കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ വിധിപകര്‍പ്പ് പുറത്ത്. കേസിൽ എട്ടാം പ്രതിയായിരുന്ന ദിലീപിനെതിരെ ചുമത്തിയ വകുപ്പുകൾ പ്രോസിക്യൂഷന് തെളിയിക്കാനായില്ലെന്നും ദിലീപിനെതിരായ ഗൂഢാലോചനാക്കുറ്റം നിലനിൽക്കില്ലെന്നും 1709 പേജുള്ള ശിക്ഷാവിധിയിൽ കോടതി പറയുന്നു. കേസില്‍ ഗൂഢാലോചന നടന്നതിന് തെളിവ് അപര്യാപതമാണെന്നും എട്ടാം പ്രതിയായ ദിലീപ് പണം നല്‍കിയതിന് തെളിവില്ലെന്നും ഉത്തരവില്‍ പറയുന്നു. ജയിലിനുള്ളിലെ ഫോൺ വിളിയിലും കോടതി സംശയം ഉന്നയിക്കുന്നു. തെളിവ് ഇല്ലെങ്കിലും അറസ്റ്റ് അന്യായമല്ലെന്നും അന്വേഷണ സംഘം ദിലീപിനെ അറസ്റ്റ് ചെയ്തതിൽ തെറ്റില്ലെന്നും കോടതി നിരീക്ഷിച്ചു. അന്ന് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ദിലീപിന്‍റെ അറസ്റ്റ്. എന്നാൽ സുനിയും ദിലീപും ഗൂഢാലോചന നടത്തിയെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നാണ് കോടതി ഉത്തരവില്‍ പറയുന്നത്.
ദിലീപിൽ നിന്ന് പണം വാങ്ങാൻ കേസിൽ ഒന്നാം പ്രതിയായ പൾസർ സുനി ശ്രമിച്ചുവെന്ന് തെളിയിക്കാനായില്ല. ഒമ്പതാം പ്രതിവഴി പണം വാങ്ങാൻ ശ്രമിച്ചെന്നായിരുന്നു ആരോപണം. ഇത് തെളിയിക്കാനായില്ലെന്ന് ശിക്ഷാവിധിയിൽ പറയുന്നു. കേസിൽ പ്രോസിക്യൂഷൻ ഉയർത്തിയ ഗൂഢാലോചനാവാദം പൂർണമായും തള്ളിയ കോടതി, ദിലീപ് ഉന്നയിച്ച വാദങ്ങളെ ശരിവെച്ചു. കോടതിയെ സംശയമുനയിൽ നിർത്തിയായിരുന്നു പ്രോസിക്യൂഷന്‍റെ നീക്കങ്ങൾ. ജയിലിലെ പ്രതികളുടെ ഫോൺ ഉപയോഗം തെളിയിക്കാനായില്ല. ജയിലിൽനിന്ന് പ്രതികൾ ദിലീപിനെ ഫോണിൽ ബന്ധപ്പെട്ടുവെന്നതും പ്രോസിക്യൂഷന് തെളിയിക്കാനായില്ലെന്നും കോടതി വിധിയിൽ പറയുന്നു.
ഗൂഢാലോചന നടന്നു എന്ന് പറയുന്നത് 2013 ലാണ്. എന്നാല്‍, 2017 ലാണ് കുറ്റകൃത്യം നടന്നത്. രണ്ട് വർഷവും തമ്മിൽ വ്യത്യാസമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ദിലീപ് അറസ്റ്റിന് ശേഷവും ഫോൺ ഉപയോഗിച്ചു, അത് എങ്ങനെയെന്ന് കോടതി ചോദിക്കുന്നു. അതിൽ തൃപ്തികരമായ വിശദീകരണം നൽകാൻ പൊലീസിന് കഴിഞ്ഞില്ല. ദിലീപിനെ പൂട്ടണം എന്ന വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയതിൽ ദിലീപിന് പങ്കുണ്ടെന്ന് തെളിയിക്കാനും പ്രോസിക്യൂഷന്‍ കഴിഞ്ഞില്ല. 2013ൽ തന്നെ ഗൂഢാലോചന നടന്നു എന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. എന്നിങ്ങനെ അന്വേഷണസംഘത്തിന്റെ വീഴ്ചകൾ എണ്ണിയെണ്ണിപ്പറഞ്ഞാണ് കോടതി വിധി.
