Featured The Origin Story

എന്താണ് സിന്ധു നദീജല ഉടമ്പടി ?ഇന്ത്യയെയും പാകിസ്ഥാനെയും എങ്ങനെ ബാധിക്കും?

പല്‍ഹഗാം ഭീകരാക്രമണത്തോടെ അപ്രതീക്ഷിതമായി ശ്രദ്ധനേടിയിരിക്കുകയാണ് സിന്ധു നദീജല ഉടമ്പടി. ചൊവ്വാഴ്ച 26 പേര്‍ കൊല്ലപ്പെട്ട പഹല്‍ഗാം കൂട്ടക്കൊലയുടെ പശ്ചാത്തലത്തില്‍ സിന്ധു നദീജല ഉടമ്പടി താല്‍ക്കാലികമായി നിര്‍ത്തിവച്ചുകൊണ്ട് ഇന്ത്യ പാകിസ്ഥാന് ശക്തമായ സൂചനകള്‍ നല്‍കി. എന്നാല്‍ ഇന്ത്യ നടത്തുന്ന നീക്കങ്ങള്‍ ഏത് രീതിയിലാണ് പാകിസ്താന് തിരിച്ചടിയാകുക?

സിന്ധു നദീജല ഉടമ്പടി എന്താണ്?

ലോകബാങ്കിന്റെ മധ്യസ്ഥതയില്‍ 1960 സെപ്റ്റംബര്‍ 19 ന് ഇന്ത്യയും പാകിസ്ഥാനും ഒപ്പുവച്ച ഒരു ജല പങ്കിടല്‍ കരാറാണ് ഇത്. ഇരു രാജ്യങ്ങളിലൂടെയും ഒഴുകുന്ന ആറ് നദികളുടെ ഉപയോഗം കരാറില്‍ വിശദമായി പ്രതിപാദിക്കുന്നു. കരാര്‍പ്രകാരം പടിഞ്ഞാറന്‍ നദികളായ സിന്ധു, ഛലം, ചെനാബ് എന്നിവയുടെ ഭരണം പാകിസ്ഥാന് ലഭിച്ചപ്പോള്‍, രവി, ബിയാസ്, സത്ലജ് എന്നിങ്ങനെയുള്ള കിഴക്കന്‍ നദികളുടെ നിയന്ത്രണം ഇന്ത്യയ്ക്ക് ലഭിച്ചു. സിന്ധു നദീജല വ്യവസ്ഥയുടെ ഏകദേശം 80% അഥവാ 135 ദശലക്ഷം ഏക്കര്‍ അടി അഥവാ 167 ബില്യണ്‍ ക്യുബിക് മീറ്റര്‍ വെള്ളം പാകിസ്ഥാനും 20% അഥവാ ഏകദേശം 33 ദശലക്ഷം ഏക്കര്‍ അടി അഥവാ 41 ബില്യണ്‍ ക്യുബിക് മീറ്റര്‍ വെള്ളം ഇന്ത്യയ്ക്കും അനുവദിക്കുന്നു.

പാകിസ്ഥാനെ ഇത് എങ്ങനെ ബാധിക്കും

പഞ്ചാബിലെയും സിന്ധിലെയും കൃഷിക്കാര്‍ ജലസേചനത്തിനായി സിന്ധു നദീജല സംവിധാനത്തെ വളരെയധികം ആശ്രയിക്കുന്നതിനാല്‍, കരാര്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നത് അതിനെ സാരമായി ബാധിക്കാന്‍ സാധ്യതയുണ്ട്. വേനല്‍ക്കാലവും തുടര്‍ന്നുള്ള കൃഷി കാലവും ഇസ്ലാമാബാദിന് പ്രത്യേകിച്ച് കഠിനമായേക്കാം. പടിഞ്ഞാറന്‍ നദികളില്‍ നിര്‍മ്മിച്ച ജലസംഭരണികളില്‍ നിന്ന് ഇന്ത്യ വെള്ളം തുറന്നുവിട്ടാല്‍, പാകിസ്ഥാന്‍ പഞ്ചാബിലെ താഴ്ന്ന പ്രദേശങ്ങളെ വെള്ളപ്പൊക്കം ബാധിക്കും. 2022 ല്‍ പാകിസ്ഥാ വിനാശകരമായ വെള്ളപ്പൊക്കം അനുഭവിക്കേണ്ടി വരികയും അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും അന്താരാഷ്ട്ര സമൂഹത്തോട് സഹായം തേടേണ്ടി വരികയും ചെയ്തിരുന്നു.

