ഐപിഎൽ 2026 സീസണിൽ ചെന്നൈ സൂപ്പർ കിങ്‌സിനായി ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ താരമാണ് അൻഷുൽ കാംബോജ്. സീസണിലുടനീളം 19 വിക്കറ്റുകളുമായി ചെന്നൈയുടെ മികച്ച ബൗളര്‍. എന്നാൽ വെള്ളിയാഴ്ച ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെ നടന്ന സീസണിലെ പന്ത്രണ്ടാം മത്സരത്തിൽ അത്ര സുഖകരമല്ലാത്ത ഒരു റെക്കോർഡിലാണ് താരം പേരുചേർത്തത്.
ഒരു ഐപിഎൽ ഇന്നിങ്‌സിൽ എട്ട് സിക്‌സറുകൾ വഴങ്ങുന്ന ചരിത്രത്തിലെ രണ്ടാമത്തെ ബൗളറായി കാംബോജ് മാറി. ഇതിനുമുമ്പ് 2023-ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസ് താരം യഷ് ദയാലാണ് എട്ട് സിക്‌സറുകൾ വഴങ്ങിയ മറ്റൊരു ബൗളർ.
ലഖ്‌നൗ ഏകാന സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ചെന്നൈക്കായി 2.4 ഓവർ പന്തെറിഞ്ഞ കാംബോജ് 63 റൺസാണ് വിട്ടുനൽകിയത്. 23.60 എന്ന ഇക്കോണമി റേറ്റിൽ പന്തെറിഞ്ഞ താരം, ഐപിഎൽ ചരിത്രത്തിൽ രണ്ടിലധികം ഓവർ എറിഞ്ഞ ബൗളർമാരിൽ ഏറ്റവും മോശം ഇക്കോണമി റേറ്റ് എന്ന റെക്കോർഡ് സ്വന്തമാക്കി. സ്വന്തം ടീമംഗമായ ഖലീൽ അഹമ്മദ് മുൻപ് കുറിച്ച (3 ഓവറിൽ 65 റൺസ്, 21.33 ഇക്കോണമി) റെക്കോർഡാണ് താരം മറികടന്നത്.
ലഖ്‌നൗവിന്റെ വിജയലക്ഷ്യം പിന്തുടരുന്നതിനിടയിൽ താരം എറിഞ്ഞ 16 പന്തുകളിൽ 11 എണ്ണവും ഫോറോ സിക്‌സോ ആയി അതിർത്തി കടന്നു. ഐപിഎൽ ചരിത്രത്തിൽ കുറഞ്ഞത് രണ്ട് ഓവറെങ്കിലും എറിഞ്ഞ സ്പെല്ലുകളിൽ, ബൗണ്ടറികൾ വഴങ്ങിയ ശതമാനക്കണക്കിൽ വാഷിംഗ്ടൺ സുന്ദറിന് തൊട്ടുപിന്നാലെ രണ്ടാം സ്ഥാനത്താണ് ഇപ്പോൾ കാംബോജ്.
ഐപിഎൽ മത്സരത്തിൽ മൂന്നോ അതിൽ താഴെയോ ഓവർ പന്തെറിഞ്ഞ് 60 റൺസിന് മുകളിൽ വഴങ്ങുന്ന രണ്ടാമത്തെ താരം എന്ന റെക്കോർഡും കാംബോജിന്റെ പേരിലായി. 2025-ൽ ബംഗളൂരുവിനെതിരെ 65 റൺസ് വഴങ്ങിയ ഖലീൽ അഹമ്മദാണ് ഈ പട്ടികയിലുള്ള മറ്റൊരു താരം. സീസണിലുടനീളം മികച്ച പ്രകടനം നടത്തിയ കാംബോജിനെ സംബന്ധിച്ചിടത്തോളം ഈ മത്സരം വലിയ തിരിച്ചടിയായി മാറി.