ദിലീപിന്റെ അറസ്റ്റ് നിയമപരമാണോ എന്ന ചോദ്യം കോടതിക്ക് മുന്നിൽ വന്നു. ദിലീപിന്റെ അറസ്റ്റ് പോലും അടിസ്ഥാനമില്ലാതെയെന്ന അദ്ദേഹത്തിന്റെ അഭിഭാഷകന്റെ വാദം കോടതി മുഖവിലക്കെടുത്തു. ദിലീപിനെ കുടുക്കാൻ ഗൂഢാലോചന നടന്നുവെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി പരിഗണിക്കുകയും സംശയത്തിന്റെ ആനുകൂല്യങ്ങൾ പ്രതിയ്ക്ക് ലഭിക്കുകയും ചെയ്തു.
2013 മുതൽ 2017 വരെയുള്ള കാലയളവിൽ വിവിധ കേസുകളിൽ സുനി എവിടെയായിരുന്നു എന്ന് കൃത്യമായി ട്രാക്ക് ചെയ്യാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞില്ല. ഈ കാലഘട്ടത്തിൽ സുനി ഒളിവിൽ പോയതായി പ്രോസിക്യൂഷൻ വാദിക്കുന്നു. എന്നാൽ ചില ക്രിമിനൽ കേസുകളിൽ ഇയാൾ കോടതിയിൽ ഹാജരായിട്ടുണ്ട്. ഇതിലൊരു കേസിൽ വെറുതെ വിട്ടിട്ടുമുണ്ട്. ഗൂഢാലോചന ആരോപിക്കുമ്പോൾ പ്രതി എവിടെ, എങ്ങനെ എന്ത് ചെയ്തു എന്ന് അന്വേഷണ സംഘം വിശദമായി അന്വേഷിക്കണമായിരുന്നുവെന്നും കോടതി ഉത്തരവില്‍ ചൂണ്ടിക്കാണിക്കുന്നു.
അതിജീവിത പറഞ്ഞ കാര്യങ്ങളിൽ വ്യക്തത വരുത്താൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. മോതിരം കാണിക്കാൻ പ്രതികൾ ആവശ്യപ്പെട്ടുവെന്ന വാദം വിശ്വസനീയമല്ല. ഇരയുടെ തിരിച്ചറിയൽ ഉറപ്പാക്കാനാണ് മോതിര ദൃശ്യം പകർത്തിയതെന്നായിരുന്നു പ്രോസിക്യൂഷൻ വാദം എന്നാൽ 2017 നവംബർ 22ന് സമർപ്പിച്ച അന്തിമ റിപ്പോർട്ടിൽ മാത്രമാണ് പൊലീസ് ഇക്കാര്യം പറഞ്ഞിട്ടുള്ളതെന്നും സംഭവത്തിന് ശേഷം പല തവണ മൊഴി നൽകിയിട്ടും അതിജീവിത മോതിര ദൃശ്യം പകർത്തിയ കാര്യം പറഞ്ഞിട്ടില്ലെന്നും ഇരയുടെ ഈ മൗനം ദുരൂഹമാണെന്നും ശിക്ഷാവിധിയിലുണ്ട്.
ജയിലിനുള്ളിൽ നിന്നുള്ള ഫോൺ വിളിയിലും കോടതി സംശയം പ്രകടിപ്പിച്ചു. സാക്ഷിയായ ജിൻസൺ പ്രതി ആകേണ്ടതല്ലേ എന്ന് കോടതി ചോദിച്ചു. മൊബൈൽ ചാർജ് ചെയ്യാൻ ഉപയോഗിച്ച ചാർജർ എവിടെയെന്ന് അന്വേഷിച്ചിട്ടുമില്ല.
എഡിജിപിയായിരുന്ന ബി സന്ധ്യ, റൂറൽ പൊലീസ് ചീഫ് എ വി ജോർജ് എന്നിവർക്കെതിരായ പരാമർശവും ശിക്ഷാവിധിയിലുണ്ട്. ദിലീപിന്റെ അറസ്റ്റിൽ അന്വേഷണ സംഘത്തിന്റെ ചുമതലയുണ്ടായിരുന്ന ഐ ജിയെ അറിയിച്ചില്ല. ഇതെല്ലാം ഉന്നയിച്ച്, അന്വേഷണ ഉദ്യോഗസ്ഥരുടെ ഗൂഢാലോചനയെന്ന് പ്രതിഭാഗം ഉന്നയിച്ച വാദം കോടതി മുഖവിലക്കെടുത്തു.
കോടതിക്കും ജഡ്ജിക്കുമെതിരെയുള്ള ആരോപണങ്ങൾ അവഗണിക്കുന്നുവെന്ന് വിധി പകര്‍പ്പില്‍ പരാമര്‍ശം. ആകാശം ഇടിഞ്ഞ് വീണാലും നീതി നടപ്പാക്കണം എന്ന തത്വത്തിൽ വിശ്വസിക്കുന്നുവെന്നും വിധിയില്‍ എടുത്ത് പറയുന്നു .




