മധുവിധു യാത്രയ്ക്കിടെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി സോനം രഘുവംശി പോലീസിന് മുന്നില്‍ കുറ്റസമ്മതം നടത്തിയതായി റിപ്പോര്‍ട്ട്. പ്രത്യേക അന്വേഷണസംഘത്തിന് മുന്നില്‍ പൊട്ടിക്കരഞ്ഞുകൊണ്ടാണ് സോനം കുറ്റംസമ്മതിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍. കാമുകനൊപ്പം ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്താനുള്ള പദ്ധതി ആസൂത്രണംചെയ്തതിലും തനിക്ക് പങ്കുണ്ടെന്നും സോനം പോലീസിനോട് സമ്മതിച്ചു.
പ്രാഥമിക ചോദ്യംചെയ്യലില്‍ പ്രതി കുറ്റംസമ്മതിച്ചിരുന്നില്ല. പിന്നീട് മേഘാലയ പോലീസിന്റെ പ്രത്യേക അന്വേഷണസംഘം നടത്തിയ ചോദ്യംചെയ്യലിലും കവര്‍ച്ചാശ്രമത്തിനിടെ നടന്ന കൊലപാതകമെന്നാണ് പ്രതി ആവര്‍ത്തിച്ചത്. പക്ഷേ, പോലീസ് സംഘം തെളിവുകള്‍ നിരത്തി ചോദ്യംചെയ്യല്‍ തുടര്‍ന്നതോടെ സോനത്തിന് പിടിച്ചുനില്‍ക്കാനായില്ല. തുടര്‍ന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ഭര്‍ത്താവിനെ കൊലപ്പെടുത്തിയത് ഏറ്റുപറയുകയായിരുന്നു.
എന്നാല്‍ രാജ രഘുവംശിയെ കൊലപ്പെടുത്തിയതായി സോനം സമ്മതിച്ചുവെന്ന റിപ്പോർട്ടുകൾ പൂര്‍ണമായും ശരിയല്ലെന്ന് ഈസ്റ്റ് ഖാസി ഹിൽസ് അഡീഷണൽ എസ്പി ആശിഷ് പറഞ്ഞു. എന്നാല്‍ കൊലപാതകത്തില്‍ അവര്‍ പ്രതിയാകാന്‍ സാദ്ധ്യത പോലീസ് തള്ളിക്കളഞ്ഞിട്ടുമില്ല.
ഇതിനിടെ വീട്ടുകാരുടെ സമ്മര്‍ദത്തെ തുടര്‍ന്നാണു സോനം രാജയെ വിവാഹം ചെയ്യാന്‍ സമ്മതിച്ചതെന്നു ബന്ധു വിപിന്‍ മൊഴി നല്കി.
രാജ് കുശ്വാഹയുമായി സോനം പ്രണയത്തിലായിരുന്നതായി വിപിന്റെ മൊഴിയിലുണ്ട്. രാജാ രഘുവംശിയെ വിവാഹം കഴിക്കാന്‍ താത്പര്യമില്ലെന്ന് സോനം പറഞ്ഞു.
എന്നാല്‍, അമ്മ മകളുടെ പ്രണയത്തെ അംഗീകരിച്ചില്ല. രാജാ രഘുവംശിയെ വിവാഹം കഴിക്കാനും നിര്‍ബന്ധിച്ചു. ഒടുവില്‍ സോനം അമ്മയുടെ നിര്‍ബന്ധത്തിന് വഴങ്ങിയെങ്കിലും വിവാഹത്തിന് മുന്‍പ് അമ്മയെ ഭീഷണിപ്പെടുത്തിയിരുന്നു. ‘ഞാന്‍ അയാളോട് ചെയ്യാന്‍പോകുന്നത് എന്താണെന്ന് നിങ്ങള്‍ കാണുമെന്നും എല്ലാവരും അനുഭവിക്കും’ എന്നുമായിരുന്നു സോനത്തിന്റെ ഭീഷണി. എന്നാല്‍, ആ ഭീഷണി രാജാ രഘുവംശിയെ കൊലപ്പെടുത്തുമെന്നുള്ള ഭീഷണിയാണെന്ന് കരുതിയില്ലെന്നും വിപിന്‍ രഘുവംശി പ്രതികരിച്ചു.
അതേ സമയം, സോനയെ കുടുംബത്തില്‍നിന്നു പുറത്താക്കിയതായി സഹോദരന് ഗോവിന്ദ് അറിയിച്ചു. രാജിന്റെ വീട് സന്ദര്‍ശിച്ച അയാള്‍ അമ്മ ഉമയെ ആശ്വസിപ്പിച്ചു. കേസില്‍ നിര്‍ണായക തെളിവ് ലഭിച്ചതായി പോലീസ് അറിയിച്ചു. പ്രതി ആകാശിന്റെ ഷര്‍ട്ടില്‍ പറ്റിയ രക്തക്കറ ഫൊറന്‍സിക് പരിശോധനയില്‍ രാജ രാഘവന്ഷിയുടേതാണു സ്ഥിരീകരിച്ചു. ആയുധമായ ഖുക്രി (വളഞ്ഞ അരിവാള്‍) കണ്ടെത്തിയിട്ടുണ്ട്.




