്കാം. എന്നാല്‍, അത്‌ പാര്‍ലമെന്റിനുള്ളില്‍ ചെയ്യുന്നത്‌ അംഗീകരിക്കാനാവില്ല. സ്വന്തം എം.പിയുടെ സ്വഭാവദൂഷ്യത്തെക്കുറിച്ച്‌ അദ്ദേഹത്തിന്റെ നേതാവ്‌ മമതാ ബാനര്‍ജി വ്യക്‌തത വരുത്തണം- മാളവ്യ പറഞ്ഞു.


തൃണമൂല്‍ എം.പിമാര്‍ ലോക്‌സഭയില്‍ പുകവലിക്കുന്നുവെന്ന്‌ കഴിഞ്ഞ വ്യാഴാഴ്‌ചയാണ്‌ മുന്‍കേന്ദ്രമന്ത്രി കൂടിയായ അനുരാഗ്‌ താക്കുര്‍ സ്‌പീക്കര്‍ ഓം ബിര്‍ളയോടു പരാതിപ്പെട്ടത്‌. ഇ-സിഗരറ്റ്‌ രാജ്യത്തു നിരോധിച്ചിട്ടുള്ളതാണ്‌. അത്‌ സഭയില്‍ കൊണ്ടുവരാന്‍ അങ്ങ്‌ അനുവദിക്കുകയാണോ എന്നായിരുന്നു താക്കുറിന്റെ ചോദ്യം. അംഗങ്ങള്‍ മാന്യത പുലര്‍ത്തണമെന്നും അത്തരം പെരുമാറ്റം ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടിയെടുക്കുമെന്നും സ്‌പീക്കര്‍ മറുപടി നല്‍കി.കഴിഞ്ഞയാഴ്‌ച പാര്‍ലമെന്റ്‌ വളപ്പില്‍ പുകവലിക്കുകയായിരുന്ന തൃണമൂല്‍ എം.പി. സുഗതാ റോയിയുമായി അതേച്ചൊല്ലി ബി.ജെ.പി. അംഗം ഗിരിരാജ്‌ സിങ്‌ ഗജേന്ദ്ര ഷെഖാവത്ത്‌ വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടിരുന്നു. താന്‍ പാര്‍ലമെന്റിനുള്ളില്‍ പുകവലിക്കുന്നില്ലെന്നായിരുന്നു റോയിയുടെ ന്യായീകരണം. ഡല്‍ഹിയാകെ പുകപടലം നിറഞ്ഞിരിക്കുമ്പോള്‍ ഒരു സിഗരറ്റ്‌ വലിക്കുന്നത്‌ അത്ര വലിയ പ്രശ്‌നമല്ലെന്നും റോയ്‌ തര്‍ക്കിച്ചു. 2015-ല്‍ സുമിത്രാ മഹാജന്‍ സ്‌പീക്കറായിരിക്കേയാണ്‌ പാര്‍ലമെന്റില്‍ പുകവലി നിരോധിച്ചത്‌. അന്ന്‌, പുകവലിക്കാന്‍ അനുവദിച്ചിരുന്ന മുറി തൃണമൂല്‍ കോണ്‍ഗ്രസ്‌ ഓഫീസിനായി വിട്ടുനല്‍കുകയായിരുന്നു എന്നതാണ്‌ കൗതുകകരം.