Crime

പോക്‌സോയില്‍ വയോധികന്‍ 285 ദിവസം ജയിലില്‍, ഉപദ്രവിച്ചത് കാമുകന്‍, മൊഴിമാറ്റത്തില്‍ പുറത്തിറങ്ങി

പോക്‌സോ കേസില്‍ 285 ദിവസം ജയിലില്‍ കഴിഞ്ഞ വയോധികനെ കോടതി വെറുതെ വിട്ടു. ആലപ്പുഴ ആറാട്ടുവഴി വാര്‍ഡ്‌ മുല്ലശേരി വീട്ടില്‍ എം.ജെ. ജോസഫിനെ (75) യാണ്‌ കുറ്റം ചെയ്‌തിട്ടില്ലെന്നു കണ്ടെത്തി ആലപ്പുഴ പോക്‌സോ കോടതി ജഡ്‌ജിയും അഡീഷണല്‍ സെഷന്‍സ്‌ കോടതി (ഒന്ന്‌) ജഡ്‌ജിയുമായ റോയ്‌ വര്‍ഗീസ്‌ വെറുതെ വിട്ടത്‌.

സ്‌കൂളില്‍ സെക്യൂരിറ്റി ജോലി ചെയ്‌തിരുന്ന വയോധികന്‍ വിദ്യാര്‍ഥിനിയെ ശാരീരികമായി ഉപദ്രവിച്ചെന്നായിരുന്നു ആലപ്പുഴ നോര്‍ത്ത്‌ പോലീസ്‌ രജിസ്‌റ്റര്‍ ചെയ്‌ത കേസ്‌. വിദ്യാര്‍ഥിനിയുടെ പിതാവ്‌ ഉപേക്ഷിച്ചു പോയിരുന്നു. ഭാര്യ മരിച്ച ജോസഫ്‌ അമ്മയുമായി പരിചയപ്പെട്ടശേഷം വീട്ടില്‍ സഹായം ചെയ്‌തിരുന്നെന്നും തന്നെ ഉപദ്രവിച്ചെന്നും ഗര്‍ഭിണിയായെന്നും കൂട്ടുകാരോട്‌ വിദ്യാര്‍ഥിനി പറഞ്ഞു. തുടര്‍ന്ന്‌ പോലീസ്‌ ജോസഫിനെ അറസ്‌റ്റ് ചെയ്യുകയായിരുന്നു.

കുറ്റപത്രം സമര്‍പ്പിച്ചപ്പോള്‍ കുട്ടി ഗര്‍ഭിണിയാണെന്ന ആരോപണം ഒഴിവാക്കി. വിചാരണവേളയില്‍ പ്രതിഭാഗം ക്രോസ്‌വിസ്‌താരം നടത്തിയപ്പോള്‍ തെറ്റുപറ്റിയെന്നും പ്രതി ശാരീരികമായി ഉപദ്രവിച്ചിട്ടില്ലെന്നും കുട്ടി കോടതിയില്‍ മൊഴിനല്‍കുകയായിരുന്നെന്ന്‌ പ്രതിഭാഗം അഭിഭാഷകരായ പി.പി. ബൈജു, ഇ.ഡി. സഖറിയാസ്‌ എന്നിവര്‍ പറഞ്ഞു.കാമുകനുണ്ടായിരുന്നെന്നും അയാളാണ്‌ ഉപദ്രവിച്ചതെന്നുമായിരുന്നു കുട്ടിയുടെ മൊഴി. ഇതിന്റെ അടിസ്‌ഥാനത്തില്‍ കേസ്‌ പുനരന്വേഷിക്കാന്‍ കോടതി നിര്‍ദേശം നല്‍കി.

അന്വേഷണം നടത്തിയ പോലീസ്‌ കാമുകനെതിരേ മറ്റൊരു കേസെടുത്ത്‌ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. എന്നാല്‍ ജോസഫിനെതിരേയുള്ള കേസ്‌ പോലീസ്‌ അവസാനിപ്പിച്ചില്ല. രണ്ടാമത്‌ കുട്ടിയെ വിസ്‌തരിച്ചപ്പോഴും മുമ്പുനല്‍കിയ മൊഴി ആവര്‍ത്തിക്കുകയായിരുന്നു. തുടര്‍ന്ന്‌ മറ്റു സാക്ഷികളുടെ വിസ്‌താരം പൂര്‍ത്തിയാക്കിയ കോടതി കുറ്റക്കാരനല്ലെന്നു കണ്ട്‌ ജോസഫിനെ വെറുതെ വിടുകയായിരുന്നു.