Hollywood

എച്ച്.ബി.ഒ. മാക്‌സിനെ ഏറ്റെടുക്കാന്‍ നെറ്റ്ഫ്ലിക്‌സ് , 6.47 ലക്ഷം കോടി രൂപയുടെ ഇടപാട്

വാഷിങ്ടണ്‍: വാര്‍ണര്‍ ബ്രദേഴ്‌സ് ഡിസ്‌കവറിയുടെ സിനിമ, സ്ട്രീമിങ് സര്‍വീസുകള്‍ ഏറ്റെടുക്കാന്‍ നെറ്റ്ഫ്ലിക്‌സ്. കാംകാസ്റ്റ്, പാരമൗണ്ട് സ്‌കൈഡാന്‍സ് തുടങ്ങിയ എതിരാളികളെ മറികടന്ന് 6.47 ലക്ഷം കോടി രൂപയ്ക്കാണു നെറ്റ്ഫ്ലിക്‌സ് ഇടപാട് ഉറപ്പിച്ചത്. ഇതോടെ ഡിജിറ്റല്‍ സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ എച്ച്.ബി.ഒ. മാക്‌സിന്റെ നിയന്ത്രണം നെറ്റ്ഫ്ലിക്‌സിനു ലഭിക്കും.

ഹാരി പോട്ടര്‍, ഗെയിം ഓഫ് ത്രോണ്‍സ് പോലുള്ള ജനപ്രിയ സിനിമകളുടെ ഉടമസ്ഥാവകാശവും എച്ച്.ബി.ഒ. മാക്‌സ് എന്ന സ്ട്രീമിങ് സേവനവും വാര്‍ണര്‍ ബ്രദേഴ്‌സിന് കീഴിലാണ്.

ഈ ഏറ്റെടുക്കല്‍ വിനോദ വ്യവസായത്തില്‍ പുതിയ തരംഗമാകുമെന്നാണു സൂചന. എങ്കിലും, ഏറ്റെടുക്കലിനു യു.എസ്. ഭരണകൂടത്തിന്റെ അംഗീകാരം വേണ്ടിവരും. ആവശ്യമായ അനുമതികള്‍ ലഭിക്കുമെന്ന കാര്യത്തില്‍ ആത്മവിശ്വാസമുണ്ടെന്നും അതിനായുള്ള പ്രവര്‍ത്തനങ്ങള്‍ വേഗതയില്‍ നടക്കുന്നുണ്ടെന്നും നെറ്റ്ഫ്ലിക്‌സ് കോ- ചീഫ് എക്‌സിക്യൂട്ടീവ് ടെഡ് സരണ്ടോസ് അറിയിച്ചു.

വാര്‍ണര്‍ ബ്രദേഴ്‌സിന്റെ സിനിമകളും ഷോകളും നെറ്റ്ഫ്ലിക്‌സിന്റെ സ്‌ട്രേഞ്ചര്‍ തിങ്‌സ് പോലുള്ള പരമ്പരകളുമായി സംയോജിപ്പിക്കുമ്പോള്‍, പ്രേക്ഷകര്‍ക്ക് കൂടുതല്‍ നല്‍കാനും അടുത്ത നൂറ്റാണ്ടിലെ കഥപറച്ചിലിന് രൂപം നല്‍കാനും സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
‘കഴിഞ്ഞ നൂറ്റാണ്ടിലെ വിനോദ ലോകത്തിന് വാര്‍ണര്‍ ബ്രദേഴ്‌സ് രൂപം നല്‍കി, ഒരുമിച്ച് നമുക്ക് അടുത്ത നൂറ്റാണ്ടില്‍ അത് തുടരാം’- അദ്ദേഹം അഭിപ്രായപ്പെട്ടു.

എച്ച്.ബി.ഒ. പ്രത്യേക സ്ട്രീമിങ് സേവനമായി തുടരുമോ എന്ന ചോദ്യത്തിന്, ഉപഭോക്താക്കള്‍ക്ക് എച്ച്.ബി.ഒ. ബ്രാന്‍ഡ് പ്രധാനമാണെന്ന് നെറ്റ്ഫ്ലിക്‌സ് കരുതുന്നുവെന്ന് കോ- ചീഫ് എക്‌സിക്യൂട്ടീവ് ഗ്രെഗ് പീറ്റേഴ്‌സ് പറഞ്ഞു.

വാര്‍ണര്‍ ബ്രദേഴ്‌സിന്റെ സിനിമകള്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത് തുടരും. വാര്‍ണര്‍ ബ്രദേഴ്‌സ് ടെലിവിഷന്‍ സ്റ്റുഡിയോക്ക് മറ്റ് കമ്പനികള്‍ക്കായി നിര്‍മാണം തുടരാന്‍ സാധിക്കും. നെറ്റ്ഫ്ലിക്‌സ് തങ്ങളുടെ പ്ലാറ്റ്‌ഫോമിനായി മാത്രം ഉള്ളടക്കം നിര്‍മിക്കുന്നത് തുടരും.
രണ്ട് കമ്പനികളുടെയും ഡയറക്ടര്‍ ബോര്‍ഡുകള്‍ പുതിയ കരാര്‍ ഏകകണ്ഠമായി അംഗീകരിച്ചു.