കരാര്‍ നിര്‍ത്തിയതോടെ സിന്ധു, ഝലം, ചെനാബ് എന്നീ നദികള്‍ ഉപയോഗിക്കുന്നതില്‍ ഇന്ത്യയ്ക്ക് ഇനി നിയന്ത്രണമുണ്ടാകില്ല. പാകിസ്ഥാനെ പ്രതികൂലമായി ബാധിക്കുന്ന ഈ നദികളില്‍ ഇന്ത്യയ്ക്ക് അണക്കെട്ടുകളും ജലസംഭരണികളും നിര്‍മ്മിക്കാന്‍ കഴിയും. എന്നിരുന്നാലും, ഇതിന് വര്‍ഷങ്ങളും വന്‍തോതിലുള്ള നിക്ഷേപവും ആവശ്യമായി വരും, അതിനാല്‍ അത് ഉടനടി ആഘാതം ഉണ്ടാക്കില്ല.

ഇന്ത്യയെ എങ്ങനെ ബാധിക്കും?

പഞ്ചാബിന്റെ ഇന്ത്യന്‍ ഭാഗം ജലസേചനത്തിനും ജലവൈദ്യുതിക്കും വേണ്ടി രവി, ബിയാസ്, സത്‌ലജ് എന്നീ കിഴക്കന്‍ നദികളെ വളരെയധികം ആശ്രയിക്കുന്നതിനാല്‍, ഭക്ര അണക്കെട്ട് (സത്‌ലജ്), പോങ് അണക്കെട്ട് (ബിയാസ്), തെയിന്‍ അണക്കെട്ട് (രവി), അടുത്തിടെ പൂര്‍ത്തിയായ ഷാപുര്‍കണ്ടി തടയണ (രവി) തുടങ്ങിയ പദ്ധതികള്‍ കൂടുതല്‍ വെള്ളം ഉപയോഗിക്കാന്‍ കഴിയുന്നതിനാല്‍ അവയ്ക്ക് അനുകൂലമായ അവസ്ഥയിലായിരിക്കും. ഇന്ദിരാഗാന്ധി കനാലിലും സിര്‍ഹിന്ദ് കനാലിലും നിന്ന് കൃഷിക്ക് പഞ്ചാബിന് കൂടുതല്‍ നേട്ടങ്ങള്‍ ലഭിക്കും.

ആവാസവ്യവസ്ഥയിലും കാലാവസ്ഥയിലും ആഘാതം

ഇന്ത്യ സിന്ധു, ഛലം, ചെനാബ് നദികളുടെ ഒഴുക്ക് മാറ്റിക്കൊണ്ട് അവയെ ഉപയോഗപ്പെടുത്താന്‍ തീരുമാനിച്ചാല്‍, അത് ജല ആവാസവ്യവസ്ഥയെയും പഞ്ചാബിലെ ഹരികെ തണ്ണീര്‍ത്തടത്തെയും തടസ്സപ്പെടുത്തിയേക്കാം. ലോകത്തിലെ രണ്ടാമത്തെ ഏറ്റവും സമ്മര്‍ദ്ദമുള്ള ജലസംഭരണിയായി കണക്കാക്കപ്പെടുന്ന സിന്ധു നദീതടത്തില്‍ ഹിമാനികള്‍ ഉരുകുന്നത് കാലാവസ്ഥാ വ്യതിയാനം ഇതിനകം തന്നെ ദീര്‍ഘകാല ജല സുരക്ഷയെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്.

അന്താരാഷ്ട്ര ബന്ധങ്ങള്‍

തെക്കുകിഴക്കന്‍ ഏഷ്യയിലെ നദികളുടെ പൊതുവായ ഉപയോഗത്തിനുള്ള ഒരു മാതൃകയായി സിന്ധു നദീജല ഉടമ്പടി കണക്കാക്കപ്പെടുന്നു. അതിനാല്‍ ഇന്ത്യയുമായി നദികള്‍ പങ്കിടുന്ന ബംഗ്ലാദേശ്, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങള്‍ ഭാവിയിലെ ജല കരാറില്‍ ശക്തമായി വിലപേശല്‍ നടത്താനുള്ള സാഹചര്യമുണ്ട്.