Crime

ദുര്‍ഗാപുരില്‍ മെഡി. വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചത്‌ ഒരാള്‍ മാത്രം? കാമുകനും സംശയമുനയില്‍

കൊല്‍ക്കത്ത: പശ്‌ചിമ ബംഗാളിലെ ദുര്‍ഗാപുരില്‍ സ്വകാര്യ മെഡിക്കല്‍ കോളജ്‌ വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ വഴിത്തിരിവ്‌. ഒരാള്‍ മാത്രമാണ്‌ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചതെന്ന നിഗമനത്തിലാണ്‌ പോലീസ്‌.

ക്യാംപസിനു സമീപം കാമുകനൊപ്പം ഭക്ഷണം കഴിക്കാന്‍ വെള്ളിയാഴ്‌ച രാത്രി പുറത്തിറങ്ങിയപ്പോഴാണ്‌ ഒഡീഷ സ്വദേശിയായ വിദ്യാര്‍ഥിനി പീഡനത്തിന്‌ ഇരയായത്‌.കോളജ്‌ ഗേറ്റിനു സമീപത്തുവച്ച്‌ അജ്‌ഞാതസംഘം ഇരുവരെയും തടഞ്ഞുനിര്‍ത്തുകയും വിദ്യാര്‍ഥിനിയെ സമീപത്തെ കുറ്റിക്കാട്ടിലേക്കു കൊണ്ടുപോയി കൂട്ടബലാത്സംഗത്തിരിയാക്കി. പെണ്‍കുട്ടിക്ക്‌ ഒപ്പമുണ്ടായിരുന്ന കാമുകന്‍ ഇതിനിടെ ഓടി രക്ഷപ്പെട്ടുവെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്‌. 6 പേരെയാണ്‌ കേസില്‍ അറസ്‌റ്റു ചെയ്‌തത്‌. മൊഴികളില്‍ വൈരുധ്യമുള്ളതായി കണ്ടെത്തിയതിനെ തുടര്‍ന്ന്‌ കാമുകനെയും അറസ്‌റ്റു ചെയ്‌തിരുന്നു.

ഇതുവരെയുള്ള അന്വേഷണവും മെഡിക്കല്‍ റിപ്പോര്‍ട്ടുകളും ഒരാളുടെ മാത്രം പങ്കാളിത്തമാണ്‌ സൂചിപ്പിക്കുന്നതെന്നു പോലീസ്‌ പറഞ്ഞു.
മറ്റുള്ളവരുടെ പങ്ക്‌ പരിശോധിച്ചുവരികയാണ്‌. ഇരയുടെ കാമുകന്‍ സംശയത്തിന്‌ അതീതനല്ലെന്നും പോലീസ്‌ പറഞ്ഞു. സംഭവസമയത്ത്‌ ഇയാള്‍ ധരിച്ചിരുന്ന വസ്‌ത്രങ്ങള്‍ മറ്റ്‌ പ്രതികളുടെ വസ്‌ത്രങ്ങള്‍ക്കൊപ്പം ഫൊറന്‍സിക്‌ പരിശോധനയ്‌ക്ക്‌ അയച്ചിട്ടുണ്ട്‌. ചികിത്സയില്‍ തുടരുന്ന പെണ്‍കുട്ടിയുടെ മൊഴി മജിസ്‌ട്രേറ്റ്‌ രേഖപ്പെടുത്തി. ഇരയും കാമുകനും ക്യാംപസില്‍ നിന്നു പുറത്തു പോകുന്നത്‌ മെഡിക്കല്‍ കോളജിലെ സിസി ടിവി ദൃശ്യങ്ങളിലുണ്ട്‌. തുടര്‍ന്ന്‌ ഇയാള്‍ ഒറ്റയ്‌ക്ക്‌ തിരികെ വന്നു. അല്‍പനേരം ക്യാംപസില്‍ കറങ്ങിനടന്നു. വീണ്ടും തിരിച്ചുപോകുന്നതും അര മണിക്കൂറിനുശേഷം തിരിച്ചെത്തുന്നതും ദൃശ്യങ്ങളിലുണ്ട്‌. ഇത്രയും സമയം കഴിഞ്ഞിട്ടും ഇയാള്‍ വിവരം പോലീസില്‍ അറിയിക്കാത്തതാണ്‌ സംശയത്തിന്‌ ഇടയാക്കുന്നത്‌.

മെഡിക്കല്‍ കോളജിനു സമീപത്തെ കാടുപിടിച്ച പ്രദേശത്തേക്ക്‌ ഭീഷണിപ്പെടുത്തി കൊണ്ടുപോയതിനു ശേഷമായിരുന്നു പീഡനം. വിദ്യാര്‍ഥിനിയുടെ മൊബൈല്‍ ഫോണും പണവും പ്രതികള്‍ കവര്‍ന്നു. പീഡന ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും സൂചനയുണ്ട്‌. പീഡനം നടത്തിയവര്‍ കൂട്ടാളികളെ വിളിച്ചുവരുത്താന്‍ പെണ്‍കുട്ടിയുടെ ഫോണ്‍ ഉപയോഗിച്ചതാണ്‌ അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവായത്‌. ബലാത്സംഗത്തില്‍ കാമുകനും പങ്കുണ്ടെന്നു സംശയിക്കുന്നതായി പെണ്‍കുട്ടിയുടെ പിതാവ്‌ പറഞ്ഞു.