പൂനെ: മഹാരാഷ്ട്രയിലെ ഭുസാവല്‍ എന്ന് ഗൂഗിളില്‍ തിരഞ്ഞാല്‍, ആദ്യം കാണുന്നത് ഭുസാവല്‍ ജംഗ്ഷന്റെ ചിത്രമാണ്. അതായത് നഗരത്തിലെ റെയില്‍വേ സ്റ്റേഷന്റെ ചിത്രം. എന്നാല്‍ ഇത് ഒരു സാധാരണ റെയില്‍വേ സ്റ്റേഷനല്ല. 25,000-ത്തിലധികം റെയില്‍വേ ജീവനക്കാരും അവരുടെ കുടുംബങ്ങളും ഇതുമായി ബന്ധപ്പെട്ട പ്രദേശങ്ങളില്‍ കഴിയുന്നു. ഇവിടുത്തെ ട്രെയിനുകളില്‍ ഒന്നില്‍ എപ്പോഴും വലിയ തിരക്കാണ്. അത് വെറുമൊരു ട്രെയിനല്ല ഈ പ്രദേശത്തെ ആശുപത്രികളില്‍ ഒന്നാണ്.
ഭുസാവല്‍ റെയില്‍വേ ഡിവിഷനിലെ മാനേജറായ ഇത്യ പാണ്ഡെയുടേതാണ് ഈ ഐഡിയ. രാജ്യത്തെ വിവിധ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന റെയില്‍വേ ലൈനുകള്‍ പരിപാലിക്കുന്നതിനായി ആയിരക്കണക്കിന് തൊഴിലാളികള്‍ ഇവിടെ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഇവിടുത്തെ ഏറ്റവും വലിയ പ്രശ്നം ഒരാള്‍ക്ക് ഒരു അസുഖം വന്നാല്‍ പോകാന്‍ ആശുപത്രിയില്ല എന്നതായിരുന്നു.
ജീവനക്കാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വൈദ്യസഹായം ലഭിക്കാന്‍ ഒരുപാട് ദൂരം യാത്ര ചെയ്യണമായിരുന്നു. പലര്‍ക്കും അവശ്യ ആരോഗ്യ സംരക്ഷണമോ ആരോഗ്യ പ്രശ്നങ്ങള്‍ വഷളാകുന്നത് തടയാന്‍ സമയബന്ധിത രോഗനിര്‍ണ്ണയമോ ലഭിച്ചിരുന്നില്ല. ആരോഗ്യ വിദഗ്ദ്ധരുടെ കുറവും പ്രശ്നം കൂടുതല്‍ വഷളാക്കി.
ഇതോടെയാണ് ഒരു പഴയ ഫസ്റ്റ് ക്ലാസ് ട്രെയിന്‍ കോച്ചില്‍ ഇസിജി സ്റ്റേഷന്, രക്ത ശേഖരണ-ലാബ് ഉപകരണങ്ങള്‍, ഗൈനക്കോളജി സൗകര്യങ്ങള്‍, ചികിത്സാ മുറികള്‍ എന്നിവ സജ്ജീകരിച്ചത്. വെളുത്ത നിറം പൂശി പൂക്കളാല്‍ അലങ്കരിച്ച ഈ കോച്ച് ഭുസാവല്‍ റെയില്‍വേ ഡിവിഷനില്‍ ഉടനീളം സഞ്ചരിച്ച് റെയില്‍വേ തൊഴിലാളികളുടെ വലിയ കൂട്ടത്തിന് വൈദ്യസഹായം നല്കുന്നു.
‘രുദ്ര’ എന്ന് പേരിട്ടിരിക്കുന്ന ഈ കോച്ചില്‍ ചികിത്സ തേടുന്ന ഓരോ രോഗിക്കും ഒരു പ്രത്യേക ഐഡി നല്കുന്നു. ഇത് ഭുസാവലിലെ ഡിവിഷണല്‍ റെയില്‍വേ ആശുപത്രിയില്‍ ഒരു രോഗിയുടെ ഫയല്‍ ഉണ്ടാക്കാന്‍ സഹായിക്കുന്നു. രോഗിക്ക് വീണ്ടും ഒരു പരിശോധന ആവശ്യമാണെങ്കില്‍, അടുത്ത തവണ രുദ്ര വരുന്നത് വരെ കാത്തുനില്‍ക്കാതെ അവര്‍ക്ക് നഗരം സന്ദര്‍ശിച്ച് രോഗനിര്‍ണ്ണയവും പേപ്പര്‍വര്‍ക്കുകളും ഒഴിവാക്കാം. ദിവസവും 259 പേര്‍ക്ക് രുദ്ര ആവശ്യമായ ആരോഗ്യ സേവനങ്ങള്‍ നല്കുന്നു.




