ബംഗളൂരുവിലെ സർക്കാർ ആശുപത്രിയിൽ നിന്ന് അഞ്ചുദിവസം മാത്രം പ്രായമായ നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം പൊളിച്ചു. ജയനഗറില്‍ താമസിക്കുന്ന അസ്മ ഭാനുവിന്റെ കുഞ്ഞിനെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ച ബെംഗളൂരു സ്വദേശികളായ റാഫിയയെയും പ്രായപൂർത്തിയാകാത്ത മറ്റൊരു പെൺകുട്ടിയെയും പൊലീസ് അറസ്റ്റ് ചെയ്തു.
അമ്മയും കുഞ്ഞും ആശുപത്രിയിൽ ചികിത്സയിലിരിക്കേ, ഈ സ്ത്രീകള്‍ അസ്മ ഭാനുവുമായി സൗഹൃദത്തിലാവുകയായിരുന്നു. ശേഷം അമ്മയുടെ കണ്ണ് തെറ്റിയ നേരം റാഫിയ ഒപ്പമുണ്ടായിരുന്ന പെൺകുട്ടിക്കൊപ്പം കുഞ്ഞിനെ എടുത്ത് വേഗത്തില്‍ പുറത്തിറങ്ങാന്‍ ശ്രമിക്കുകയായിരുന്നു. അസ്മയുടെ സഹോദരി സിമ്രാൻ ഇത് കാണുകയും റാഫിയയെ തടഞ്ഞുനിർത്തി ചോദ്യം ചെയ്യുകയുമായിരുന്നു.
സിമ്രാന്റെ അവസരോചിത നീക്കമാണ് കുഞ്ഞിനെ രക്ഷപ്പെടുത്തിയത്. ഉടന്‍ ആശുപത്രി അധികൃതരെ വിവരം അറിയിച്ചതോടെയാണ് പൊലീസെത്തിയത്. സംഭവം നടന്നതിന് പിന്നാലെ അസ്മ ഭാനുവിന്റെ ബന്ധു ആശുപത്രി ജീവനക്കാരെ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസെത്തി പ്രതികളെ അറസ്റ്റ് ചെയ്തു.
കൗമാരക്കാരിക്ക് 13 വയസ്സ് മാത്രമേ ഉള്ളൂവെന്നും ഇടയ്ക്കിടെ തെരുവുകളിലാണ് ജീവിക്കുന്നതെന്നും അതിജീവനത്തിനായി യാചിക്കാറുണ്ടെന്നും പോലീസ് വൃത്തങ്ങൾ പറഞ്ഞു. ചോദ്യം ചെയ്യലിൽ, ഭർത്താവിൽ നിന്ന് വേർപിരിഞ്ഞതായി റാഫിയ പറയഞ്ഞു. അവരുടെ കുട്ടിയുടെ സംരക്ഷണം ഭർത്താവിനാണ്. ഒരു കുഞ്ഞിനായി താൻ കൊതിച്ചിരുന്നുവെന്നും അതിനാലാണ് ആശുപത്രിയിൽ നിന്ന്കുഞ്ഞിനെ മോഷ്ടിക്കാൻ തീരുമാനിച്ചതെന്ന് അവർ പോലീസിനോട് പറഞ്ഞു.
“കുറച്ച് ദിവസങ്ങൾക്ക് മുമ്പ് യാചിക്കുന്നതിനിടെയാണ് കൗമാരക്കാരിയായ പെൺകുട്ടിയെ കണ്ടുമുട്ടിയതെന്നും ഈ കൃത്യത്തില്‍ സഹായിക്കാൻ അവളെ പ്രേരിപ്പിച്ചതായും റാഫിയ പറഞ്ഞു . സഹോദരനൊപ്പം താമസിക്കുന്ന റാഫിയ, ചെറിയ ജോലികൾ ചെയ്തും തെരുവില്‍ യാചിച്ചുമൊക്കെയാണ് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്.
കൗമാരക്കാരിയായ പെൺകുട്ടിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കി, പിന്നീട് പിതാവിന് കൈമാറി. റാഫിയയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു, കുറ്റകൃത്യത്തില്‍ റാഫിയ ഒറ്റയ്ക്കാണോ അതോ വലിയ ശൃംഖലയുടെ ഭാഗമാണോ എന്ന് കണ്ടെത്താൻ കൂടുതൽ അന്വേഷണം നടക്കുന്നു.




