Crime

താഴ്‌ന്ന ജാതിക്കാരനുമായി ലിവിങ്‌ ടുഗതര്‍; മെഡിക്കല്‍ വിദ്യാര്‍ഥിനിയെ മയക്കുമരുന്ന്‌ നല്‍കി കഴുത്തുഞെരിച്ചു കൊന്നു

അഹമ്മദാബാദ്‌: താഴ്‌ന്ന ജാതിക്കാരനുമായി ലിവിങ്‌ ടുഗതര്‍ ബന്ധത്തിലായ മെഡിക്കല്‍ വിദ്യാര്‍ഥിനിയെ മയക്കുമരുന്ന്‌ നല്‍കിയ ശേഷം കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തി പിതാവും ബന്ധുക്കളും. മാനക്കേട്‌ ഭയന്ന്‌ ആത്മഹ്യയെന്നു വരുത്തിത്തീര്‍ക്കാന്‍ മൃതദേഹം കെട്ടിത്തൂക്കി.
ഗുജറാത്തിലെ അഹമ്മദാബാദിലാണ്‌ സംഭവം. ചന്ദ്രിക ചൗധരി(19)യാണ്‌ ദാരുണമായി കൊല ചെയ്യപ്പെട്ടത്‌.

കുടുംബാംഗങ്ങളുടെ സുഹൃത്തുക്കളായ രണ്ട്‌ കെമിസ്‌റ്റുകള്‍ നല്‍കിയ 50 ഉറക്കഗുളിക പാലില്‍ കലര്‍ത്തി ചന്ദ്രികയ്‌ക്കു നല്‍കി. അബോധാവസ്‌ഥയിലായപ്പോള്‍ ഷാള്‍ ഉപയോഗിച്ച്‌ കുട്ടിയുടെ പിതാവും അമ്മാവനുമടക്കമുള്ള ബന്ധുക്കള്‍ കഴുത്ത്‌ ഞെരിച്ച്‌ കൊലപ്പെടുത്തുകയായിരുന്നുവെന്ന്‌ ബനസ്‌കന്ത പോലീസിന്റെ കുറ്റപത്രത്തില്‍ പറയുന്നു.

ആല്‍പ്രാസോലം ഗുളികകള്‍ ചതച്ച്‌ ഒരു ഗ്ലാസ്‌ പാലില്‍ കലര്‍ത്തി ചന്ദ്രിക ചൗധരിക്ക്‌ നല്‍കി. തുടര്‍ന്ന്‌ അവരുടെ അവരുടെ അച്‌ഛനും അമ്മാവനും മറ്റ്‌ ബന്ധുക്കളും ചേര്‍ന്നു കുട്ടിയെ കഴുത്ത്‌ ഞെരിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. പ്രതികളായ അച്ഛൻ സേന്ദ ചൗധരിയും അമ്മാവൻ ശിവറാം ചൗധരിയും ഒരു പ്രാദേശിക മരുന്നുകടയിൽ നിന്ന് 10 സ്ട്രിപ്പ് മയക്കുമരുന്ന് ഗുളികകൾ വാങ്ങിയതായി കുറ്റപത്രം വ്യക്തമാക്കുന്നു.

മെയ് മാസത്തിൽ ചന്ദ്രിക ഹരീഷിനൊപ്പം ഒളിച്ചോടി. തുടർന്ന് ജൂൺ 12-ന് ബന്ധുക്കളും പ്രാദേശിക പോലീസും ചേർന്ന് രാജസ്ഥാനിൽ നിന്ന് ഇരുവരെയും കണ്ടെത്തി. ഹരീഷിനെ നിലവിലുള്ള ഒരു കേസിൽ അറസ്റ്റ് ചെയ്യുകയും ചന്ദ്രികയെ വീട്ടിലേക്ക് തിരികെ കൊണ്ടുപോവുകയും ചെയ്തു.

ജൂൺ 17-ന് ചന്ദ്രിക ഹരീഷിന് അയച്ച അവസാന ഇൻസ്റ്റാഗ്രാം സന്ദേശം ഇങ്ങനെയായിരുന്നു: “എന്നെ കൂട്ടിക്കൊണ്ടുപോവുക. നിങ്ങൾ വന്നില്ലെങ്കിൽ അവർ എന്നെ കൊല്ലും.”

ഹരീഷ് ഗുജറാത്ത് ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി ഫയൽ ചെയ്തു. എന്നാൽ ചന്ദ്രികയെ കോടതിയിൽ ഹാജരാക്കാൻ നിശ്ചയിച്ച ജൂൺ 27-ന്, അവർ ജൂൺ 25-ന് സ്വാഭാവികമായി മരിച്ചു എന്ന് കുടുംബം കോടതിയെ അറിയിച്ചു. മാനം രക്ഷിക്കാൻ ആത്മഹത്യ ചെയ്തു എന്ന് പറഞ്ഞ് പെട്ടെന്ന് തന്നെ മൃതദേഹം സംസ്കരിക്കാമെന്ന് ചന്ദ്രികയുടെ അച്ഛനും അമ്മാവനും സമുദായക്കാരോട് പറഞ്ഞു. ജൂൺ 25-ന് അതിരാവിലെ തന്നെ മൃതദേഹം സംസ്കരിക്കുകയും ചെയ്തു.