Crime

10 മില്ലി മദ്യം കൈവശംവച്ചതിന്‌ അറസ്‌റ്റ്‌; എസ്‌.ഐയ്‌ക്ക്‌ കോടതിയുടെ രൂക്ഷ വിമര്‍ശനം, ഇത് ബനാന റിപ്പബ്ലിക്കല്ല

മഞ്ചേരി: പത്തു മില്ലി ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം കൈവശംവച്ചതിനു യുവാവിനെ അറസ്‌റ്റ്‌ ചെയ്‌ത പോലീസ്‌ സബ്‌ ഇന്‍സ്‌പെക്‌ടര്‍ക്കു കോടതിയുടെ രൂക്ഷവിമര്‍ശനം. അബ്‌കാരി ആക്‌ട്‌ പ്രകാരം ഒരാള്‍ക്കു മൂന്നു ലിറ്റര്‍ വരെ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം കൈവശംവയ്‌ക്കാമെന്നിരിക്കെ 10 മില്ലി ലിറ്റര്‍ കൈവശംവച്ചതിന്‌ യുവാവിനെ അറസ്‌റ്റ്‌ ചെയ്‌ത വളാഞ്ചേരി പോലീസ്‌ സബ്‌ ഇന്‍സ്‌പെക്‌ടറെയാണ്‌ മഞ്ചേരി ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ്‌ ജഡ്‌ജി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്‌.

തിരൂര്‍ പൈങ്കണ്ണൂര്‍ വാരിയത്തൊടി ധനേഷി(32)നെയാണ്‌ കഴിഞ്ഞ 25ന്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. തുടര്‍ന്ന്‌ ഒരാഴ്‌ചയോളം ധനേഷ്‌ റിമാന്‍ഡില്‍ കിടന്നു. ഇന്നലെ ധനേഷിന്‌ ജാമ്യം അനുവദിച്ചു നല്‍കിയ ഉത്തരവിലാണ്‌ കോടതിയുടെ പരാമര്‍ശം. ബാര്‍ബര്‍ ഷോപ്പ്‌ നടത്തുന്ന ധനേഷ്‌ ഷേവിങ്‌ ലോഷനായി ഉപയോഗിച്ചതായിരിക്കാം ഈ തൊണ്ടി മുതലെന്ന്‌ കോടതി നിരീക്ഷിച്ചു.

യുവാവിനെ അറസ്‌റ്റ്‌ ചെയ്യുന്നതില്‍ അമിതാവേശം കാണിച്ച എസ്‌.ഐയുടെ ഉദ്ദേശ്യശുദ്ധിയില്‍ കോടതി സംശയം പ്രകടിപ്പിച്ചു. ഇത്തരമൊരു അറസ്‌റ്റ്‌ നടന്നിരിക്കുന്നത്‌ ഏതെങ്കിലും ബനാന റിപ്പബ്ലിക്കിലല്ലെന്നും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്താണെന്നും കോടതി ചൂണ്ടിക്കാട്ടി.

അന്വേഷണ ഉദ്യോഗസ്‌ഥന്‍ സംവേദന ക്ഷമതയുള്ളവനായിരിക്കണമെന്നും ഇക്കാര്യം പോലീസിലെ ഉന്നതര്‍ പരിശോധിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.