Featured Oddly News

‘മരിച്ച’ സ്ത്രീ ശവപ്പെട്ടിയിൽനിന്ന് എഴുന്നേറ്റു ! സംസ്‌കരിക്കുന്നതിന് നിമിഷങ്ങൾക്ക് മുമ്പ്- വീഡിയോ

തായിലൻഡില്‍ നടന്ന ഒരു അന്ത്യകർമ്മ ഘോഷയാത്ര ഞെട്ടിപ്പിക്കുന്ന ഒരു നിമിഷത്തിന് വേദിയായി. ‘മരിച്ച’ 65 വയസ്സുള്ള ഒരു സ്ത്രീ, ശവപ്പെട്ടിയിൽ നിന്ന് മുട്ടിവിളിച്ചു, വിറക്കുകയും ഈച്ചകളെ മുഖത്തുനിന്ന് തട്ടിമാറ്റുകയും ചെയ്യുന്നുണ്ടായിരുന്നു. പെട്ടെന്ന് അവര്‍ ബോധം വീണ്ടെടുത്തു. ശരിയായ പരിശോധനയില്ലാതെ കുടുംബം അവർ മരിച്ചുവെന്ന് കരുതിയതെന്ന് ഡോക്ടർമാർ പറയുന്നു.

രണ്ട് വർഷമായി കിടപ്പിലായിരുന്ന ചൊന്തിറോട്ട് എന്ന സ്ത്രീയെ നവംബർ 23-ന് പുലർച്ചെ ഫിറ്റ്‌സാനുലോക് പ്രവിശ്യയിലെ വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. അവർ സ്വാഭാവിക മരണം വരിച്ചുവെന്ന് കുടുംബം കരുതി. തുടർന്ന്, ഒരു ശവപ്പെട്ടിയിലാക്കി, പാവപ്പെട്ട കുടുംബങ്ങൾക്ക് സൗജന്യമായി ശവദാഹം നടത്തി നൽകുന്ന ബാങ്കോക്കിനടുത്തുള്ള ഒരു ക്ഷേത്രത്തിലേക്ക് നാല് മണിക്കൂർ, 225 മൈൽ ദൂരമുള്ള യാത്ര തുടങ്ങി.

എന്നാൽ ദഹിപ്പിക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങുന്നതിന് തൊട്ടുമുമ്പ്, ശവപ്പെട്ടിയിൽ നിന്ന് നേരിയൊരു മുട്ടൽ ശബ്ദം കുടുംബം കേട്ടു. ശവപ്പെട്ടി തുറന്നപ്പോൾ അവർ അമ്പരന്നു. ചൊന്തിറോട്ട് വിറക്കുകയും ഈച്ചകളെ മുഖത്തുനിന്ന് തട്ടിമാറ്റുകയും ചെയ്യുന്നുണ്ടായിരുന്നു. ഈ അവിശ്വസനീയമായ രംഗം വീഡിയോയിൽ പകർത്തിയിട്ടുണ്ട്, അതിൽ സ്തംഭിച്ചുപോയ ബന്ധുക്കൾ ചുറ്റും നിൽക്കുന്നത് കാണാം.

അവരുടെ സഹോദരൻ, 57-കാരനായ മോങ്‌കോൾ, മരണവുമായി ബന്ധപ്പെട്ട രേഖകൾ ശേഖരിച്ചുകഴിഞ്ഞിരുന്നുവെന്ന് പറഞ്ഞു. സഹോദരിയെ ജീവനോടെ കണ്ടതിൽ താൻ സന്തോഷവാനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശവപ്പെട്ടി പ്രധാന ഹാളിലേക്ക് കൊണ്ടുപോകാൻ ഒരുങ്ങുകയായിരുന്ന ക്ഷേത്രത്തിലെ ജീവനക്കാരനായ തമ്മനൂൻ, പെട്ടെന്ന് അകത്തുനിന്ന് സഹായത്തിനായുള്ള നേരിയ കരച്ചിൽ കേട്ടതായി പറഞ്ഞു.

യഥാർത്ഥത്തിൽ ചൊന്തിറോട്ടിന്റെ ശ്വാസം നിലച്ചിരുന്നില്ലെന്ന് ഡോക്ടർമാർ പിന്നീട് വെളിപ്പെടുത്തി. അവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വളരെയധികം കുറഞ്ഞതുകൊണ്ടാണ് ശരിയായ പരിശോധനയില്ലാതെ കുടുംബം അവർ മരിച്ചുവെന്ന് കരുതിയത്.